Causes of Heart Attacks in young adults.

ലോകത്ത് ഏറ്റവും കൂടുതല്‍ പേരുടെ മരണത്തിന് ഇടയാക്കുന്ന രോഗമാണ് ഹൃദ്രോഗം. ആഗോളതലത്തില്‍ നടക്കുന്ന മരണങ്ങളില്‍ മൂന്നിലൊന്നും ഹൃദ്രോഗങ്ങള്‍ മൂലമാണ്.ചെറുപ്പക്കാരിലെ Heart Attack ആണ് ഇപ്പോൾ സമൂഹത്തിലെ ഏറ്റവും വലിയ വിപത്തായി കണ്ട് വരുന്നത്.

ഹൃദയസംബന്ധമായ രോഗങ്ങള്‍ പ്രധാനമായും മൂന്നു വിധത്തിലുണ്ട്. ഹൃദയാഘാതം, ഹൃദയസ്തംഭനം, ഹാര്‍ട്ട് ഫെയ്‌ലിയര്‍. സാധാരണ ഗതിയിൽ ഈ മൂന്ന് അവസ്ഥകളും തമ്മില്‍ ബന്ധപ്പെട്ടു കിടക്കുന്നതാണെങ്കിലും മൂന്നും വ്യത്യസ്തമാണ്.

ഹാർട്ട് ഫെയ്ല‌ിയർ ആണ് ഏറ്റവും കൂടുതൽ ആളുകൾ കൂടുതൽ ദിവസങ്ങൾ ആശുപത്രിയിൽ കിടക്കേണ്ടി വരുന്ന അവസ്ഥ ഉണ്ടാക്കുന്നത്. ഹൃദയാഘാതം പെട്ടെന്ന് സംഭവിക്കുന്ന ഒന്നാണ്, മരണം സംഭവിക്കാം. ഹൃദയാഘാതം സംഭവിക്കുന്നതു മൂലമുണ്ടാകുന്ന ഒരു സങ്കീർണ്ണത എന്ന നിലയിൽ ഹൃദയസ്‌തംഭനവും, ഹാർട്ട് ഫെയ്ലിയറും ഇതിലൂടെ സംഭവിക്കാം. ചെറുപ്പക്കാരായ പലർക്കും ആദ്യം ഹാർട്ട് അറ്റാക്ക് വരികയും പിന്നീട് ജീവിത കാലം മുഴുവനും അതിൻ്റെ പ്രയാസങ്ങൾ പേറി നടക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. ഹൃദയസ്ത‌ംഭനം എന്നത് മരണം തന്നെയാണ്. എന്നാൽ ചില ഘട്ടങ്ങളിൽ അതിൽ നിന്ന് കൃത്യസമയത്ത് ഇടപെടൽ ഉണ്ടായാൽ ആളുകളെ തിരിച്ചുകൊണ്ടു വരാൻ സാധിക്കും. ബി എൽ എസ് – ബേസിക് ലൈഫ് സപ്പോർട്ട് ട്രെയ്നിംഗ് ലഭിച്ചവർക്ക് ഇത്തരം സന്ദർഭങ്ങളിൽ രോഗികളെ സഹായിക്കാനാകും. ഹൃദയാഘാതമുണ്ടാവുമ്പോൾ ഉടനെ ഐസിയു വിൽ കിടത്തുന്നത് ഇതുണ്ടാവുകയാണെങ്കിൽ ഉടൻ ഇടപെടാനാണ്.

ഹൃദയ പേശികളിലേക്കു പോകുന്ന രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞ് കുഴലുകൾ ചുരുങ്ങുന്നതാണ് ഹൃദയാഘാതത്തിലേക്ക് നയിക്കുന്നത്. ആദ്യം ചെറിയ തോതിലാണെങ്കിലും ക്രമേണ അവ വളർന്ന് രക്തസഞ്ചാരത്തെ തടസ്സപ്പെടുത്തുകയും അവിടെ പെട്ടെന്നൊരു ദിവസം രക്തം കട്ട പിടിക്കുമ്പോഴാണ് അത് ഹൃദയാഘാതത്തിലേക്ക് എത്തുന്നത്.

ഹൃദയത്തിലേക്ക് രക്‌തമെത്തിക്കുന്ന ധമനികളിൽ ഉണ്ടാകുന്ന തടസ്സം ഹൃദയപേശികളെ ദുർബലമാക്കുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യാം. ആർക്കും ഏത് പ്രായത്തിലും ഹൃദയാഘാതം ഉണ്ടാകാമെങ്കിലും ഇതിനുള്ള അപകടസാധ്യത വർധിപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.

 കൊളസ്ട്രോൾ

രക്തത്തിലെ കൊളസ്ട്രോൾ തോത് വർധിക്കുന്നത് ഹൃദയാഘാതത്തിന് പിന്നിലെ മുഖ്യ കാരണങ്ങളിൽ ഒന്നാണ്. ഭക്ഷണത്തിലെ ഫൈബർ തോത് കൂട്ടിയും കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ തിരഞ്ഞെടുത്തും നിത്യവും വ്യായാമത്തിൽ ഏർപ്പെട്ടും കൊളസ്ട്രോൾ തോത് കുറയ്ക്കാൻ ശ്രമിക്കാവുന്നതാണ്. ആവശ്യമെങ്കിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഇതിന് മരുന്നുകളും കഴിക്കാം.

