memory loss

മറവി രോഗം(memory loss) ഇന്ന് പ്രായമായവരിൽ മാത്രം കാണപ്പെടുന്ന അസുഖമല്ലാതെ ഇന്നു യുവാക്കളിലേക്കും കണ്ടു വരുന്നു. 35 വയസ് ശരാശരിയുള്ളവർക്കു പോലും രോഗം കണ്ടെത്തുന്ന അവസ്‌ഥയുണ്ട്. മറവി രോഗം മനസിലാക്കിയെടുക്കാൻ സാധിക്കാത്തതും തിരിച്ചടിയാകുന്നു.

എന്താണ് മറവി രോഗം(memory loss) ?

ദൈനംദിന ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തടസ്സം വരുന്ന വിധത്തിൽ മറവിയുണ്ടെങ്കിൽ അത് മറവി രോഗത്തിൻ്റെ(memory loss) ആരംഭമാണ്. മറവി രോഗിക്ക് ഓർമ്മ മാത്രമല്ല നഷ്‌ടപ്പെടുന്നത്. സംസാരശേഷി, ആസൂത്രണ ശേഷി, സ്ഥലകാല ദിശാബോധം, കാര്യങ്ങൾ ഗ്രഹിക്കാനുള്ള ശേഷി എന്നിവ നഷ്‌ടപ്പെടുന്നു. മനോരോഗ ലക്ഷണങ്ങളായ കടുത്ത ദേഷ്യം, അക്രമ വാസന, വാശി, നിസ്സംഗത, അമിത ലൈംഗികത, ഭയം, വിഷാദം, ഉറക്കമില്ലായ്മ എന്നിവയും ഇവരിൽ കാണപ്പെടുന്നു.

എന്തുകൊണ്ട് ഓർമ നഷ്‌ടമാകുന്നു(memory loss) ?

മറവിരോഗം(memory loss) സംഭവിക്കുന്നത് മസ്‌തിഷ്‌ക കോശങ്ങൾ നശിക്കുമ്പോഴാണ്. ഉദാ: അൽഷിമേഴ്സ് രോഗം, ഫ്രണ്ടോ ടെംപറൽ ഡിമെൻഷ്യ . പ്രായവും പാരമ്പര്യവും മേധാക്ഷയത്തിലേക്ക് നയിക്കുന്ന രണ്ട് പ്രധാന കാരണങ്ങളാണ്. അന്തരീക്ഷ മലിനീകരണം, ദരിദ്ര പശ്ചാത്തലം, വിദ്യാഭ്യാസത്തിൻ്റെ കുറവ്, ജീവിത ശൈലീ രോഗങ്ങളായ പ്രമേഹം, രക്താതിസമ്മർദം, കൊളസ്ട്രോൾ, അമിതവണ്ണം, സ്ട്രെസ്സ്, മസ്തിഷ്‌കാഘാതം, ഹൃദയാഘാതം, വിഷാദരോഗം, സാമൂഹികമമായ ഒറ്റപ്പെടൽ എന്നിവ മേധാക്ഷയത്തിന് കാരണമാകും.

ഭൂരിപക്ഷം മേധാക്ഷയരോഗികളിലും കാണുന്നത് അൽഷിമേഴ്‌സ് രോഗമാണ്. വാസ്കു‌ലർ ഡിമെൻഷ്യ, ഫ്രോണ്ടോ ടെംപറൽ ഡിമൻഷ്യ എന്നിവയാണ് സാധാരണ കണ്ടുവരുന്ന മറ്റ് മറവി രോഗങ്ങൾ. ഇവ ചികിത്സിച്ചു ഭേദമാക്കാൻ കഴിയില്ല. ഈ മറവിരോഗങ്ങളുടെ തീവ്രതയും പുരോഗതിയുടെ വേഗവും കുറയ്ക്കാൻ മാത്രമേ മരുന്നുകൾക്ക് കഴിയും. നേരത്തെ തിരിച്ചറിയുന്നതും പ്രധാനപ്പെട്ട സംഗതിയാണ്.

ഓർമ കൂട്ടാൻ ചില നുറുങ്ങു വഴികൾ !

ഓർമ കൂട്ടാൻ എളുപ്പ വഴികളില്ല. മസ്‌തിഷ്‌കത്തിലെ കോശങ്ങളെ ഉത്തേജിപ്പിക്കുന്ന ദിനചര്യകൾ ശീലമാക്കിയാൽ ഓർമ്മ മെച്ചപ്പെടും.

