പുറത്തേക്കിറങ്ങാൻ പറ്റുന്നില്ല. ഇറങ്ങിയാൽ കണ്ണഞ്ചിപ്പിക്കുന്ന വെയിൽ. ചൂടു കാരണം Skin ചുട്ടുപൊള്ളുന്നതു പോലെ. പുറത്തേക്കിറങ്ങിയതിനേക്കാൾ വേഗത്തിൽ അകത്തേക്കു കയറേണ്ടി വരുന്ന സമയമാണിത്. ചൂടും വിയർപ്പും ഒക്കെയായി ആകെ അസ്വസ്ഥരായിട്ടിരിക്കുമ്പോൾ ത്വരോഗംകൂടി വരുന്നത് എന്ത് കഷ്ടമാണല്ലേ? വിയർക്കുമ്പോൾ ചെറിച്ചിൽ കൂടും, ശരീരത്തിലാകെ പാടും പുകച്ചിലും എന്നുതുടങ്ങി സമാധാനമായി ഒന്നും ചെയ്യാനാവാത്ത അവസ്‌ഥ.

വേനൽക്കാലത്തെ വില്ലന്മാരാണ് കടുത്ത വെയിലും അമിതമായ വിയർപ്പും. ഇത്തവണ ചൂടിന്റെ കാഠിന്യം കൂടിയതോടെ സ്വാഭാവികമായും വിയർപ്പും കൂടി; ഒപ്പം ചർമ രോഗങ്ങളും.ആവശ്യങ്ങൾക്കു പുറത്തിറങ്ങാതെ തരമില്ല. എന്നാൽ അമിതമായി വെയിൽ കൊള്ളുന്നതുകൊണ്ട് കാര്യമായ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.

സൂര്യാഘാതമാണ് പ്രധാന പ്രശ്നം.

കടുത്തവെയിൽ കൊള്ളുന്നതിലൂടെ ചർമത്തിൽ ചുവപ്പു നിറം ഉണ്ടായി തൊലി ഇളകിപ്പോകാനും ഇടയുണ്ട്.ഈ ഭാഗം പൊള്ളലേറ്റതുപോലെതന്നെയാണ് തോന്നിക്കുക.ചിലപ്പോൾ നല്ല നീറ്റലും പുകച്ചിലും തോന്നും.

വെയിലിൽനിന്നു സംരക്ഷണം വേണം

ചൂടുകാലത്ത് കൂടുതലും കാറ്റ് കയറാൻ സൗകര്യമുള്ള വസ്ത്രങ്ങളാണല്ലോ ധരിക്കുക. എന്നാൽ ശരീരം കൂടുതൽ വെളിവാക്കുന്ന വസ്ത്രങ്ങൾ ഇടുമ്പോൾ കടുത്ത വെയിലിൽ പൊള്ളലേൽക്കാനുള്ള സാധ്യത കൂടുകയാണ് ചെയ്യുന്നത്. ശരീരം മുഴുവൻ മറയുന്ന, അയഞ്ഞ, ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനലിൽ ഉത്തമം. കോട്ടൺ ആണു നല്ലത്.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള വെയിൽ കൊള്ളാതിരിക്കാൻ പ്രത്യേക ശ്രദ്ധ വേണം. ഈ സമയത്ത് പുറത്തിറങ്ങി ജോലി ചെയ്യേണ്ടവർ നിർബന്ധമായും കുട, തൊപ്പി എന്നിവയും സൺസ്ക്രീനും ഉപയോഗിക്കുക. പുറത്തിറങ്ങുന്നതിനു അര മണിക്കൂർ മുൻപ്, സൂര്യപ്രകാശം തട്ടാൻ ഇടയുള്ള എല്ലാ ശരീരഭാഗത്തും സൺസ്ക്രീൻ പുരട്ടുക. അതിന്റെ സംരക്ഷണം 3-4 മണിക്കൂറേ ഉണ്ടാവുകയുള്ളൂ. സമയപരിധി കഴിയുമ്പോൾ മുഖം കഴുകിയ ശേഷം വീണ്ടും പുരട്ടാം. കടുത്ത സൺബേൺ ഉണ്ടാകുന്നതിൽനിന്നു സൺസ്ക്രീനിന്റെ ഉപയോഗം ഒരുപരിധി വരെ സഹായിക്കും.

