ആരോഗ്യകരമായ ദഹനത്തിന് ഭക്ഷണത്തിന് ശേഷം ഈ അഞ്ച് കാര്യങ്ങൾ ഒഴിവാക്കണം.(Habits to Avoid After Meals)

Habits to Avoid After Meals

ക്ഷണം കഴിച്ചതിന് ശേഷം നമ്മൾ ചെയ്യുന്ന ചില ചെറിയ ശീലങ്ങൾ പോലും ദഹനത്തെയും ശരീരത്തിൻ്റെ മെറ്റബോളിസത്തെയും ബാധിക്കാം. പ്രത്യേകിച്ച് ഓണക്കാലം കൂടിയാകുമ്പോൾ സദ്യ പോലെ കലോറി കൂടിയ ഭക്ഷണങ്ങളാകും കൂടുതൽ കഴിക്കുക. ഭക്ഷണം കഴിച്ചയുടൻ കിടക്കുക, കഠിനമായ വ്യായാമം ചെയ്യുക തുടങ്ങിയവ ചിലർക്ക് അസ്വസ്ഥതകൾ ഉണ്ടാക്കാം.

ആരോഗ്യകരമായ ദഹനത്തിന് ഭക്ഷണത്തിന് ശേഷം ഈ അഞ്ച് കാര്യങ്ങൾ ഒഴിവാക്കണം.

ഉച്ചമയക്കം ഒഴിവാക്കാം (Habits to Avoid After Meals)

സദ്യ, ബിരിയാണി പോലെ കലോറി കൂടുതൽ അടങ്ങിയ ഭക്ഷണം കഴിച്ച ശേഷം ഒന്ന് മയങ്ങിയാൽ കൊള്ളാമെന്ന് തോന്നുക സ്വാഭാവികമാണ്. എന്നാൽ ഭക്ഷണം കഴിച്ച പിന്നാലെ കിടക്കുന്നത് നെഞ്ചെരിച്ചിൽ, അസിഡിറ്റി, ദഹനക്കേട്, പുളിച്ചുതികട്ടൽ എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കും.

കിടക്കുമ്പോൾ ഗുരുത്വാകർഷണത്തിന്റെ എതിരായി ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുന്നതാണ് കാരണം. മാത്രമല്ല, ഇത് ശരീരത്തിന് ആവശ്യമായ കലോറി എരിച്ചുകളയുന്നതിൽ തടസ്സമുണ്ടാക്കുന്നു.

കുളിക്കരുത് (Habits to Avoid After Meals)

കഴിച്ചിട്ടു കുളിക്കുന്നവനെ കണ്ടാൽ തൊഴിക്കണമെന്നൊരു ചൊല്ലുണ്ട്. മനുഷ്യശരീരത്തിലെ ദഹന എൻസൈമുകളും കുടലിലെ ഗുണകരമായ ബാക്ടീരിയകളും ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്നത് സാധാരണ ശരീര താപനിലയിലാണ്. കുളിക്കുമ്പോൾ ശരീരം തണുക്കുന്നതോടെ ദഹനവും മെറ്റബോളിസവും സാവധാനത്തിലാകുന്നു.

മാത്രമല്ല, ഭക്ഷണത്തെ ദഹിപ്പിക്കാൻ ശരീരം ആമാശയത്തിലേക്കും കുടലിലേക്കും രക്തയോട്ടം വർധിപ്പിക്കും. കുളിക്കുമ്പോൾ രക്തയോട്ടം ചർമ ഉപരിതലത്തിലേക്ക് വ്യതിചലിക്കുന്നു. ഇത് കുടലിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ദഹനം മന്ദഗതിയിലാക്കുകയും ചെയ്യുന്നു.