 • വായിക്കുക -200 പേജ് ഉള്ള രണ്ട് പുസ്‌തങ്ങളെങ്കിലും എല്ലാ മാസവും വായിക്കുക.
 • ചെസ്സ് കളിക്കുക – ആഴ്ച്ചയിൽ ഒരു തവണയെങ്കിലും ചെസ് കളിക്കുക
 • പദപ്രശ്ന‌ം പൂരിപ്പിക്കുക – ആഴ്‌ചയിൽ ഒരിക്കൽ എങ്കിലും സുഡുകു, ക്വിസ് എന്നിവ ചെയ്യുക
 • വ്യായാമം ശീലമാക്കുക – ആഴ്‌ചയിൽ മൂന്നാല് തവണയെങ്കിലും യോഗ, ധ്യാനം എന്നിവയുൾപ്പടെ വ്യായാമ മുറകൾ ശീലമാക്കുക
 • ഡയറിക്കുറിപ്പുകൾ എഴുതാൻ ശീലിക്കുക. സർഗാത്മക പ്രവർത്തികളിൽ ഏർപ്പെടുക
 • ഉറക്കം – എട്ട് മണിക്കൂർ ഉറങ്ങുക, കൃത്യസമയം പാലിക്കുക.
 • രോഗിയും വീട്ടുകാരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
 • കാര്യങ്ങൾ ഓർമപ്പെടുത്തുന്നതിനായി ഡയറി, കുറിപ്പുകൾ, കലണ്ടർ, പോസ്റ്ററുകൾ എന്നിവ ഉപയോഗിക്കാൻ പ്രേരിപ്പിക്കുക.
 • അത്യാവശ്യം ഓർക്കേണ്ട കാര്യങ്ങൾ രോഗിയെ മൂന്നാല് തവണ ഓർമ്മിപ്പിക്കുക.
 • തെന്നിവീഴാൻ സാധ്യതയുള്ള കാർപ്പെറ്റുകളും ചവിട്ടികളും ഒഴിവാക്കുക
 • മരുന്നുകൾ സൂക്ഷിച്ചു വയ്ക്കുക,കൃത്യ സമയത്ത് നൽകാൻ ശ്രദ്ധിക്കുക.
 • കിടപ്പുമുറിയിലും മറ്റിടങ്ങളിലും വെളിച്ചം ഉണ്ടാവണം
 • സംഭാഷണങ്ങളിൽ നിന്ന് അവരെ ഒഴിവാക്കുകയോ സംസാരമധ്യേ തടസ്സപ്പെടുത്തുകയോ ചെയ്യരുത്.
 • എളുപ്പത്തിൽ അതെ അല്ല ഉത്തരങ്ങൾ കിട്ടുന്ന ചോദ്യങ്ങൾ മാത്രം ചോദിക്കുക.
 • മാനസിക രോഗലക്ഷണങ്ങൾ രോഗത്തിൻ്റെ ഭാഗമാണെന്നും രോഗി അറിഞ്ഞുകൊണ്ട് ചെയ്യുന്നതല്ലായെന്നും മനസ്സിലാക്കുക
 • കൃത്യമായ ഇടവേളകളിൽ രോഗിയെ ടോയ് ലെറ്റിൽ കൊണ്ടുപോവുക, യൂറോപ്യൻ രീതിയിലുള്ള ടോയ് ലെറ്റാണ് നല്ലത്
 • എല്ലാ ദിവസവും കൃത്യസമയത്ത് രോഗിയെ ഉറക്കാൻ ശ്രമിക്കുക.

ഇനി പറയുന്നവയാണ് മറവിരോഗ(memory loss) ലക്ഷണങ്ങള്‍

കാര്യങ്ങൾ ഓർത്തുവയ്ക്കാൻ ബുദ്ധിമുട്ട്

ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട സാധാരണമായ കാര്യങ്ങൾ ഓർത്തു വയ്ക്കാൻ നേരിടുന്ന ബുദ്ധിമുട്ടാണ് ആദ്യ ലക്ഷണം. ആദ്യമൊക്കെ ഇത് തിരിച്ചറിയപ്പെട്ടെന്ന് വരില്ല. പിന്നെ പിന്നെ ഈ മറവി പ്രകടമാകും. സാധനങ്ങൾ എവിടെ വച്ചെന്ന് മറന്ന് പോകുക, സ്വന്തം വീടിരിക്കുന്ന വഴി മറന്നു പോകുക, ഫ്ളാറ്റ് നമ്പർ മറക്കുക, അടുത്ത കാലത്ത് നടന്ന കാര്യങ്ങൾ മറക്കുക, വ്യക്‌തികളുടെ പേര് മറക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഇതിന്റെ ഭാഗമായി ഉണ്ടാകാം.

