Alcohol

കരൾ (Liver)രോഗികൾ പെരുകുന്നു ആഗോളതലത്തിൽ, മരണം വിതയ്ക്കുന്ന രോഗങ്ങളിൽ പത്താമതാണ് കരൾരോഗത്തിൻ്റെ സ്ഥാനം. ഓരോ വർഷവും ദശലക്ഷക്കണക്കിന് ആളുകളെയാണ് ഈ രോഗം ബാധിക്കുന്നത്. നമ്മുടെ രാജ്യത്തെ സ്ഥിതി കൂടുതൽ ആശങ്കാജനകമാണ്. ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ, വൈറൽ ഹെപ്പറ്റൈറ്റിസ് ബിയും സിയും പ്രധാന പൊതുജനാരോഗ്യ പ്രശ്നങ്ങളാണ്, ഇത് ഏകദേശം 40 ദശലക്ഷം ആളുകളെ ബാധിക്കുന്നു. കൂടാതെ, നോൺ- ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് വർധിച്ചുവരികയാണ്.

ലക്ഷണങ്ങൾ

കരളിന് (Liver)എന്തെങ്കിലും കേടുപാടുകൾ പറ്റിയാൽ അത് പരിഹരിക്കാനുള്ള കരളിന്റെ പ്രത്യേകമായ കഴിവ് പലപ്പോഴും കരൾ രോഗം കണ്ടെത്താൻ വൈകുന്നതിനും കാരണമാകുന്നു. പലപ്പോഴും രോഗം മൂർച്ഛിക്കുമ്പോൾ മാത്രമേ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുകയുള്ളൂ. എന്നിരുന്നാലും, അറിഞ്ഞിരിക്കേണ്ട ചില സാധാരണ അടയാളങ്ങളിൽ ചിലത് ഇവയാണ്:

ക്ഷീണവും തളർച്ചയും, വിശപ്പില്ലായ്‌മ അല്ലെങ്കിൽ അമിതമായി ശരീരം ശോഷിക്കുക, ഓക്കാനം, ഛർദ്ദി വയറുവേദന അല്ലെങ്കിൽ വീക്കം, നിറംമാറിയ മൂത്രവും വിളറിയ നിറത്തിലുള്ള മലവും, ചർമ്മത്തിന്റെയും കണ്ണുകളുടെയും മഞ്ഞനിറം (മഞ്ഞപ്പിത്തം), ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണം.

കരൾ തകരാറിലേക്കും രോഗത്തിലേക്കും നയിക്കുന്ന നിരവധി ഘടകങ്ങൾ ഉണ്ടാകാം. ചില പ്രധാന കാരണങ്ങൾ:

വൈറൽ ഹെപ്പറ്റൈറ്റിസ്: കരളിനെ (Liver) ആക്രമിക്കുന്ന വിവിധ വൈറസുകൾ മൂലമുണ്ടാകുന്ന അണുബാധകളാണ് ഹെപ്പറ്റൈറ്റിസ് എ, ബി, സി. ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വിട്ടുമാറാത്തതായി മാറുകയും സിറോസിസ്, കരൾ അർബുദം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും.

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ

Alcohol

ഡിസീസ്: അധികം മദ്യം(alcohol) കഴിക്കാത്തവരിൽ പോലും കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് സിറോസിസിന് കാരണമാകുന്ന നോൺ-ആൽക്കഹോളിക് സ്റ്റെറ്റോഹെപ്പറ്റൈറ്റിസ് എന്ന ഗുരുതരമായ രൂപത്തിലേക്ക് മാറും.

മദ്യപാനവുമായി ബന്ധപ്പെട്ട കരൾ രോഗം: അമിതമായ മദ്യപാനം(alcohol) കരളിനെ (liver)തകരാറിലാക്കുകയും സിറോസിസിലേക്കും ലിവർ ഫെയ്‌ലിയറിലേക്കും നയിക്കുകയും ചെയ്യും.

ചില മരുന്നുകളും വിഷവസ്തുക്കളും:

ചില മരുന്നുകളും വിഷവസ്തുക്കളും കരളിനെ ദോഷകരമായി ബാധിക്കും. ഓട്ടോ ഇമ്മ്യൂൺ ഹെപ്പറ്റൈറ്റിസ്: ഓട്ടോ ഇമ്യൂൺ ഡിസീസ്, ഇതു പോലുള്ള ജനിതക രോഗങ്ങളും ഉള്ള അവസ്ഥയിൽ, രോഗപ്രതിരോധ സംവിധാനം തന്നെ ആരോഗ്യമുള്ള കരൾ കോശങ്ങളെ ആക്രമിക്കുന്നു.

