Diabetes Symptoms

പ്രമേഹം സ്ഥിരീകരിക്കുന്നതിന് മുമ്പു തന്നെ ശരീരം ചില സൂചനകൾ നൽകാറുണ്ട്.(Diabetes Symptoms)

പ്രമേഹം ഇന്ന് പ്രായഭേദമന്യേ നിരവധി ആളുകളെ ബാധിക്കുന്ന ജീവിതശൈലീരോഗമായി മാറിയിരിക്കുകയാണ്. ഭക്ഷണരീതികളിലെ മാറ്റം, വ്യായാമമില്ലായ്മ, അമിതവണ്ണം, ഉറക്കക്കുറവ്, പാരമ്പര്യഘടകങ്ങൾ തുടങ്ങിയവ പ്രമേഹസാധ്യത വർധിപ്പിക്കാം. എന്നാൽ പ്രമേഹം സ്ഥിരീകരിക്കുന്നതിന് മുമ്പു തന്നെ ശരീരം ചില സൂചനകൾ നൽകാറുണ്ട്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ ഉയർന്നെങ്കിലും പ്രമേഹത്തിന്റെ പരിധിയിൽ എത്തിയിട്ടില്ലാത്ത അവസ്ഥയാണ് പ്രീഡയബറ്റിസ്. ഈ ഘട്ടത്തിൽ തന്നെ ശ്രദ്ധിച്ചാൽ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ കഴിയും. പ്രശ്നം എന്താണെന്നുവെച്ചാൽ, പ്രീഡയബറ്റിസ് ഉള്ള പലർക്കും വ്യക്തമായ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. അതുകൊണ്ടുതന്നെ ശരീരത്തിലെ ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കേണ്ടതുണ്ട്.

അമിതമായി ദാഹം അനുഭവപ്പെടുക(Diabetes Symptoms)

വെള്ളം കുടിച്ചിട്ടും വീണ്ടും വീണ്ടും ദാഹം അനുഭവപ്പെടാറുണ്ടോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോൾ ശരീരത്തിന് അധികമായി വെള്ളം ആവശ്യമായി വരാം. ഇടയ്ക്കിടെ ദാഹം അനുഭവപ്പെടുന്നത് പ്രമേഹത്തിൻ്റെ ഒരു ലക്ഷണമാകാം. എന്നാൽ ദാഹം മാത്രം പ്രമേഹത്തിൻ്റെ സൂചനയാണെന്ന് കരുതരുത്.

ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ തോന്നുക(Diabetes Symptoms)

സാധാരണയേക്കാൾ കൂടുതൽ തവണ മൂത്രമൊഴിക്കാൻ തോന്നുന്നതും ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോൾ വൃക്കകൾ അധിക ഗ്ലൂക്കോസ് മൂത്രത്തിലൂടെ പുറന്തള്ളാൻ ശ്രമിക്കുന്നു. ഇതിൻ്റെ ഭാഗമായി മൂത്രത്തിൻ്റെ അളവ് വർധിക്കാം. രാത്രിയിൽ പലതവണ മൂത്രമൊഴിക്കാൻ എഴുന്നേൽക്കുന്നതും ശ്രദ്ധിക്കണം.

അമിതമായ ക്ഷീണവും തളർച്ചയും(Diabetes Symptoms)

ആവശ്യത്തിന് ഉറങ്ങിയിട്ടും എപ്പോഴും ക്ഷീണം അനുഭവപ്പെടുന്നുണ്ടോ? ശരീരത്തിലെ കോശങ്ങൾക്ക് ഊർജം ലഭിക്കുന്ന പ്രക്രിയയെ രക്തത്തിലെ പഞ്ചസാരയുടെ ഉയർന്ന അളവ് ബാധിക്കാം. ഇതുമൂലം ക്ഷീണം, തളർച്ച, ഉന്മേഷക്കുറവ് എന്നിവ അനുഭവപ്പെടാം. പതിവില്ലാത്ത ക്ഷീണം തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ പരിശോധന നടത്തുന്നത് നല്ലതാണ്.