മുഡ് മാറ്റം

പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്ന് സങ്കടവും ദേഷ്യവുമൊക്കെ വരുന്നത് മറ്റൊരു ലക്ഷണമാണ്. സ്വന്തം വികാരങ്ങളുടെ മേൽ നിയന്ത്രണമില്ലാത്ത അവസ്‌ഥയാണ് മേധാശേഷി കൈമോശം വരുന്നതിനെ തുടർന്ന് രോഗിക്ക് ഉണ്ടാകുക.

പെരുമാറ്റദൂഷ്യങ്ങൾ

അത്രയും നാൾ വളരെ മാന്യനായി നടന്ന വ്യക്‌തി സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്ത രീതിയിൽ സഭ്യമല്ലാതെ പെരുമാറി തുടങ്ങുന്നതും മറവിരോഗ ലക്ഷണമാണ്. തെറി വിളിക്കുന്നത് ഉൾപ്പെടെയുള്ള പെരുമാറ്റദൂഷ്യങ്ങൾ പ്രകടമായി രോഗിയിൽ കാണാൻ സാധിക്കും.

ആസൂത്രണം ചെയ്യാനുള്ള കഴിവില്ലായ്മ

വലിയ വലിയ കാര്യങ്ങളൊന്നും ആസൂത്രണം ചെയ്ത് നടപ്പിലാക്കാനുള്ള ശേഷിക്കുറവാണ് മറ്റൊരു ലക്ഷണം. ആസൂത്രണത്തിൽ ഭാഗമാകാനുള്ള ശേഷിക്കുറവ്, താത്‌പര്യക്കുറവ്, പ്ലാൻ ചെയ്യുമ്പോഴോ എന്തെങ്കിലും സംഘടിപ്പിക്കുമ്പോഴോ ഉള്ള ആശയക്കുഴപ്പം എന്നിവയെല്ലാം മറവിരോഗം പുരോഗമിക്കുന്നതിന്റെ ലക്ഷണങ്ങളാണ്.

സാമൂഹികമായി ഉൾവലിയുക

സാമൂഹികമായി ഒത്തുചേരലുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും ഉൾവലിഞ്ഞു മാറി നിൽക്കുന്നതും മറവി രോഗ ലക്ഷണമാണ്. ചിലർ അന്തർമുഖത്വം കൊണ്ട് പണ്ടു മുതൽ തന്നെ ഇത്തരത്തിൽ ഉൾവലിഞ്ഞു നിൽക്കുന്നവരായിരിക്കാം. എന്നാൽ മുൻപ് സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി നിന്നിരുന്ന ആൾ അതിനോടുള്ള താത്പര്യമെല്ലാം നഷ്‌ടപ്പെട്ട് ഉൾവലിഞ്ഞു നിന്നാൽ അത് മറവിരോഗ ലക്ഷണമാണെന്ന് തിരിച്ചറിയണം.

വസ്‌തുക്കളിലേക്കുള്ള ദൂരം നിർണയിക്കുന്നതിലെ പിഴവ്, മറ്റുള്ളവരുടെ വികാരങ്ങളിൽ താത്പര്യമില്ലായ്‌മ, വ്യക്തിത്വ മാറ്റങ്ങൾ, പ്രശ്‌നപരിഹാര ശേഷിയിലെ കുറവ്, ശാരീരിക പ്രവർത്തനങ്ങളുടെ വേഗം കുറയൽ എന്നിവയെല്ലാം മറവിരോഗ ലക്ഷണങ്ങളാണ്. പലപ്പോഴും ഇവയെല്ലാം പ്രായമാകുന്നതിന്റെ പ്രശ്നമാണെന്ന് കരുതി ചികിത്സ തേടാതിരിക്കുന്ന സാഹചര്യമുണ്ട്. എന്നാൽ രോഗിയെ ദിവസവും കാണുന്നവരും ഇടപെടുന്നവരും ഈ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ഡോക്‌ടർമാരുടെ സഹായം തേടുന്നത് കൂടുതൽ മെച്ചപ്പെട്ട ജീവിതം നയിക്കാൻ രോഗിയെ സഹായിക്കും. ചുറ്റമുള്ളവരുടെ സ്നേഹവും പരിചരണവുമാണ് മറവിരോഗം വന്നവർക്ക് ഏറ്റവും ആവശ്യമെന്നും തിരിച്ചറിയുക.

Memory loss: 7 tips to improve your memory