
വളരെ പതുക്കെ നടക്കുകയും ഇടയ്ക്കിടെ നിൽക്കുകയും ചെയ്യുന്നത് ഊർജ ചെലവ് കുറയ്ക്കാം.(Walking but belly fat not reducing)
ദിവസവും നടക്കുന്നത് വയറു കുറയ്ക്കാൻ നല്ലൊരു ശീലമാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും സ്ഥിരമായ നടത്തം സഹായിക്കും. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടത്തത്തിനായി മാറ്റിവയ്ക്കുന്നത് നല്ലതാണ്. എന്നാൽ സ്ഥിരമായി നടന്നിട്ടും വയറിലെ കൊഴുപ്പ് കുറയുന്നില്ലെന്ന് പലരും പരാതിപ്പെടാറുണ്ട്.
നടക്കുന്നതു കൊണ്ട് മാത്രം വയറിലെ കൊഴുപ്പ് പ്രത്യേകമായി ഉരുകണമെന്നില്ല. ഭക്ഷണരീതി, ഉറക്കം, സമ്മർദം, ശാരീരിക പ്രവർത്തനങ്ങൾ, പ്രായം തുടങ്ങിയ നിരവധി ഘടകങ്ങൾ ഇതിന് പിന്നിലുണ്ടാകാം. പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ മൊത്തത്തിലുള്ള ശരീരത്തിലെ കൊഴുപ്പ് കുറയുന്ന രീതിയിലുള്ള ജീവിതശൈലി മാറ്റം ആവശ്യമാണ്.
നടന്നിട്ടും വയറു കുറയാത്തതിൻ്റെ 7 കാരണങ്ങൾ(Walking but belly fat not reducing)
- നടക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ്. എന്നാൽ ആ സമയത്ത് ചെലവാകുന്ന കലോറിയേക്കാൾ കൂടുതൽ കലോറി ഭക്ഷണത്തിലൂടെ ലഭിച്ചാൽ ശരീരഭാരം കുറയണമെന്നില്ല. അതു കൊണ്ട് നടക്കുന്നതിനൊപ്പം ഭക്ഷണത്തിൻ്റെ അളവും ഗുണനിലവാരവും ശ്രദ്ധിക്കണം.
- എങ്ങനെയാണ് നടക്കുന്നത് എന്നതും പ്രധാനമാണ്. വളരെ പതുക്കെ നടക്കുകയും ഇടയ്ക്കിടെ നിൽക്കുകയും ചെയ്യുന്നത് ഊർജ ചെലവ് കുറയ്ക്കാം. ആരോഗ്യനില അനുവദിക്കുന്നവർക്ക് സാധാരണ നടത്തത്തേക്കാൾ അൽപം വേഗത്തിൽ നടക്കുന്നത് കൂടുതൽ ശാരീരിക പ്രവർത്തനം നൽകും.
- രാവിലെ 30 മിനിറ്റ് നടക്കുകയും ബാക്കിയുള്ള 12–14 മണിക്കൂർ അധികവും കസേരയിൽ ഇരിക്കുകയോ ആണെങ്കിൽ ദിവസത്തെ മൊത്തം ശാരീരിക പ്രവർത്തനം കുറവായിരിക്കും. 30 മിനിറ്റ് നടത്തം നല്ല തുടക്കമാണ്, പക്ഷേ ദിവസം മുഴുവൻ സജീവമായിരിക്കുക അത്ര തന്നെ പ്രധാനമാണ്.
- ഉറക്കവും ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രധാനമാണ്. തുടർച്ചയായ ഉറക്കക്കുറവ് വിശപ്പിനെയും ഭക്ഷണത്തോടുള്ള ആഗ്രഹത്തെയും ബാധിക്കാം. പ്രത്യേകിച്ച് മധുരവും ഉയർന്ന കലോറിയുമുള്ള ഭക്ഷണങ്ങളോടുള്ള ആഗ്രഹം വർധിക്കാൻ സാധ്യതയുണ്ട്. ഉറക്കക്കുറവ് വ്യായാമം ചെയ്യാനുള്ള ഊർജവും കുറയ്ക്കാം.