പ്രതിരോധവും ചികിത്സയും

ആരോഗ്യകരമായ ഭാരം

നിലനിർത്തുക: പൊണ്ണത്തടി എൻഎഎഫ്എൽഡിയുടെ ഒരു പ്രധാന റിസ് ഘടകമാണ്. സമീകൃതാഹാരത്തിലൂടെയും വ്യായാമത്തിലൂടെയും ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത് അപകടസാധ്യത ഗണ്യമായി കുറയ്ക്കും.

മദ്യത്തിന്റെ ഉപയോഗം

പരിമിതപ്പെടുത്തുക: അമിതമായ മദ്യപാനം കരളിന്റെ ആരോഗ്യത്തിന് ഹാനികരമാണ്. അതിൽ നിന്ന് വിട്ടുനിൽക്കലാണ് ഏറ്റവും ഉത്തമം.

വാക്സിനേഷൻ എടുക്കുക:

ഹെപ്പറ്റൈറ്റിസ് എ, ബി എന്നിവയ്ക്ക് വാക്സിനേഷനുകൾ ലഭ്യമാണ്, ഇത് ഈ അണുബാധകളെ ഫലപ്രദമായി തടയും.

സുരക്ഷിതമായ ലൈംഗികത പരിശീലിക്കുക:

ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ പകരുന്നത് തടയാൻ ഇത് സഹായിക്കുന്നു.

സമീകൃതാഹാരം കഴിക്കുക:

സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പുകൾ, അമിതമായ പഞ്ചസാര എന്നിവ പരിമിതപ്പെടുത്തി പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുക.

അനാവശ്യ മരുന്നുകളും വിഷവസ്തുക്കളും ഒഴിവാക്കുക:

പുതിയ മരുന്നുകളോ സപ്ലിമെൻ്റുകളോ കഴിക്കുന്നതിന്മുമ്പ് നിങ്ങളുടെ ഡോക്‌ടറെ സമീപിക്കുക,പതിവ് പരിശോധനകൾ:നിങ്ങൾക്ക് കരൾ രോഗത്തിനുള്ള റിസ്‌ക ഘടകങ്ങൾ ഉണ്ടെങ്കിൽ, നിങ്ങളുടെ കരളിന്റെ ആരോഗ്യം നിരീക്ഷിക്കാൻ ഡോക്‌ടറുമായി സംസാരിച്ച് പരിശോധനകൾ നടത്തുക.

ചികിത്സാ സാധ്യതകൾ

കരൾ രോഗത്തിനുള്ള ചികിത്സ രോഗകാരണത്തെയും അവസ്ഥയുടെ തീവ്രതയെയും ആശ്രയിച്ചിരിക്കുന്നു. ചില സാധാരണ ചികിത്സാ സമീപനങ്ങൾ ഇവയാണ്:

ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ ചികിത്സിക്കുന്നതിനായി ആന്റിവൈറൽ മരുന്നുകൾ ലഭ്യമാണ്. രോഗാവസ്ഥ കൈകാര്യം ചെയ്യുന്നതിനും കരളിൻ്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷണക്രമവും വ്യായാമ ശീലങ്ങളും ക്രമീകരിക്കുന്നത് നിർണായകമാണ്. കരൾ തകരാറിലായ ഗുരുതരമായ കേസുകളിൽ, കരൾ മാറ്റിവയ്ക്കൽ ആവശ്യമായി വന്നേക്കാം.

ആൽക്കഹോളിക്ക് ലിവർ ഡിസീസിന്റെ ഘട്ടങ്ങളും ലക്ഷണങ്ങളും എന്തൊക്കെയാണ്?

മദ്യം മൂലമുള്ള കരൾരോഗത്തിന് മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്.

ഒന്നാംഘട്ടം: ആൽക്കഹോളിക്ക് ഫാറ്റി ലിവർ (Alcoholic Fatty Liver)

90 ശതമാനം അമിത മദ്യപാനികളിലും ഫാറ്റി ലിവർ കാണപ്പെടുന്നു. കരളിൽ കൊഴുപ്പ് നിറയുന്ന ഘട്ടമാണിത്. കൊഴുപ്പ് നിറഞ്ഞ് കരൾ വീർത്തുവരുന്ന അവസ്ഥ മിക്കവാറും ഉണ്ടാകാറുണ്ട്. ഇതിനെ ഹെപ്പറ്റോമെഗാലി (Hepatomegaly)എന്ന് പറയുന്നു. നിർഭാഗ്യവശാൽ ആൽക്കഹോളിക്ക് ഫാറ്റി ലിവർ പൊതുവേ ഒരു ലക്ഷണവും കാണിക്കാറില്ല. മദ്യപാനം നിർത്തിയാൽ ഫാറ്റിലിവറിൽനിന്ന് മുക്തമാകാം എന്നുള്ളതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത.