കാഴ്ച മങ്ങുക

പെട്ടെന്ന് കാഴ്ചയ്ക്ക് മങ്ങലുണ്ടാകുന്നത് അവഗണിക്കരുത്. രക്തത്തിലെ പഞ്ചസാരയുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങൾ കണ്ണിലെ ലെൻസിനെ ബാധിക്കുകയും കാഴ്ച താൽക്കാലികമായി മങ്ങാൻ കാരണമാകുകയും ചെയ്യാം. കാഴ്ചയിൽ തുടർച്ചയായി മാറ്റങ്ങൾ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഡോക്ടറെ സമീപിക്കണം.

അമിതമായ വിശപ്പ്

ഭക്ഷണം കഴിച്ച് അധികസമയം കഴിയുന്നതിന് മുമ്പു തന്നെ വീണ്ടും വിശപ്പ് അനുഭവപ്പെടുന്നുണ്ടോ? രക്തത്തിലെ ഗ്ലൂക്കോസ് ശരീരത്തിലെ കോശങ്ങൾക്ക് ആവശ്യമായ രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അമിതമായ വിശപ്പ് അനുഭവപ്പെടാം. പതിവില്ലാത്ത വിശപ്പിനൊപ്പം മറ്റ് ലക്ഷണങ്ങൾ കൂടിയുണ്ടെങ്കിൽ ശ്രദ്ധിക്കണം.

കാരണമില്ലാതെ ശരീരഭാരം കുറയുക

ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ മാറ്റം വരുത്താതെ ശരീരഭാരം കുറയുന്നുണ്ടെങ്കിൽ അത് ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന് ഗ്ലൂക്കോസിൽ നിന്ന് ആവശ്യമായ ഊർജം ലഭിക്കാതെ വരുമ്പോൾ കൊഴുപ്പും പേശികളും ഊർജത്തിനായി ഉപയോഗിക്കപ്പെടാം. ഇതുമൂലം ശരീരഭാരം കുറയാം. പ്രമേഹത്തിൻ്റെ ചില സാഹചര്യങ്ങളിൽ കാണുന്ന പ്രധാന ലക്ഷണമാണിത്.

മുറിവുകൾ ഉണങ്ങാൻ വൈകുക

ചെറിയ മുറിവുകൾ പോലും ഉണങ്ങാൻ പതിവിലും കൂടുതൽ സമയം എടുക്കുന്നുണ്ടോ? രക്തത്തിലെ പഞ്ചസാരയുടെ അളവ് ദീർഘകാലം ഉയർന്നുനിൽക്കുന്നത് രക്തയോട്ടത്തെയും പ്രതിരോധശേഷിയെയും ബാധിക്കാം. ഇതുമൂലം മുറിവുകൾ ഉണങ്ങാനുള്ള വേഗം കുറയാം. പ്രത്യേകിച്ച് കാലുകളിലെ മുറിവുകൾ ശ്രദ്ധിക്കണം.

ചർമത്തിൽ കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുക

കഴുത്തിൻ്റെ പിൻഭാഗം, കക്ഷം, തുടയിടുക്ക് തുടങ്ങിയ ഭാഗങ്ങളിൽ കട്ടിയുള്ളതും ഇരുണ്ട നിറത്തിലുള്ളതുമായ പാടുകൾ കാണപ്പെടുന്നുണ്ടോ? ഇത് അകാന്തോസിസ് നൈഗ്രിക്കൻസ് (Acanthosis Nigricans) എന്ന അവസ്ഥയായിരിക്കാം. ശരീരത്തിൽ ഇൻസുലിൻ പ്രതിരോധം (Insulin Resistance) ഉണ്ടാകുന്നതിൻ്റെ സൂചനയായും ഇത് പ്രത്യക്ഷപ്പെടാം. പ്രമേഹസാധ്യതയുള്ളവരിൽ ഈ മാറ്റം കാണപ്പെടാറുണ്ട്.

