Leptospirosis

എന്താണ് എലിപ്പനി(Leptospirosis)?

ലെപ്റ്റോസ്പൈറ എന്ന ബാക്‌ടീരിയയാണ് രോഗമുണ്ടാക്കുന്നത്. എലിയുടെ വൃക്കകളിൽ വളർന്ന് പെരുകുന്ന ബാക്ട‌‌ീരിയ ഇവയുടെ മൂത്രത്തിലൂടെ വിസർജിക്കുന്നു. ഒരു തുള്ളി എലിമൂത്രത്തിൽ കോടിക്കണക്കിന് ബാക്‌ടീരിയകളുണ്ടാകും. ഇവ എലികളിൽ രോഗം ഉണ്ടാക്കാറില്ല. എലി മനുഷ്യനെ കടിച്ചാലും എലിപ്പനി(Leptospirosis) വരണമെന്നില്ല. എലിയെ കൂടാതെ നായ്ക്കൾ, ആട്, പന്നി എന്നിവയും രോഗാണു വാഹകരാകാറുണ്ട്. രോഗാണുക്കളുള്ള എലിമൂത്രം മണ്ണിലും മഴ പെയ്‌ത്‌ വെള്ളത്തിലും എത്തുന്നു. കൂടാതെ എലിമാളങ്ങളിൽ വെള്ളം കയറുന്നതോടെ അവ കുട്ടത്തോടെ പുറത്തേക്ക് വരുകയും വെള്ളം വ്യാപകമായി എലിമൂത്രംകൊണ്ടും വിസർജ്യം കൊണ്ടും നിറയുന്നു. കെട്ടിക്കിടക്കുന്ന ജലത്തിലും ഈർപ്പമുള്ള മണ്ണിലും രണ്ടു മൂന്നു മാസമെങ്കിലും എലിപ്പനി ഭീഷണി നിലനിൽക്കും.

എങ്ങനെ പടരുന്നു?

രോഗാണുക്കൾ കലർന്ന മലിനജലത്തിൽ ചവിട്ടുകയോ കളിക്കുകയോ ചെയ്യുമ്പോൾ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. പ്രത്യേകിച്ച് ശരീരത്തിൽ മുറിവുകളോ പോറലോ വ്രണങ്ങളോ ഉണ്ടെങ്കിൽ സാധ്യത കൂടും. ശരീരത്തിൽ മുറിവുകൾ ഇല്ലെങ്കിലും ദീർഘനേരം മലിന ജലത്തിൽ പണിയെടുക്കുന്നവരിൽ ജലവുമായി സമ്പർക്കമുള്ള ത്വക്ക് മൃദുലമാകുകയും ആ ഭാഗത്തിലൂടെ രോഗാണു ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യും. കണ്ണ്, മൂക്ക്, വായ, ജനനേന്ദ്രിയം എന്നിവയുടെ മൃദുലമായ ചർമത്തിലൂടെ രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. ജോലി, മറ്റു പ്രവൃത്തികൾ സംബന്ധമായി രോഗാണുക്കൾ കലർന്ന ചളിയുമായി സമ്പർക്കം ഉണ്ടാവുകയാണെങ്കിൽ രോഗാണു ശരീരത്തിൽ പ്രവേശിക്കാം. രോഗാണു കലർന്ന ജലം കുടിക്കുന്നതിലൂടെ.

ഇവ ശ്രദ്ധിക്കണം

രോഗാണു ശരീരത്തിൽ പ്രവേശിച്ചാൽ 10 മുതൽ 14 വരെ ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. മറ്റു പകർച്ചപ്പനികളുടെ സമാന ലക്ഷണങ്ങളാണ് ആരംഭത്തിൽ ഉണ്ടാകുന്നതെങ്കിലും ശ്രദ്ധിച്ചാൽ എലിപ്പനിയാണോ എന്ന് മനസ്സിലാക്കാം.

ലക്ഷണങ്ങൾ

  • ശക്തമായ പനി
  • തലവേദന
  • പേശിവേദന.
  • പ്രത്യേകിച്ച് നടുവിനും കാലുകളിലെ പേശികൾക്കും ഉണ്ടാകുന്ന വേദന.
  • കാൽമുട്ടിന് താഴെയുള്ള പേശികളിൽ കൈവിരൽകൊണ്ട് അമർത്തുമ്പോൾ വേദന
  • അമിത ക്ഷീണം
  • കണ്ണിന് ചുവപ്പ് നിറം
  • നീർവീഴ്‌ച
  • കണ്ണിൻ്റെ കൃഷ്‌ണമണിക്ക് ചുറ്റും വെള്ള ഭാഗത്തുണ്ടാകുന്ന ചുവപ്പ് നിറം.

പനി, ശരീര വേദന, കണ്ണിന് ചുവപ്പ് നിറം എന്നീ ലക്ഷണങ്ങളുണ്ടെങ്കിൽ എത്രയുംവേഗം ഡോക്ടറെ കാണുക.

Leptospirosis – Symptom, Treatment And Causes