 പ്രമേഹം

65 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ, പ്രമേഹമുണ്ടെങ്കിൽ ഹൃദയാഘാതം മൂലം ജീവൻ നഷ്ടമാകാനുള്ള സാധ്യത 68 ശതമാനമാണ്. ഇതിനാൽ രക്തത്തിലെ പഞ്ചസാരയുടെ തോത് ഇടയ്ക്കിടെ പരിശോധിച്ച് അത് നിയന്ത്രണത്തിൽ നിർത്താനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.

 രക്‌തസമ്മർദം

പരിധി വിട്ടുയരുന്ന രക്‌തസമ്മർദമാണ് ഹൃദയാഘാതത്തിന്റെ മറ്റൊരു കാരണം. ഉപ്പും കൊഴുപ്പും കുറഞ്ഞ ഭക്ഷണക്രമം, വ്യായാമം, മദ്യപാനം നിർത്തൽ, ഭാരനിയന്ത്രണം, മാനസിക സമ്മർദം ഒഴിവാക്കൽ തുടങ്ങിയവ രക്തസമ്മർദത്തെ നിയന്ത്രണത്തിൽ നിർത്താൻ സഹായിക്കും.

 അമിത വണ്ണം

അമിതമായ വണ്ണവും കുടവയറും ഹൃദയാരോഗ്യത്തിന് ഭീഷണിയുയർത്തുന്ന ഘടകമാണ്. ബോഡി മാസ് ഇൻഡെക്സ് ഉയർന്നവർ ഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾ ഇതിനാൽ തന്നെ നടത്തേണ്ടതാണ്.

 പുകവലി

അഞ്ചിൽ ഒരു ഹൃദയാഘാത മരണത്തിന് പിന്നിലും പുകവലി ഒരു കാരണമാണ്. പുകവലിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയും രണ്ട് മുതൽ നാല് മടങ്ങ് അധികമാണ്. പുകവലി ഹൃദയത്തിലേക്ക് എത്തുന്ന ഓക്സിജന്റെ അളവ് കുറയ്ക്കുകയും രക്തസമ്മർദം ഉയർത്തുകയും രക്തധമനികൾക്ക് കേട് വരുത്തുകയും ക്ലോട്ടുകൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

 വ്യായാമം

സജീവമല്ലാത്ത ജീവിതശൈലിയാണ് ഹൃദ്രോഗ സാധ്യതയുയർത്തുന്ന മറ്റൊരു ഘടകം. മിതമായ തോതിൽ നിത്യവുമുള്ള വ്യായാമം വഴി അമിതവണ്ണം, പ്രമേഹം, കൊളസ്ട്രോൾ എന്നിവയെല്ലാം നിയന്ത്രിക്കാൻ കഴിയും. ഇത് ഹൃദയാരോഗ്യത്തെയും മികച്ചതാക്കി നിലനിർത്തും. മുതിർന്നവർ ആഴ്ചയിൽ കുറഞ്ഞത് 150 മിനിറ്റ് നടപ്പ് പോലുള്ള മിതമായ വ്യായാമത്തിൽ ഏർപ്പെടേണ്ടതാണ്.

 സമ്മർദം

മാനസികമായ സമ്മർദം പലരെയും ഹൃദയാഘാതത്തിലേക്ക് തള്ളി വിടാറുണ്ട്. ശ്വസന വ്യായാമങ്ങൾ, യോഗ, മികച്ച ടൈം മാനേജ്‌മെന്റ്റ് എന്നിവയെല്ലാം മാനസിക സമ്മർദത്തെ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും.

 ലിംഗപദവി

ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് കൂടുതലാണ്. അതേ സമയം ഹൃദയാഘാതം മൂലം മരണപ്പെടാനുള്ള സാധ്യത സ്ത്രീകൾക്കാണ് കൂടുതൽ.

 വാർധക്യം

പ്രായം കൂടും തോറും ഹൃദയാഘാതത്തിനുള്ള സാധ്യതയും വർധിക്കും. 45 വയസ്സിനു ശേഷം പുരുഷന്മാരിലും 50 നു ശേഷം സ്ത്രീകളിലും ഹൃദയാഘാത സാധ്യത ഉയരുന്നു. ഇതിനാൽ പ്രായമായവർ ആവശ്യമായ പരിശോധനകൾ നടത്തേണ്ടതും ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ ഒഴിവാക്കേണ്ടതുമാണ്.