- സ്ഥിരമായി സമ്മർദം ഭക്ഷണശീലങ്ങളിലും മാറ്റം വരുത്താം. ചിലർ സമ്മർദത്തിലായാൽ കൂടുതൽ ഭക്ഷണം കഴിക്കും. പ്രത്യേകിച്ച് മധുരപലഹാരങ്ങൾ, ഫാസ്റ്റ് ഫുഡ്, സ്നാക്കുകൾ തുടങ്ങിയവയിലേക്ക് കൂടുതൽ ആകർഷണം ഉണ്ടാകാം. ദീർഘകാല സമ്മർദം ശരീരത്തിലെ ഹോർമോൺ മാറ്റങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു
- നടക്കുകയോ വയറിനുള്ള വ്യായാമങ്ങൾ ചെയ്യുകയോ ചെയ്താൽ വയറിലെ കൊഴുപ്പ് മാത്രം ലക്ഷ്യമിട്ട് കുറയ്ക്കാൻ കഴിയില്ല. ശരീരത്തിലെ കൊഴുപ്പ് കുറയുമ്പോൾ ജനിതക ഘടകങ്ങൾ, ഹോർമോണുകൾ, പ്രായം തുടങ്ങിയവയുടെ സ്വാധീനത്തിൽ ഏത് ഭാഗത്തുനിന്നാണ് ആദ്യം കൊഴുപ്പ് കുറയുന്നത് എന്നത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും. അതുകൊണ്ട് വയർ കുറയുന്നില്ലെന്ന് കരുതി നടത്തം നിർത്തേണ്ടതില്ല.
- ചിലർ ഭക്ഷണം നിയന്ത്രിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തിട്ടും വയറിലെ കൊഴുപ്പ് കുറയുന്നത് വളരെ പതുക്കെയായിരിക്കാം. പ്രായം കൂടുന്നതിനനുസരിച്ച് പേശികളുടെ അളവിലും ശരീരത്തിലെ ഊർജ ചെലവിലും മാറ്റങ്ങൾ സംഭവിക്കാം. ചില ഹോർമോൺ പ്രശ്നങ്ങൾ, ചില മരുന്നുകളുടെ ഉപയോഗം, ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തുടങ്ങിയവയും ശരീരഭാരത്തെ സ്വാധീനിക്കാം
വയർ കുറയ്ക്കാൻ നടത്തത്തോടൊപ്പം ഇക്കാര്യങ്ങളും ശ്രദ്ധിക്കണം(Walking but belly fat not reducing)
- പഞ്ചസാര ചേർത്ത പാനീയങ്ങളും അമിതമായ മധുരപലഹാരങ്ങളും കുറയ്ക്കുക
- അമിതമായി പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ഉപയോഗം നിയന്ത്രിക്കുക
- ഓരോ ഭക്ഷണത്തിലും ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തുക
- പച്ചക്കറികളും ഫൈബർ അടങ്ങിയ ഭക്ഷണങ്ങളും വർധിപ്പിക്കുക
- ദിവസവും കൂടുതൽ സമയം ഇരിക്കുന്നത് ഒഴിവാക്കുക
- സ്ട്രെങ്ത്തനിങ് ട്രെയിനിങ്ങും വർക്ക്ഔട്ടിൽ ഉൾപ്പെടുത്തുക.
- സ്ഥിരമായ ഉറക്കസമയം പാലിക്കുക
- സമ്മർദം നിയന്ത്രിക്കാൻ ശ്രമിക്കുക
- ആഴ്ചകളിലല്ല, മാസങ്ങളുടെ കാലയളവിൽ ശരീരത്തിലെ മാറ്റങ്ങൾ വിലയിരുത്തുക