രണ്ടാം ഘട്ടം: ആൽക്കഹോളിക്ക്ഹെപ്പറ്റൈറ്റിസ് (Alcoholic hepatitis)

കരൾവീക്കം ഉണ്ടാകുന്ന രണ്ടാമത്തെ ഘട്ടമാണിത്. ചെറിയ രീതിയിലുള്ള കരൾവീക്കം മരുന്നുകളിലൂടെ ഭേദമാക്കാമെങ്കിലും തീവ്രമായ ആൽക്കഹോളിക്ക് ഹെപ്പറ്റൈറ്റിസ് വളരെകൂടുതൽ മരണനിരക്ക് ഉണ്ടാക്കുന്ന അസുഖമാണ്. മഞ്ഞപ്പിത്തം, വിശപ്പില്ലായ്മ‌, ഛർദി, അമിത ക്ഷീണം, പനി, വയറുവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗത്തിന്റെ തീവ്രത കൂടുതലാണെങ്കിൽ കരൾപരാജയം ഉണ്ടാവുകയും രക്തസ്രാവം, ബുദ്ധിസ്ഥിരതയിലെ വ്യതിയാനം, അബോധാവസ്ഥ തുടങ്ങിയ സങ്കീർണതകൾ ഉണ്ടാവുകയും തുടർന്ന് മരണം സംഭവിക്കുകയും ചെയ്യാം. ചെറിയ കാലയളവിലുള്ള അമിതമദ്യപാനം (binge drinking) പലപ്പോഴും ആൽക്കഹോളിക്ക് ഹെപ്പറ്റൈറ്റിസിന് കാരണമാകാറുണ്ട്.

മൂന്നാംഘട്ടം: സിറോസിസ്( Cirrhosis)

സിറോസിസ് എന്നാൽ ഘടനയിൽ വ്യത്യാസം വന്ന് ചുരുങ്ങി, പ്രവർത്തനക്ഷമത കുറഞ്ഞ കരൾ എന്നാണ് മനസ്സിലാക്കേണ്ടത്. കരളിലെപ്രഷർ കൂടുന്നതിനാൽ കരളിലേക്ക് എത്തിച്ചേരുന്ന രക്തക്കുഴലുകളിലെയും പ്രഷർ കൂടുന്നു. അന്നനാളത്തിലെയും ആമാശയത്തിലെയും രക്തക്കുഴലുകളാണ് ഇതിൽ പ്രധാനം. അമിത പ്രഷർ കാരണം ഇവ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നു. ഇത് രക്തം ഛർദിക്കുന്നതിനും മലത്തിലൂടെ കറുപ്പ് നിറത്തിൽ രക്തം പോകുന്നതിനും കാരണമാകുന്നു. കൂടാതെ കരളിലെ പ്രഷറും ആൽബുമിന്റെ അഭാവവും കാരണം വയറ്റിലും, കാലിലും വെള്ളം നിറയുന്നു. വയറ്റിൽ വെള്ളം നിറയുന്നതിനെ അസൈറ്റിസ് (Ascites) എന്ന്പറയുന്നു. വിഷാംശങ്ങൾ നിർവീര്യമാക്കാൻ പറ്റാത്തതിനാൽ ഇവയുടെ അംശം തലച്ചോറിലേക്ക് എത്തി തലച്ചോറിന്റെ പ്രവർത്തനം അവതാളത്തിലാവുന്നു. ഇത് സ്വഭാവവ്യത്യാസം, ഉറക്കകൂടുതൽ, അമിത

ദേഷ്യം, അബോധാവസ്ഥ എന്നിവയ്ക്ക് കാരണമാകുന്നു. രക്തത്തിൽ ബിലിറൂബിൻ അളവ് കൂടുന്നതിനാൽ മഞ്ഞപ്പിത്തം ഉണ്ടാക്കുകയും, കണ്ണിനും ശരീരത്തിനും മഞ്ഞനിറം കാണപ്പെടുകയും ചെയ്യുന്നു. രക്തം കട്ടയാകാനുള്ള കഴിവ് കുറയുന്നതിനാൽ മോണയിൽനിന്നും മൂക്കിൽനിന്നും

മൂത്രത്തിലൂടെയും രക്തസ്രാവം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. സിറോസിസ് ബാധിച്ച കരളിലെ പ്രഷർ കൂടുന്നത് ഹൃദയം, വൃക്ക, ശ്വാസകോശംപോലുള്ള മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കാൻ ഇടയാക്കും. സിറോസിസ് ഉള്ള കരളിൽ കാൻസർ വരാനുള്ള സാധ്യതയും കൂടുതലാണ്.