ഹാർട്ട് അറ്റാക്കും ഹാർട്ട് ഫെയ്‌ലിയറും ഒന്നാണോ ..? l Heart attack and Heart failure

ചെറുപ്പക്കാരിലെ ഹൃദയാഘാതം: കാരണങ്ങൾ

മുമ്പൊക്കെ പ്രായം ചെന്നവരിൽ മാത്രമായിരുന്നു ഹൃദയ സംബന്ധമായ പ്രശ്നങ്ങളൊക്കെ കണ്ടിരുന്നത്. ഹാർട്ട് അറ്റാക്ക് ചെറുപ്പക്കാരിൽ സംഭവിക്കില്ല എന്നത് തെറ്റായ ഒരു ധാരണയാണ്. ഇന്ന് മുപ്പതും നാല്പതും പ്രായത്തിലുള്ളവരിലൊക്കെ വളരെ വ്യപകമായി ഇത് കണ്ടുവരുന്നു ഈ മാറ്റത്തിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ജീവിത ശൈലിയിലെ മാറ്റങ്ങൾ തന്നെയാണ്. മോശം ഭക്ഷണ ശീലവും തെറ്റായ ആരോഗ്യ ക്രമങ്ങളുമൊക്കെ ഇതിന് ആക്കം കൂട്ടുന്നു.ഈ അടുത്ത കാലത്തായി നിരവധി ചെറുപ്പക്കാരാണ് ഹൃദയാഘാതം മൂലം മരണപ്പെടുന്നത്. പണ്ട് പ്രായമായവരിൽ മാത്രം കണ്ടുവന്നിരുന്ന ഈ അവസ്ഥ ഇപ്പോൾ പ്രായഭേദമന്യേ എല്ലാവരെയും ബാധിക്കുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. മാറി കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണശൈലിയുമൊക്കെയാണ് ഹൃദയാഘാതത്തിൻ്റെ പ്രധാന കാരണങ്ങൾ. ചെറുപ്പക്കാരിൽ ഹൃദയാഘാതം കൂടാനുള്ള പ്രധാന കാരണങ്ങളിൽ ചിലതാണ് പുകവലി, അമിതവണ്ണം, മാനസിക സമ്മർദ്ദം തുടങ്ങിയവ. ഒരു പരിധി വരെ രോഗത്തെ നിയന്ത്രിക്കാൻ ഇവയൊക്കെ ഒഴിവാക്കിയാൽ സാധിക്കും എന്നതാണ് യാഥാ‍ർത്ഥ്യം.

അമിത രക്തസമ്മർദ്ദം, അമിത വണ്ണം, പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയവയൊക്കെ ചെറുപ്പക്കാരിലും ഹൃദയ സംബന്ധമായ രോഗങ്ങളുടെയും ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള സാധ്യതയുടെയും നിരക്ക് വർധിപ്പിക്കുന്നു. കോവിഡ് – 19 വന്നവരിൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കൂടുതലാണെന്നാണ് മനസിലാകുന്നത്.

ഹൃദയാഘാതം ഉണ്ടാകുന്നതിന് പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്. കുടുംബത്തിലാർക്കെങ്കിലും ഹൃദ്രോഗ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്കും ഉണ്ടാകുന്നതിന് ഉയർന്ന സാധ്യതയുണ്ട്.

പുകവലിയും മദ്യപാനവും ഹൃദയാഘാതം ഉണ്ടാകുന്നതിനുള്ള സാധ്യത ഇരട്ടിയാക്കുന്നു. ഈ ശീലങ്ങൾ രക്തക്കുഴലുകളുടെ പ്രവർത്തനം അനാരോഗ്യകരമാക്കുകയും രക്തപ്രവാഹം തടസ്സപ്പെടുത്തുകയും ചെയ്യും. രക്ത ധമനികളിൽ കൊഴുപ്പടിഞ്ഞ് ബ്ലോക്ക് ഉണ്ടാകുന്നതിനും ഇത് കാരണമാകുന്നു. മറ്റ് ലഹരിവസ്തുക്കളുടെ ഉപയോഗവും ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കുന്നു.

മാനസിക സമ്മർദ്ദം കൂടുന്നതും ഹൃദയത്തിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. യുവാക്കളിൽ പിരിമുറുക്കം കൂടുതലാണ്. ഇത് കൂടാതെ മോശം ഭക്ഷണശീലം, ഉറക്കക്കുറവ്, വ്യായാമക്കുറവ് തുടങ്ങിയവയെല്ലാം ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

ഹൃദയാഘാതം വരാതിരിക്കാൻ

ചെറുപ്പക്കാരിലെ ഹൃദയാഘാതം കുറയ്ക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇതിനായി ജീവിതശൈലിയിൽ വ്യക്തമായ മാറ്റങ്ങൾ കൊണ്ടുവരേണ്ടതുണ്ട്. ശരീരഭാരം ആരോഗ്യകരമായി നിർത്താൻ ശ്രദ്ധിക്കുക. പതിവായി വ്യായാമം ചെയ്യുക. ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക. സമ്മർദ്ദം കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുക. പുകവലിയും മദ്യപാനവും ഒഴിവാക്കുക. ഇത് കൂടാതെ കൃത്യമായ ഇടവേളകളിൽ ഹൃദയ പരിശോധന നടത്തുക.