പ്രഷർ, ഷുഗർ, കൊളസ്ട്രോൾ ഈ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ അറിയാം. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവർ. ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണിത്. ഫാറ്റി ലിവർ(Fatty liver) ഒരു ജീവിതശൈലീ രോഗമാണ്. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും.

 ശരീരത്തിൽ ലിവർ ചെയ്യുന്ന ജോലികൾ എന്തൊക്കെ ?

സങ്കീർണമായ നിരവധി ധർമ്മങ്ങൾ ശരീരത്തിൽ നിർവഹിക്കുന്ന അതിപ്രധാനമായ ആന്തരികാവയവമാണ് കരൾ. ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയും കരൾ തന്നെ.

ഏതാണ്ട് 1.5 കിലോയാണ് ഒരു മുതിർന്നയാളുടെ കരളിന്റെ തൂക്കം. ശരീരത്തിലെ രാസ പരീക്ഷണശാല എന്നുവിളിക്കുന്ന അവയവം ആണ് കരൾ. മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും സംസ്ക‌രിച്ച് കളഞ്ഞ് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു. ശരീരത്തിന്റെ

ദഹനത്തിനാവശ്യമായ പിത്തരസം(Bile) ഉദ്പാദിപ്പിക്കുന്നത് കരളിലാണ്. കൊളസ്ട്രോളിനെ രക്തത്തിൽ കൂടി സഞ്ചരിക്കുവാൻ സഹായിക്കുന്ന ലിപ്പോ പ്രോട്ടീനുകളുടെ ഉൽപാദനവും വിഘടനവും കൂടാതെ കൊളസ്ട്രോൾ നിർമാണവും സംസ്കരണവും നടക്കുന്നതു കരൾകോശങ്ങളിലാണ്.

കേടുപറ്റിയാൽ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനർജനിപ്പിക്കാനുമുള്ള ശേഷി കരളിനുണ്ട്. രോഗലക്ഷണങ്ങൾ ഒട്ടും തന്നെ പ്രകടിപ്പിക്കാതെ പ്രവർത്തനം തുടരുന്നതിനാൽ ഒട്ടുമിക്ക കരൾ രോഗങ്ങളും ഏറെ വൈകിയാണ് കണ്ടുപിടിക്കാറുള്ളത്.

എന്താണ് ഫാറ്റി ലിവർ? | what is fatty liver

കരളിൽ കൊഴുപ്പടിയൽ എന്ന് ലളിതമായി പറയാം. ഫാറ്റി ലിവർ ഉള്ള എല്ലാവർക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല. പക്ഷേ, ചിലരിൽ കരളിൽ നിറയുന്ന കൊഴുപ്പിന്റെ പ്രവർത്തനം മൂലം കോശങ്ങൾക്ക് തകരാർ സംഭവിക്കുകയും നീർക്കെട്ട് ഉണ്ടാവുകയും ചെയ്യും. അത് പിന്നീട് ലിവർ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കും.

ഫാറ്റി ലിവറിന്റെ കാരണങ്ങൾ എന്തൊക്കെ? What are the causes of fatty liver

ഫാറ്റി ലിവർ പ്രധാനമായും രണ്ടു തരത്തിലാണ്. മദ്യപിക്കുന്നതു മൂലമുണ്ടാകുന്ന ഫാറ്റി ലിവറും മദ്യപാനം മൂലം അല്ലാതെ വരുന്ന ഫാറ്റി ലിവറും. ഫാറ്റി ലിവറിന്റെ പ്രധാന കാരണമാണ് ആദ്യത്തേത്. സ്‌ഥിരമായി മദ്യപിക്കുന്നവരിൽ 90% പേരിലും ഈ രോഗാവസ കാണപ്പെടുന്നുണ്ട്.

മദ്യപിക്കുന്നവരിൽ മാത്രമല്ല, ജീവിതശൈലിയിലെ ക്രമക്കേടുകൾകൊണ്ട് മദ്യപിക്കാത്തവരിലും ഫാറ്റി ലിവർ ഉണ്ടാകാറുണ്ട്. ഇത് നോൺ-ആൽക്കഹോളിക് ी थी (NON ALCOHOLIC FATTY LIVER) എന്നാണ് അറിയപ്പെടുന്നത്. അനിയന്ത്രിതമായ പ്രമേഹം, അമിതവണ്ണം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയവയൊക്കെ മദ്യപിക്കാത്തവരിലെ ഫാറ്റി ലിവറിന് വഴിയൊരുക്കുന്ന ഘടകങ്ങൾ.