കടുത്ത വ്യായാമങ്ങൾ പാടില്ല(Habits to Avoid After Meals)

ഭക്ഷണം കഴിച്ച് ഒന്നര-രണ്ട് മണിക്കൂർ കഴിയാതെ കഠിനമായ വ്യായാമങ്ങൾ ചെയ്യരുത്. വ്യായാമം ചെയ്യുമ്പോൾ രക്തം പ്രധാനമായും പേശികളിലേക്ക് തിരിയുന്നു. ഇത് ദഹനത്തെ തടസ്സപ്പെടുത്തുകയും വയറുവേദനയ്ക്കും ദഹനക്കുറവിനും കാരണമാകുകയും ചെയ്യും. വയറുനിറയെ ഭക്ഷണം കഴിച്ച് ഉടൻ വ്യായാമം ചെയ്യുമ്പോൾ ആമാശയത്തിലെ ആഹാരം മുകളിലേക്ക് തള്ളിവരാൻ സാധ്യതയുണ്ട്.

ഇത് ഓക്കാനം, ഛർദ്ദി, തലകറക്കം എന്നിവക്ക് ഇടയാക്കും. കൂടാതെ ആഹാരം ദഹിപ്പിക്കാൻ ശ്രമിക്കുന്ന ശരീരത്തിന് വ്യായാമത്തിലൂടെ കൂടുതൽ ഊർജ്ജം ഉപയോഗിക്കുന്നത് കടുത്ത ക്ഷീണത്തിനും മടുപ്പിനും വഴിവെക്കാം.

പഴങ്ങളും മധുരവും കഴിക്കരുത്

ഭക്ഷണത്തിന് ശേഷം പഴങ്ങളും മധുരവും കഴിക്കരുത്. പഴങ്ങൾ വളരെ വേഗത്തിൽ ദഹിക്കുന്ന ഭക്ഷ്യവിഭാഗത്തിൽ പെടുന്നതാണെങ്കിലും ഭക്ഷണത്തിന് മുമ്പ് കഴിക്കുന്നതാണ് നല്ലത്. കാരണം പഴങ്ങളിൽ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിൽ നിന്ന് ശരീരത്തിന് ആവശ്യമായ ഊർജവും ധാരാളം പോഷകങ്ങളും ലഭിക്കും.

എന്നാൽ ചോറോ ബിരിയാണിയോ പോലുള്ള ആഹാരം കഴിച്ച് ഉടൻ പഴങ്ങൾ കഴിക്കുമ്പോൾ, അവ ആമാശയത്തിൽ ദഹിക്കാതെ മറ്റ് ആഹാരത്തോടൊപ്പം തങ്ങിനിൽക്കുന്നു. ഇത് പഴങ്ങൾ പുളിച്ച് തികട്ടുന്നതിനും ഗ്യാസ്, വയറു വീർക്കൽ, ദഹനക്കുറവ് എന്നിവക്കും കാരണമാകുന്നു.

തണുത്ത വെള്ളം കുടിക്കരുത്

നാം ഭക്ഷണം കഴിക്കുമ്പോൾ ശരീരം ചൂടാവുകയും ദഹനം സുഗമമായി നടക്കുകയും ചെയ്യും. ഈ സമയത്ത് തണുത്ത വെള്ളം കുടിക്കുമ്പോൾ ആമാശയത്തിലെ താപനില പെട്ടെന്ന് താഴ്ന്ന് പോവുകയും ദഹനരസങ്ങളുടെയും എൻസൈമുകളുടെയും പ്രവർത്തനക്ഷമത കുറയ്ക്കുകയും ദഹനം മന്ദഗതിയിലാക്കുകയും ചെയ്യും. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന എണ്ണയോ നെയ്യോ പോലുള്ള കൊഴുപ്പുകൾ തണുത്ത വെള്ളം അകത്തുചെല്ലുമ്പോൾ കൂടുതൽ കട്ടപിടിക്കാൻ സാധ്യതയുണ്ട്. ഇത് ആഹാരം ദഹിക്കുന്നത് വളരെ പ്രയാസകരമാക്കും.