പ്ലാസ്റ്റിക് കുപ്പികളിൽ(Plastic Bottles) വെള്ളം കുടിക്കുന്ന ശീലം നിർത്തൂ, കാരണം ഇതാണ്!
യാത്രകൾക്കും മറ്റും പോകുമ്പോൾ മിക്കവാറും പ്ലാസ്‌റ്റിക് കുപ്പികളിൽ(Plastic Bottles) നിന്ന് വെള്ളം കുടിച്ചാണ് നമുക്ക് ശീലം ചിലരാകട്ടെ ഉപയോഗ ശേഷം ഈ പ്ലാസ്‌റ്റിക് കുപ്പികൾ(Plastic Bottles) ഉപേക്ഷിക്കാതെ വീണ്ടും ഇതിൽ വെള്ളം നിറച്ച് ഉപയോഗിച്ചു കൊണ്ടിരിക്കും. എന്നാൽ ഇത്തരത്തിൽ പ്ലാസ്‌റ്റിക് കുപ്പികളിൽ നിന്ന് വെള്ളം കുടിക്കുന്നത് മൈക്രോപ്ലാസ്റ്റിക്കുകൾ രക്‌തപ്രവാഹത്തിലെത്തി രക്തസമ്മർദ്ദം വർധിക്കാൻ കാരണമാകുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു.
ഓസ്ട്രിയ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് മെഡിസിനിലെ ഗവേഷകരാണ് പഠനം നടത്തിയത്. പ്ലാസ്‌റ്റിക് കുപ്പിയിൽ അല്ലാതെ സൂക്ഷിച്ച പാനീയം കുടിച്ച സംഘത്തിൽ പെട്ടവരുടെ രക്തതസമ്മർദ്ദത്തിൽ ശ്രദ്ധേയമായ കുറവ് വന്നതായി ഗവേഷകർ നിരീക്ഷിച്ചു. പ്ലാസ്‌റ്റിക് കുപ്പികളിൽ പായ്ക്ക് ചെയ്യുന്ന പാനീയങ്ങൾ കുടിക്കരുതെന്നും മൈക്രോപ്ലാസ്‌റ്റിക്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം ശുപാർശ ചെയ്യുന്നു.
മനുഷ്യരുടെ ആരോഗ്യത്തിന് അത്യന്തം അപകടകരമായ ചെറു പ്ലാസ്‌റ്റിക് കണികകളായ മൈക്രോപ്ലാസ്‌റ്റിക്‌സ് ഹൃദ്രോഗം, ഹോർമോണൽ അസന്തുലനം, അർബുദ സാധ്യത എന്നിവയുമായും ബന്ധപ്പെട്ടിരിക്കുന്നു. പ്ലാസ്‌റ്റിക് കുപ്പികളിൽ പാനീയങ്ങൾ കുടിക്കുന്നതിലൂടെ ആഴ്‌ചയിൽ അഞ്ച് ഗ്രാം മൈക്രോപ്ലാസിക്കുകൾ മനുഷ്യരുടെ ഉള്ളിൽ പോകുന്നതായാണ് കണക്ക്.
പൈപ്പ് വെള്ളം തിളപ്പിക്കുന്നതിലുടെയും ഫിൽറ്റർ ചെയ്യുന്നതിലൂടെയും മൈക്രോപ്ലാസിക്കിന്റെയും നാനോപ്ലാസ്റ്റിക്കിന്റെയും സാന്നിധ്യം 90 ശതമാനം വരെ കുറയ്ക്കാൻ സാധിക്കുമെന്നും ഗവേഷകർ ചുണ്ടിക്കാണിക്കുന്നു.