കരളിലുണ്ടായേക്കാവുന്ന ഒത്തിരി രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ കാണപ്പെടാറുണ്ട്. ഉദാഹരണമായി, ഹെപ്പറ്റൈറ്റിസ് സി, വിൽസൺസ് ഡിസീസ് തുടങ്ങിയ ചില അപൂർവ്വ കരൾ രോഗങ്ങളുടെ ആദ്യ ലക്ഷണമായും ഫാറ്റി ലിവർ കാണപ്പെടാറുണ്ട്. ചില മരുന്നുകളുടെ സ്ഥിരമായ ഉപയോഗവും ഫാറ്റി ലിവറിനു സാധ്യത കൂട്ടും. അത് പോലെ തന്നെ പെട്ടെന്നു വണ്ണം കുറയ്ക്കാൻ പട്ടിണി കിടക്കുമ്പോഴും ഫാറ്റി ലിവർ ഉണ്ടാകാം.

എങ്ങനെയാണ് ആഹാരം കൂടുതൽ കഴിച്ചാൽ ഫാറ്റി ലിവർ ഉണ്ടാകുന്നത്?

ദഹിച്ച എല്ലാ ആഹാര പദാർഥങ്ങളും ഗ്ളൂക്കോസ് തുടങ്ങിയ ഘടകങ്ങളായി വിഘടിപ്പിക്കപ്പെട്ടാണ് ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നത്. ഈ ഘടകങ്ങളെല്ലാം തന്നെ കരളിലെത്തുന്നു. ശരീരത്തിന് ആവശ്യമായ ഗ്ളൂക്കോസ് സംഭരിച്ച ശേഷം കരൾ ബാക്കിയുള്ളവയെ കൊഴുപ്പാക്കി മാറ്റി കോശങ്ങളിൽ സംഭരിക്കുന്നു. എന്നാൽ കരളിന്റെ സംഭരണശേഷിക്ക് താങ്ങാനാവുന്നതിനപ്പുറം ഗ്ളൂക്കോസ് കരളിൽ എത്തിയാൽ, കൊഴുപ്പ് വിതരണം ചെയ്യാനാകാതെ കരളിൽ തന്നെ അടിഞ്ഞുകൂടി ഫാറ്റി ലിവറിനിടയാക്കും.

എന്തൊക്കെയാണ് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ?

തുടക്കത്തിൽ ഫാറ്റി ലിവർ ഉൾപ്പെടെ മിക്ക കരൾ രോഗങ്ങൾക്കും പ്രകടമായ ലക്ഷണങ്ങൾ ഉണ്ടാകാറില്ല. മറ്റ് ആവശ്യങ്ങൾക്കുവേണ്ടിയോ, മെഡിക്കൽചെക്കപ്പിൻ്റെ ഭാഗമായോ സ്കാൻ ചെയ്യുമ്പോഴാണ് ഇതു കണ്ടെത്തുന്നത്. പക്ഷേ, രോഗം മൂർഛിക്കുമ്പോൾ മാത്രം ചില ലക്ഷണങ്ങൾ കണ്ടേക്കാം. അടിവയറ്റിൽ വേദന, തലചുറ്റൽ, ക്ഷീണം, അസ്വസ്ഥത, ഭാരകുറവ് എന്നിവ ചിലർക്ക് അനുഭവപ്പെടാറുണ്ട്.

ഇത് എങ്ങനെ കണ്ടു പിടിക്കാം?

Fatty Liver

(Ultrasound) സ്കാനിങ്ങിലൂടെയാണ് ഫാറ്റി ലിവർ ആദ്യം കണ്ടെത്തുന്നത്. രക്തപരിശോധന (LFT-ലിവർ ഫങ്ഷൻ ടെസ്റ്റ്) ചെയ്‌താൽ തീവ്രത കുറച്ചും കൂടി മനസ്സിലാക്കാനാകും. ലിവർ ഫങ്ഷൻ ടെസ്റ്റിൽ ലിവർ എൻസൈമുകളുടെ അളവുകൾ സാധാരണത്തേക്കാൾ കൂടുതൽ കാണുന്നത് കരൾ തകരാറുണ്ട് എന്നതിൻ്റെ ലക്ഷണമാണ്. വേറെ അസുഖമാണെന്ന് സംശയം ഉണ്ടെങ്കിൽ ഡോക്ടർ ചിലപ്പോൾ ലിവർ ബയോപ്സി (liver biopsy) ചെയ്യാനും പറയും.

