തലച്ചോറിന് ഏൽക്കുന്ന ആഘാതത്തിന് ആണ് സ്ട്രോക്ക് അഥവാ മസ്തിഷ്കാഘാതം എന്ന് പറയപ്പെടുന്നത്. ഇതിനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. വിവിധ കാരണങ്ങളാൽ തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുകയും തന്മൂലം മസ്തിഷ്ക കോശങ്ങളിലേക്കുള്ള ഓക്സിജൻ ലഭ്യതയിൽ കുറവുണ്ടായി അവയ്ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നതിനെയാണ് സ്ട്രോക്ക് എന്നും പറയുന്നത്. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടി രക്തസ്രാവം ഉണ്ടാകുകയും അതുമൂലം കോശങ്ങളിൽ നീർക്കെട്ട് വന്ന് അവയുടെ പ്രവർത്തനം നശിക്കുന്നതിനെയാണ് ഹെമറാജിക് സ്ട്രോക്ക് എന്ന് പറയുന്നത് .ചികിത്സാ രീതികളെ പറ്റിയാണ് ഈ ലേഖനത്തിൽ നമ്മൾ പ്രതിപാദിക്കുന്നത്.

ലോകത്താകമാനം സംഭവിക്കുന്ന മരണകാരണങ്ങളിൽ രണ്ടാം സ്ഥാനമാണ് സ്ട്രോക്കിനുള്ളത്. പ്രായഭേദമന്യേ നാലിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് സ്ട്രോക്ക് വരുവാൻ സാധ്യതയുണ്ട് .

ഇന്ത്യയിലെ ഒരു വർഷത്തെ സ്ട്രോക്ക് നിരക്കുകൾ നോക്കുകയാണെങ്കിൽ ലക്ഷത്തിൽ 100 മുതൽ 150 വരെ ആളുകൾക്ക് പുതുതായി സ്ട്രോക്ക് ഉണ്ടാകുന്നതായി കണക്കുകൾ കാണിക്കുന്നു.

രോഗലക്ഷണങ്ങൾ

തലച്ചോറിലെ ഏതു ഭാഗത്തെ രക്ത പ്രവാഹമാണോ തടസ്സപ്പെടുന്നത് അതിനുസൃതമായ രോഗലക്ഷണങ്ങൾ ആണ് പ്രകടമാകുന്നത് എന്നിരുന്നാലും പൊതുവായ ചില രോഗലക്ഷണങ്ങൾ താഴെ പറയുന്നു.

  • പക്ഷാഘാതം ശരീരത്തിന്റെ ഒരു ഭാഗത്തുണ്ടാകുന്ന തളർച്ച . ( ,കൈകാലുകൾ , മുഖം എന്നിവയുടെ ബലക്കുറവ് ).
  • സംസാരത്തിലെ ബുദ്ധിമുട്ട് സംസാരം തിരിച്ചറിയുന്നതിനോ വാക്കുകൾ പ്രകടിപ്പിക്കുന്നതിതിനോ ഉള്ള ബുദ്ധിമുട്ട് /സംസാരിക്കുമ്പോൾ ഉണ്ടാകുന്ന കുഴച്ചിൽ.
  • പെട്ടെന്ന് ഉണ്ടാകുന്ന കാഴ്ചമങ്ങൽ
  • രണ്ടായി കാണുക
  • തലകറക്കം
  • ശരീരസന്തുലനം നഷ്ടമാകുക
  •  അസഹനീയമായ തലവേദന
  • അകാരണമായ ഛർദി
  • പെട്ടന്നുണ്ടാകുന്ന ബോധക്ഷയം

ഭൂരിഭാഗം രോഗികളിലും സ്ട്രോക്ക് രോഗലക്ഷണങ്ങൾ വളരെ പെട്ടെന്ന് പ്രകടമാകുന്നു. അപൂർവമായി ദിവസങ്ങളോളം രോഗ ലക്ഷണങ്ങളിലെ ഏറ്റവും കുറച്ചിലായും പ്രകടമാങ്ങാറുണ്ട് .കൃത്യമായ ക്ലിനിക്കൽ പരിശോധനയിലൂടെ സ്ട്രോക്ക് സംഭവിച്ചിട്ടുണ്ടോ എന്ന് നിർണയിക്കുവാനും അതിൻറെ തീവ്രതയെ ചെറുത്(Mild) ,ഇടത്തരം(moderate) ,കഠിനം(severe) എന്നിങ്ങനെ തരംതിരിക്കുവാനും സാധിക്കുന്നു.

