nipah virus

വീണ്ടും നിപ(Nipah Virus), ജാഗ്രതയോടെ നേരിടാം ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ്(Nipah Virus) പാരാമിക്സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആർ.എൻ.എ. വൈറസ് ആണ്. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നോ പന്നികളിൽ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാൻ സാധ്യതയുണ്ട്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

രോഗലക്ഷണങ്ങൾ

വൈറസ് ശരീരത്തിനുള്ളിൽ പ്രവേശിച്ച് രോഗലക്ഷണങ്ങൾ പ്രകടമാകുന്ന കാലയളവ് (ഇൻക്യുബേഷൻ പിരീഡ്) 4 മുതൽ 14 ദിവസം വരെയാണ്. ഇത് ചിലപ്പോൾ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങൾ വ്യക്തമാകാൻ ഇത്രയും ദിവസങ്ങൾ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങൾ. ചുമ, വയറുവേദന, മനംപിരട്ടൽ, ചർദി, ക്ഷീണം, കാഴ്‌ചമങ്ങൽ തുടങ്ങിയ ലക്ഷണങ്ങളും അപൂർവമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങൾ ആരംഭിച്ച് ഒന്നു രണ്ടു ദിവസങ്ങൾക്കകം തന്നെ കോമ അവസ്ഥയിലെത്താനും സാധ്യതയുണ്ട്.തലച്ചോറിനെ ബാധിക്കുന്ന എൻസഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. വൈറസ് ശ്വാസകോശത്തേയും ബാധിക്കാൻ സാധ്യതയുണ്ട്.

സ്വീകരിക്കേണ്ട മുൻകരുതലുകൾ

  • അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവരിലും അതിസങ്കീർണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.
  • വൈറസ് ബാധയുള്ള വവ്വാലുകളിൽ നിന്നും രോഗം പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻ കരുതലുകൾ
  • വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളിൽ കഴിവതും പോകരുത്. വവ്വാൽ കടിച്ച പഴങ്ങളോ മറ്റോ സ്‌പർശിക്കാനോ കഴിക്കാനോ പാടില്ല.

രോഗം പകരാതിരിക്കാൻ വേണ്ടി എടുക്കേണ്ട മുൻകരുതലുകൾ

  • കൃത്യമായി മാസ്ക്‌ക് ഉപയോഗിക്കുക
  • സാമൂഹിക അകലം പാലിക്കുക
  • ഇടയ്ക്കിടയ്ക്ക് കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കൻഡ് സമയം നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കിൽ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
  • രോഗിയുമായി ഒരു മീറ്റർ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
  • രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കുള്ള സാമഗ്രികൾ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

രോഗം(Nipah Virus) പടരാതിരിക്കാൻ വേണ്ടി ആശുപത്രികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കുക
  • രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകൾ നടത്തുമ്പോഴും കയ്യുറകളും മാസ്കു‌ം ധരിക്കുക
  • സാംക്രമിക രോഗങ്ങളിൽ എടുക്കുന്ന എല്ലാ മുൻകരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ അധികൃതരെ വിവരം അറിയിക്കുക.

Seven things you need to know about Nipah virus

സ്വീകരിക്കേണ്ട സുരക്ഷാ രീതികൾ

  • ആൽക്കഹോൾ അടങ്ങിയ ഹാൻഡ് റബ്ബുകൾ ഉപയോഗിച്ച് കൈ കഴുകുക
  • രോഗി, രോഗചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങൾ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
  • നിപ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകൽ തീർത്തും ഒഴിവാക്കി വേർതിരിച്ച് പ്രത്യേക വാർഡുകളിലേക്ക് മാറ്റുക.
  • ഇത്തരം വാർഡുകളിൽ ആരോഗ്യരക്ഷാ പ്രവർത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
  • രണ്ട് രോഗികളുടെ കട്ടിലിനിടയിൽ ഒരു മീറ്റർ അകലമെങ്കിലും ഉറപ്പാക്കുക