സിഗ്നൽ ലഭിക്കുമ്പോഴേക്കും ശരീരത്തിൽ ചെറിയ തോതിലുള്ള നിർജലീകരണം ആരംഭിച്ചിട്ടുണ്ടാകും.

ശരീരത്തിന് ജലാംശം എത്രത്തോളം പ്രധാനമാണെന്ന് പറയേണ്ടതില്ലല്ലോ. ഏത് കാലാവസ്ഥയാണെങ്കിലും ശരീരത്തിന് മതിയായ അളവിൽ വെള്ളം കിട്ടിയില്ലെങ്കിൽ അവയവങ്ങളുടെ പ്രവർത്തനങ്ങളാകെ തകരാറിലാകും. എന്നാൽ ചിലർ ദാഹിക്കുമ്പോൾ മാത്രമാണ് വെള്ളം കുടിക്കുന്നതിനെ കുറിച്ച് ചിന്തിക്കുക. ആ ശീലം ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
നമ്മുടെ ശരീരത്തിന്‍റെ ഏകദേശം 60 ശതമാനവും വെള്ളമാണ്. ശരീര താപനില നിയന്ത്രിക്കുക, പോഷകങ്ങൾ കോശങ്ങളിലെത്തിക്കുക, ദഹനപ്രക്രിയ സുഗമമാക്കുക, സന്ധികളുടെ പ്രവർത്തനം നിലനിർത്തുക, വൃക്കകളിലൂടെ മാലിന്യങ്ങൾ പുറന്തള്ളുക തുടങ്ങി ശരീരത്തിലെ മിക്ക പ്രവർത്തനങ്ങൾക്കും ജലാംശം നിബന്ധമാണ്. ശരീരത്തിലെ ജലാംശത്തിന്റെ അളവു കുറഞ്ഞു തുടങ്ങുമ്പോൾ മസ്തിഷ്കത്തിലെ ഹൈപ്പോതാലാമസ് എന്ന ഭാഗമാണ് ദാഹത്തിന്‍റെ സിഗ്നൽ നൽകുന്നത്.
എന്നാൽ ഈ സിഗ്നൽ ലഭിക്കുമ്പോഴേക്കും ശരീരത്തിൽ ചെറിയ തോതിലുള്ള നിർജലീകരണം ആരംഭിച്ചിട്ടുണ്ടാകാമെന്നാണ് പഠനങ്ങൾ വിശദീകരിക്കുന്നത്. അതുകൊണ്ടു തന്നെ ദാഹം തോന്നുന്നത് വരെ കാത്തിരിക്കാതെ ഇടവേളകളിൽ വെള്ളം കുടിക്കുന്നതാണ് കൂടുതൽ ആരോഗ്യകരമായ ശീലം. വായ വരളുക, ക്ഷീണം, തലവേദന, തലകറക്കം, ശ്രദ്ധക്കുറവ്, മൂത്രത്തിന്റെ നിറം കടുംമഞ്ഞയാകുക, മൂത്രത്തിന്റെ അളവ് കുറയുക എന്നിവ ശരീരത്തിൽ ജലാംശം കുറയുന്നതിന്റെ ആദ്യ സൂചനകളാകാമെന്ന് വിദഗ്ധർ പറയുന്നു. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്.
ഒരാൾ എത്ര അളവിൽ വെള്ളം കുടിക്കണം(Water Drinking Habits)

പ്രായം, ശരീരഭാരം, കാലാവസ്ഥ, ശാരീരിക അധ്വാനം, ആരോഗ്യസ്ഥിതി, ഗർഭധാരണം, മുലയൂട്ടൽ തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ച് ശരീരത്തിന് ആവശ്യമായ ജലത്തിന്റെ അളവ് വ്യത്യാസപ്പെട്ടിരിക്കാം. ദിവസവും എട്ട് ഗ്ലാസ് വെള്ളമെന്നതാണ് സാധാരണ ആരോഗ്യവിദഗ്ധർ നിർദേശിക്കാറ്.
വേനൽക്കാലത്തും കഠിനമായ ശാരീരിക അധ്വാനത്തിനിടയിലും ശരീരത്തിൽ നിന്ന് വിയർപ്പിലൂടെ കൂടുതൽ വെള്ളം നഷ്ടപ്പെടുന്നതിനാൽ അത്തരം സാഹചര്യങ്ങളിൽ ജലത്തിന്റെ അളവ് വർധിപ്പിക്കേണ്ടതുണ്ടെന്നും വിദഗ്ധർ പറയുന്നു. ദീർഘനേരം വ്യായാമം ചെയ്യുന്നവർക്കോ കഠിനമായ ജോലികളിൽ ഏർപ്പെടുന്നവർക്കോ ചില സാഹചര്യങ്ങളിൽ ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങളും ആവശ്യമായി വന്നേക്കാം.
ഒറ്റയടിക്ക് വെള്ളം കുടിക്കരുത്(Water Drinking Habits)

പലരും പകൽ വെള്ളം കുടിക്കാൻ മറന്ന്, വൈകുന്നേരം മൂന്നും നാലും ഗ്ലാസ് വെള്ളം ഒറ്റയടിക്ക് കുടിക്കുന്ന ശീലമുണ്ട്. എന്നാൽ അത് ആരോഗ്യത്തിന് ദോഷകരമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഒറ്റയടിക്ക് അമിത അളവിൽ വെള്ളം കുടിക്കുന്നത് രക്തത്തിലെ സോഡിയത്തിന്റെ അളവ് അപകടകരമായി കുറയുന്ന ഹൈപ്പോനാട്രീമിയ എന്ന അവസ്ഥയ്ക്ക് കാരണമാകാം. അപൂർവമാണെങ്കിലും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് ഇത് വഴിവെയ്ക്കാൻ സാധ്യതയുണ്ട്.
ശരീരത്തിന്‍റെ പ്രവർത്തനങ്ങൾ സുഗമമായി നിലനിർത്താൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് അത്യന്താപേക്ഷിതമാണ്. ദാഹം തോന്നുന്നത് വരെ കാത്തിരിക്കാതെ, കാലാവസ്ഥയ്ക്കും ജീവിതശൈലിക്കും ശരീരത്തിന്റെ ആവശ്യങ്ങൾക്കും അനുസരിച്ച് ക്രമമായി വെള്ളം കുടിക്കുന്നതാണ് ആരോഗ്യകരമായ ശീലമെന്ന് ആരോഗ്യവിദഗ്ധർ ഓർമ്മിപ്പിക്കുന്നു.