സ്ട്രോക്കിലേക്ക് നയിക്കുന്ന ഘടകങ്ങൾ

 പ്രായമേറിയവരിലും പുരുഷന്മാരിലും സ്ട്രോക്ക് കൂടുതലായി കാണപ്പെടുന്നു. അനാരോഗ്യകരമായ ഭക്ഷണശീലം വ്യായാമക്കുറവ് മദ്യപാനം പുകവലി പ്രമേഹം രക്തസമ്മർദം ഉയർന്ന കൊളസ്ട്രോൾ ലെവൽ ഹൃദയമിടിപ്പിലെ വ്യതിയാനങ്ങൾ ഹൃദയത്തിൻറെ പമ്പിങ് കുറവ് കൃത്രിമ ഹൃദയ വാൽവുകൾ ഇവയെല്ലാം സ്ട്രോക്ക് വരാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.

രോഗനിർണയ പരിശോധനകൾ

സി റ്റി, ബ്രെയിൻ, സി റ്റി ആൻജിയോഗ്രാം, എം.ആർ.ഐ എന്നീ പരിശോധനകൾ വഴി തലച്ചോറിന്റെ ഏത് ഭാഗത്തെ രക്തപ്രവാഹത്തിനാണ് കുറവുള്ളത് എന്നും ഏതൊക്കെ രക്തക്കുഴലിലാണ് അടവുകൾ ഉള്ളതെന്നും തിരിച്ചറിയാൻ സാധിക്കുന്നു. രക്ത പരിശോധനകൾ, ഇസിജി, എക്കോ കാർഡിയോഗ്രാം, കരോട്ടിക് ഡോപ്ലർ എന്നിവയും സ്ട്രോക്കുമായി ബന്ധപ്പെ ട്ടുള്ള  രോഗനിർണയത്തിന് സഹായിക്കുന്നു.

കാരണങ്ങൾക്കനുശ്രിതമായി ദീർഘകാല ചികിത്സ വ്യത്യാസപ്പെടുന്നു.

സ്ട്രോക്ക് വന്നതിനുശേഷം ആജീവനാന്തം മരുന്നുകൾ കഴിക്കേണ്ടി വരാം. രക്തം കട്ട പിടിക്കാതിരിക്കാനുള്ള ആന്റി പ്ലേറ്റ്ലെറ്റ് , ആന്റി കൊയാഗുലന്റ്  മരുന്നുകൾ ജീവിതശൈലി രോഗങ്ങൾ എന്നിവയ്ക്കുള്ള മരുന്നുകളാണ് സാധാരണയായി ഉപയോഗിക്കുന്നത്. ഏതുതരം സ്ട്രോക്ക് ആയിരുന്നാലും വീണ്ടും വരാനുള്ള റിസ്ക് അധികമാണ്. അതിനാൽ തന്നെ മരുന്നുകളുടെ കൃത്യമായ ഉപയോഗവും ജീവിതശൈലി രോഗങ്ങളുടെ അതായത് ബിപി ,പ്രമേഹം എന്നിവയുടെ കർശനമായ നിയന്ത്രണവും പരമപ്രധാനമാണ്.

സ്ട്രോക്ക് വന്നതിനുശേഷം 25% ആളുകളും പരിപൂർണ്ണമായും സുഖപ്പെടുന്നു .25% രോഗികൾ ശയ്യാവലംബികളായി മാറുന്നു .ബാക്കി 50 ശതമാനം ആളുകളിൽ വിവിധങ്ങളായ വൈകല്യങ്ങൾ ഉണ്ടാകാം, എങ്കിലും നല്ലൊരു ശതമാനം രോഗികൾക്കും പരസഹായം ഇല്ലാതെ നടക്കാൻ സാധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാൻ സാധിക്കുന്നുണ്ട് .അതുകൊണ്ടുതന്നെ മരുന്നുകളെ പോലെ തന്നെ പുനരുദ്ധവാസവും പ്രധാനമാണ് സ്ട്രോക്ക് വന്ന് ഒരു മാസത്തിനകം ആണ് ഏറ്റവും അധികം വ്യത്യാസം വരാനുള്ള സാധ്യതകൾ ഉള്ളത് രോഗിഭരണ ചരണത്തിലും പുനരധിവാസവും കുടുംബത്തിന്റെ പൂർണമായ ശ്രദ്ധയും സഹകരണവും അത്യന്താപേക്ഷിതമാണ്. ഫിസിയോതെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവരുടെ സഹായത്തോടെയുള്ള ശരിയായ പുനരധിവാസം രോഗിക്ക് പരസഹായം കൂടാതെ നടക്കാൻ സാധിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരാനായി സഹായിക്കുന്നു.