ഫംഗൽ ഇൻഫെക്ഷനെ പ്രതിരോധിക്കണം

വേനൽക്കാലത്ത് കൂടുതലായി കാണപ്പെടുന്ന ത്വക് രേഗങ്ങളിൽ പ്രാധാനിയാണ് ഫംഗൽ ഇൻഫെക്ഷൻ. ശരീരഭാഗങ്ങളിലെ മടക്കുകളിലും ഇടുങ്ങിയ ഭാഗങ്ങളിലും വിയർപ്പ് തങ്ങി നിൽക്കുന്നതുകൊണ്ടാണ് ഈ അണുബാധ ഉണ്ടാകുന്നത്. കക്ഷം,കാലിന്റെ തുടയിലെ ഇടുക്ക്,സ്ത്രീകളുടെ മാറിനു താഴെ,

വണ്ണമുള്ളവരുടെ വയറിന്റെ മടക്കുകളിൽ, കാലിൽ ഒക്കെയാണ് അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലായുള്ളത്. അത് ചുവപ്പു നിറത്തിലോ തൊലി ഇളകിപ്പോകുന്ന രീതിയിലോ വെളുത്ത പാടപോലെയോ ഒക്കെ കെട്ടിയിരിക്കാൻ സാധ്യതയുണ്ട്. ഇത് ഏതു പ്രായത്തിലുള്ളവർക്കും വരാമെങ്കിലും മുതിർന്നവരിലാണ് കൂടുതലായി കാണുന്നത്.

പ്രമേഹം ഉള്ളവർക്കും, ശരീരത്തിനു പ്രതിരോധശേഷി കുറഞ്ഞവർക്കും, വണ്ണമുള്ളവർക്കും ഈ ഇൻഫെക്ഷൻ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഇവരിൽ അണുബാധ സങ്കീർണമാവുകയും ചെയ്യാം. ഈ ഘട്ടത്തിൽ നിർബന്ധമായും ഒരു ത്വരോഗ വിദഗ്‌ധനെ കാണേണ്ടത് അത്യാവശ്യമാണ്. പൊതുവേ പലരും തെട്ടടുത്തുള്ള മെഡിക്കൽ ഷോപ്പിൽ പോയി ഏതെങ്കിലും ക്രീം വാങ്ങി പുരട്ടുകയാണ് ചെയ്യാറ്. ആ ക്രീമുകളിലെല്ലാം പലപ്പോഴും ‌സ്റ്റെറോയിഡ് അടങ്ങിയിട്ടുണ്ടാവും. അങ്ങനെയുള്ള ക്രീമുകൾ ഉപയോഗിക്കുന്നപക്ഷം ഫംഗൽ ഇൻഫെക്ഷൻ മാറില്ലെന്നു മാത്രമല്ല, കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. പിന്നീട് അവ ചികിത്സിച്ച് മാറ്റാൻ ബുദ്ധിമുട്ടാവും. ഇങ്ങനെയുള്ള അണുബാധകൾ കണ്ടാൽ സ്വയം ചികിത്സയ്ക്കു മുതിരാതിരിക്കുക. അണുബാധകൾ തടയാനായി പല പ്രാവശ്യം കുളിക്കുകയും ശരീരം നനവില്ലാതെ ഡ്രൈ ആക്കി വയ്ക്കുക എന്നുള്ളതുമാണ് പ്രധാനം.

ചർമത്തിന്റ ആരോഗ്യത്തിനായി വേനലിൽ ചെയ്യേണ്ടുന്നവ:

  • കൂടുതൽ പ്രാവശ്യം കുളിക്കുക
  • ധാരാളം വെള്ളം കുടിക്കുക
  • വെയിൽ കൂടുതലുള്ള സമയങ്ങളിൽ കഴിവതും പുറത്തിറങ്ങാതിരിക്കുക
  • ഇരുണ്ട നിറത്തിലുള്ള വസ്ത്രങ്ങൾ വേനലിൽ ഒഴിവാക്കുക
  • സൂര്യൻ നേരിട്ട് ശരീരത്തിലേക്ക് അടിക്കാൻ അനുവദിക്കാത്ത തരത്തിലെ വസ്ത്രങ്ങൾ ധരിക്കുക
  • സൺസ്ക്രീൻ ഒഴിവാക്കാതിരിക്കുക