(CIRRHOSIS) ആകുമോ?

സാധാരണ ഗതിയിൽ ഫാറ്റി ലിവർ അപകടകാരിയല്ല. എന്നാൽ ഒരാൾക്ക് ഫാറ്റി ലിവർ എന്ന അവസ്‌ഥ ഉണ്ടായിരിക്കെ എൽ.എഫ്.റ്റി-യിൽ (LFT) അപാകതകളുണ്ടാകയും ചെയ്ത‌ാൽ ഭാവിയിൽ അത് ഗുരുതരമായ കരൾരോഗങ്ങൾക്ക് കാരണമായേക്കാം.

പരിഹരിക്കാൻ കഴിയാത്ത വിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവർ സിറോസിസ് എന്ന രോഗം. ലിവർ സിറോസിസ് വന്നുകഴിഞ്ഞാൽ കരളിനെ ചികിൽസിച്ച് പൂർവസ്ഥിതിയിൽ ആക്കാൻ കഴിയില്ല. അത് കൊണ്ട് തന്നെ ഫാറ്റി ലിവർ കണ്ടു പിടിച്ചാൽ, കരളിന് വിശ്രമം കൊടുത്തു പഴയതു പോലെ ആക്കാൻ ശ്രമിക്കണം.

ഫാറ്റി ലിവർ എങ്ങനെ ചികിത്സിക്കാം?

ഫാറ്റി ലിവർ എന്ന രോഗത്തെ മരുന്നുകൾ കൊണ്ടു ചികിത്സിക്കാനാവില്ല. ഭക്ഷണ വ്യായാമപ്ലാനുകളിലൂടെ ചികിത്സിക്കുക. ചികിത്സയ്ക്കുശേഷം രോഗി പഴയ ജീവിതശൈലിയിലേക്കുതന്നെ തിരികെപ്പോയാൽ ഫാറ്റി ലിവർ തിരികെ വരാൻ മാസങ്ങൾ മതി. അതുകൊണ്ടു തന്നെ രോഗികളുടെ പ്രതിജ്ഞാബദ്ധത ചികിത്സയുടെ അവിഭാജ്യഘടകമാണ്. ഫാറ്റി ലിവർ തടയാൻ സഹായിക്കുന്ന ചില മാർഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ

1. ഫാറ്റി ലിവർ രോഗമുള്ളവർ മധുരമുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. ചോക്ലേറ്റ്സ്, ഐസ്ക്രീം, സ്വീറ്റ്സ് പോലുള്ള ഭക്ഷണങ്ങൾ ഒരു കാരണവശാലും കഴിക്കരുത്.

2. കൊഴുപ്പുള്ള ഭക്ഷണങ്ങൾ ദോഷകരമാണ്. ഇറച്ചി, ചീസ്, പനീർ പോലുള്ള ഭക്ഷണങ്ങൾ കഴിവതും ഒഴിവാക്കുക.

3. ഫാറ്റി ലിവർ രോഗമുള്ള ഒരാൾ ഒരു കാരണവശാലും കുറച്ചു പോലും മദ്യപിക്കരുത്. മദ്യപാനം ശരീരഭാരം കൂട്ടുകയും കരളിൽ കൊഴുപ്പ് അടിഞ്ഞ് ഫാറ്റി ലിവർ കൂടാനും സാധ്യതയേറെയാണ്.

4. കൊഴുപ്പ് ആഹാരം വളരെ കുറക്കുക. രക്തത്തിലെ കൊഴുപ്പിനെ സംസ്‌കരിക്കാനുള്ള കരളിന്റെ ശേഷി ഇല്ലാത്തതു കാരണം കൊഴുപ്പ് കഴിച്ചാൽ അസുഖം വഷളാകും.

5. പ്രോസസ്ഡ് മീറ്റ് ഒഴിവാക്കുക. രുചിയിൽ മാറ്റം വരുത്തുന്നതിനും കേടുകൂടാതെ ഇരിക്കുന്നതിനുമായെല്ലാം ധാരാളം രാസചേരുവകൾ ചേർത്താണ് പ്രോസസ്‌ഡ് മീറ്റ് തയ്യാറാക്കുന്നത്. ഇത് ഫാറ്റി ലിവർ ഉണ്ടാക്കും.

6. ഫാറ്റി ലിവർ പ്രശ്‌നമുള്ളവർ എണ്ണയിലുള്ള ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ അടങ്ങിയ ഭക്ഷണങ്ങളിൽ കലോറി ധാരാളം അടങ്ങിയിട്ടുണ്ട്. അത് കരളിന് കൂടുതൽ ജോലി കൊടുക്കുകയേയുള്ളു.