മദ്യപാനംമൂലം കരൾരോഗം വരാൻ സാധ്യത കൂടുതൽ ആർക്കൊക്കെ ?

ഏത് അളവിലാണെങ്കിലും, ഏത് തരത്തിലുള മദ്യമാണെങ്കിലും അത് കരളിനും മറ്റ് അവയവങ്ങൾക്കും ഉപദ്രവകാരിയാണ്. മദ്യത്തിന്റെ അളവും മദ്യപാനത്തിന്റെ കാലയളവും കരൾരോഗത്തെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. കരളിനുണ്ടാക്കുന്ന അസുഖങ്ങളുടെ തീവ്രത മദ്യത്തിലെ കലർപ്പില്ലാത്ത ആൽക്കഹോളിന്റെ (Absolute Alcohol) അളവിനെ ആശ്രയിച്ചിരിക്കും. ഉദാഹരണത്തിന് 36 ശതമാനം വരെ ആൽക്കഹോളിന്റെ അംശമുള്ള ബീർ ഉണ്ടാക്കുന്നതിനെക്കാൾ ദോഷം 40 ശതമാനം ആൽക്കഹോൾ അംശമുള്ള വീര്യംകൂടിയ മദ്യം ഉണ്ടാക്കുന്നു. ഒരു ദിവസം ഏകദേശം 30 ഗ്രാം ആൽക്കഹോൾ എന്ന തോതിൽ മദ്യം കഴിക്കുന്നത് കരൾ രോഗത്തിന് വഴിയൊരുക്കുന്നു. എന്നാൽ ഈ അളവ് എല്ലാവർക്കും ഒരുപോലെ ആകണമെന്നില്ല. ഓരോരുത്തരുടെയും ജനിതകഘടനയനുസരിച്ച് മദ്യത്തോടുള്ള കരളിന്റെ പ്രതികരണം വ്യത്യാസപ്പെട്ടിരിക്കാം. അതിനാൽ ചെറിയ അളവ് മദ്യംപോലും കരളിന് ദോഷകരമായി ബാധിക്കാനുള്ള സാധ്യത കൂട്ടാം. ഇത് കൂടാതെ പ്രമേഹം, അമിത ബി.പി., കൊളസ്ട്രോൾ വ്യതിയാനങ്ങൾപോലുള്ള മറ്റ് അസുഖങ്ങളുടെ സാന്നിധ്യം, പുകവലി പോലുള്ള ദുശ്ശീലം എന്നിവ ഉണ്ടെങ്കിൽ മദ്യപാനികളിൽ കരൾ തകരാറിന് സാധ്യത കൂടുന്നു. സ്ത്രീകളിൽ പുരുഷന്മാരെ അപേക്ഷിച്ച് ചെറിയ അളവിലുള്ള മദ്യ ഉപയോഗം പോലും കരൾരോഗം ഉണ്ടാക്കാൻ സാധ്യതയുണ്ട്. ചെറിയ കാലയളവിൽ വലിയ അളവിലുള്ള മദ്യപാനം (Binge drinking)കൂടുതൽ അപകടകാരിയാണ്.

മദ്യം എങ്ങനെയാണ് കരളിന്റെ ശത്രുവായി മാറുന്നത്?