കൈകാലുകളിൽ മരവിപ്പും തരിപ്പും

കൈകളിലും കാലുകളിലും സൂചികൊണ്ട് കുത്തുന്നതുപോലുള്ള അനുഭവം, മരവിപ്പ്, തരിപ്പ് എന്നിവ ഉണ്ടാകുന്നത് അവഗണിക്കരുത്. ദീർഘകാലമായി രക്തത്തിലെ പഞ്ചസാര ഉയർന്നുനിൽക്കുന്നത് ഞരമ്പുകളെ ബാധിക്കാം. എന്നാൽ വിറ്റാമിൻ കുറവ് ഉൾപ്പെടെയുള്ള മറ്റ് കാരണങ്ങൾകൊണ്ടും ഇത്തരം ലക്ഷണങ്ങൾ ഉണ്ടാകാം.

എങ്ങനെ പ്രമേഹസാധ്യത തിരിച്ചറിയാം?

ശരീരത്തിൽ കാണുന്ന ലക്ഷണങ്ങൾ മാത്രം പരിശോധിച്ച് പ്രമേഹമോ പ്രീഡയബറ്റിസോ സ്ഥിരീകരിക്കാൻ കഴിയില്ല. രക്തപരിശോധനയിലൂടെയാണ് ഇത് കണ്ടെത്തുന്നത്. പ്രധാനമായും താഴെ പറയുന്ന പരിശോധനകളാണ് ഇതിനായി ഉപയോഗിക്കുന്നത്.

  • ഫാസ്റ്റിങ് ബ്ലഡ് ഷുഗർ (Fasting Blood Sugar): കുറഞ്ഞത് എട്ട് മണിക്കൂർ ഭക്ഷണം കഴിക്കാതെ നടത്തിയ രക്തപരിശോധന.
  • എച്ച്ബിഎ1സി (HbA1c): കഴിഞ്ഞ രണ്ട് മുതൽ മൂന്ന് മാസം വരെയുള്ള ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവ് മനസ്സിലാക്കാൻ സഹായിക്കുന്നു.
  • ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റ് (OGTT): ഗ്ലൂക്കോസ് ലായനി കുടിച്ചതിനു ശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നു.

പ്രമേഹം സാധ്യത കുറയ്ക്കാൻ എന്തുചെയ്യാം?

പ്രീഡയബറ്റിസ് കണ്ടെത്തിയാൽ ജീവിതശൈലിയിൽ മാറ്റം വരുത്തുന്നതിലൂടെ ടൈപ്പ് 2 പ്രമേഹത്തിലേക്കുള്ള പുരോഗതി തടയാനോ വൈകിപ്പിക്കാനോ കഴിയും.

  • ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരുക: മധുരപലഹാരങ്ങൾ, പഞ്ചസാര ചേർത്ത പാനീയങ്ങൾ, സംസ്കരിച്ച ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം കുറയ്ക്കുക. പച്ചക്കറികൾ, പയർവർഗങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തുക.
  • ദിവസവും വ്യായാമം ചെയ്യുക: ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് മിതമായ ശാരീരിക വ്യായാമം ചെയ്യാൻ ശ്രമിക്കുക. നടത്തം നല്ലൊരു ശീലമാണ്.
  • ശരീരഭാരം നിയന്ത്രിക്കുക: അമിതവണ്ണമുള്ളവർക്ക് ശരീരഭാരത്തിൻ്റെ അഞ്ച് മുതൽ ഏഴ് ശതമാനം വരെ കുറയ്ക്കുന്നത് പ്രമേഹസാധ്യത കുറയ്ക്കാൻ സഹായിക്കും.
  • ഉറക്കത്തിന് പ്രാധാന്യം നൽകുക: ദിവസവും ഏഴ് മുതൽ ഒൻപത് മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക.
  • കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തുക: കുടുംബത്തിൽ പ്രമേഹചരിത്രമുള്ളവർ, അമിതവണ്ണമുള്ളവർ, ശാരീരിക അധ്വാനം കുറഞ്ഞ ജീവിതശൈലിയുള്ളവർ എന്നിവർ ഡോക്ടറുടെ നിർദേശപ്രകാരം രക്തത്തിലെ പഞ്ചസാര പരിശോധിക്കണം.