7. മദ്യം പൂർണമായി ഒഴിവാക്കുക. മദ്യത്തെ രാസപദാർഥങ്ങളായി വിഘടിപ്പിക്കുന്നതു കരളാണ്. അതുകൊണ്ടു തന്നെ മദ്യം ദോഷകരമായി ബാധിക്കുന്നത് കരളിനെയാണ്.

8. സ്വയം ചികിത്സ ഒഴിവാക്കുക. ആവശ്യമില്ലാതെ മരുന്നുകൾ കഴിക്കരുത്. പ്രത്യേകിച്ചും വേദന സംഹാരികൾ ഒഴിവാക്കുക.

9. സോഫ്റ്റ് ഡ്രിങ്ക്‌സ് കുടിക്കുന്നത് നിർത്തുക. ഇത് ആരോഗ്യത്തിന് ഹാനികരമാണെന്ന് പണ്ടുമുതലേ പഠനങ്ങൾ തെളിയിച്ചതാണ്. ഇവയുടെ ഉപയോഗം ഫാറ്റി ലിവർ പോലെയുള്ള കരൾ രോഗങ്ങൾക്കും പൊണ്ണത്തടിക്കും അസ്ഥിക്ഷയത്തിനുമൊക്കെ കാരണമാകും.

ചെയ്യണ്ട കാര്യങ്ങൾ

10. കുറഞ്ഞപക്ഷം 2 ലിറ്റർ വെള്ളം കുടിക്കുക. വിഷാംശം പുറന്തള്ളാനും ശരീരത്തിന് ഉണർവ് നൽകാനും വെള്ളത്തിന് കഴിവുണ്ട്.

11. അമിതവണ്ണം കുറയ്ക്കുക. ചിട്ടയായ വ്യായാമവും ആഹാരനിയന്ത്രണവും അമിത വണ്ണം കുറയ്ക്കും. ദിവസേന മുക്കാൽ മുതൽ ഒരു മണിക്കൂർ വരെയെങ്കിലും ചിട്ടയായി വ്യായാമം ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. ആഹാരരീതികളിൽ മാറ്റം വരുത്തി എണ്ണയുടെയും കൊഴുപ്പിൻ്റെയും ഉപയോഗം കുറയ്ക്കണം. 5% വണ്ണം കുറക്കുമ്പോൾ തന്നെ ഫാറ്റി ലിവർ നല്ല വ്യത്യാസം വരും.

12. രക്തത്തിലെ പഞ്ചസാരയുടെയും, കൊളസ്ട്രോളിൻ്റെയും അളവുകൾ കൃത്യമായി നിലനിർത്തുന്നത് ഫാറ്റി ലിവർ കുറയ്ക്കും.

13. പഴങ്ങൾ, ഇലക്കറികൾ, പച്ചക്കറികൾ, ഇവ ഉൾപ്പെട്ട നാരുകൾ ഉള്ള ഭക്ഷണത്തിന് പ്രാധാന്യം നൽകുക. പൊണ്ണത്തടി കുറക്കാനും കൊളസ്ട്രോൾ നിയന്ത്രിക്കാനും പ്രമേഹരോഗികൾക്ക് ആശ്വാസം നൽകാനും നാരുകൾ അടങ്ങിയ ഭക്ഷണത്തിനു കഴിയും.

14. ഒമേഗ 3 അടങ്ങിയ പച്ചക്കറികളും മത്സ്യങ്ങളും ചില നട്‌സുകളും കരളിന്റെ ആരോഗ്യം കാക്കാൻ മികച്ചതാണ്.

15. കരൾ രോഗം കൂടുന്നുണ്ട് എന്ന് നിങ്ങൾ സംശയിക്കുന്നുവെങ്കിൽ (Gastroenterologist) കാണുക.

ഇന്ത്യയിൽ പത്തിൽ ഒരാൾക്കു ഫാറ്റി ലിവർ ഉണ്ടെന്നാണ് കണക്ക്. ഫാറ്റി ലിവർ ശ്രദ്ധിച്ചില്ലെങ്കിൽ അപകടകാരി ആകുമെന്ന് നിങ്ങൾക്കു ഇപ്പോൾ മനസിലായില്ലേ..ഫാറ്റി ലിവർ വരാതെ നോക്കുകയാണ് ചികിത്സിച്ചു ഭേദമാക്കുന്നതിനേക്കാൾ നല്ലത്.!!