ആൽക്കഹോളിന്റെ കരളിലെ ദഹനപ്രക്രിയയുടെ ഭാഗമായി ഉണ്ടാകുന്ന അസെറ്റാൽഡിഹൈഡ് (Acetaldehyde) ആണ് പ്രധാനവില്ലൻ. ഈ തന്മാത്രകൾ കരളിന്റെ കോശങ്ങളുടെ ഘടനയെയും പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുകയും കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ കോശങ്ങളിലെ പ്രോട്ടീൻ തന്മാത്രകളോട് ലയിച്ച് പ്രോട്ടീൻ അഡക്ട് (Protein Adduct) ആയി രൂപാന്തരം പ്രാപിക്കുന്നു. ഈ പ്രോട്ടീൻ അഡക്ട് ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളെ പ്രകോപിപ്പിക്കുകയും, തുടർന്ന് ഈ രോഗപ്രതിരോധകോശങ്ങൾ കരളിലെ കോശങ്ങളെ തന്നെ നശിപ്പിക്കുകയും ചെയ്യുന്നു. കൊഴുപ്പിൻ്റെ ദഹനപ്രക്രിയയിൽ മാറ്റം വരുന്നതിൻ്റെ ഭാഗമായി കൊഴുപ്പ്, കരളിന്റെ കോശങ്ങളിൽ കൂടുതലായി ശേഖരിക്കപ്പെടുകയും, ഫാറ്റി ലിവർ ആയി മാറുകയും ചെയ്യുന്നു. കാലങ്ങളായുള്ള ഈ ആക്രമണത്തിൻ്റെ ഫലമായി കരളിലെ കോശങ്ങൾ അസാധാരണമായി കടുപ്പം കൂട്ടുന്ന (stiffness) പ്രോട്ടീനുകൾ കൂടുതലായി ഉത്പാദിപ്പിക്കുകയും ഇത് കരളിൽ നിറയുകയും ചെയ്യുന്നു. ഇതിന്റെ പരിണതഫലമായി മൃദുവായ, ആരോഗ്യമുള്ള കരൾ കല്ല് പോലെയുള്ള സിറോട്ടിക് ലിവർ ( Cirrhotic Liver) ആയി മാറുകയും ചെയ്യുന്നു. സിറോട്ടിക് ലിവറിൽ ആരോഗ്യത്തോടെയുള്ള കോശങ്ങൾ വളരെ കുറവായതിനാൽ കാലക്രമേണ കരൾ പരാജയപ്പെടുകയും (Liver Failure) പ്രവർത്തനം എന്നന്നേക്കുമായി നിൽക്കുന്ന അവസ്ഥയിൽ എത്തിച്ചേരുകയും ചെയ്യുന്നു.

ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണ്?

ആൽക്കഹോളിക് ലിവർ ഡിസീസുള്ള രോഗികളിൽ പോഷകാഹാരക്കുറവ് സാധാരണ കണാറുള്ള പ്രശ്‌നമാണ്. സിറോസിസ് രോഗികളിൽ പേശികളുടെ ശോഷണം, എല്ലിന്റെ ശക്തിക്കുറവ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ അഭാവം എന്നിവ സാധാരണയാണ്. ഇടയ്ക്കിടെ ആഹാരം കഴിക്കുന്നതും സന്ധ്യാസമയത്ത് ലഘുഭക്ഷണം കഴിക്കുന്നതും ശരീരം ശോഷിക്കുന്നത് ഒഴിവാക്കാൻ സഹായിക്കും. വയറ്റിലും കാലിലും കണ്ടുവരുന്ന നീര് കുറയാൻ ഭക്ഷണത്തിൽ ഉപ്പിൻ്റെ അളവ് കുറയ്ക്കുന്നത് സഹായകമാകും. മുട്ടയുടെ വെള്ള പോലുള്ള പ്രോട്ടീൻ കൂടിയ ഭക്ഷണവും പ്രോട്ടീൻ സപ്ലിമെന്റുകളും, മസ്സിൽ മാസ് (Muscle mass) കൂട്ടുന്നതിനും നീര് കുറയ്ക്കുന്നതിനും സഹായിക്കുന്നു. കൂടാതെ ആവശ്യത്തിന് എ, ബി, സി, ഡി, ഇ പോലുള്ള വിറ്റാമിനുകൾ, മഗ്‌നീഷ്യം, സിങ്ക് പോലുള്ള ധാതുക്കൾ എന്നിവ ഭക്ഷണത്തിലൂടെയോ ഗുളികകൾ വഴിയോ ശരീരത്തിന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ഓർക്കുക

കരൾരോഗത്തെ സൂചിപ്പിക്കുന്ന ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്ക്അനുഭവപ്പെടുകയാണെങ്കിൽ, ഉടൻ തന്നെ ഡോക്ടറെ സമീപിക്കുകയാണ് വേണ്ടത്. നേരത്തെയുള്ള രോഗനിർണയവും ഇടപെടലും ഈ അവസ്ഥയെ നിയന്ത്രിക്കുന്നതിലും നിങ്ങളുടെ ദീർഘകാല ആരോഗ്യം മെച്ചപ്പെടുത്തുന്നതിലും നിർണായകമാണ്.

Please Read this also:https://www.ncbi.nlm.nih.gov/pmc/articles/PMC5513682

വീഡിയോ കാണാം:പ്രവാസികൾക്ക്‌ ഷുഗർ വരാൻ കാരണമിതാണ്