ജീവിതശൈലി രോഗങ്ങളുടെ വ്യാപ്തി മുൻകാലങ്ങളെ അപേക്ഷിച്ച് അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് .അവയിൽ മുൻനിരയിലാണ് വൃക്ക സംബന്ധമായ രോഗങ്ങളുടെ സ്ഥാനം.

 മനുഷ്യ ശരീരത്തിലെ വളരെ സങ്കീർണമായ ജോലികൾ ചെയ്യുന്ന അവയവമാണ് വൃക്കകൾ.

 2020 ആണ്ടിലെ ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഇന്ത്യൻ ജനസംഖ്യയുടെ 15% ആളുകൾക്ക് വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ട്.ഇന്ത്യയിൽ പ്രതിവർഷം രണ്ടു ലക്ഷത്തിലധികം ആളുകൾക്കാണ് പുതുതായി വൃക്ക രോഗങ്ങൾ കണ്ടുപിടിക്കുന്നത് .ഡയാലിസിസ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ എണ്ണം ഏകദേശം രണ്ട് ലക്ഷമാണ്. പതിനയ്യായിരത്തിപരം രോഗികൾ പ്രതിവർഷം വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നുണ്ട്.

വൃക്കകളുടെ പ്രാധാന്യം

 വൃക്ക രോഗങ്ങളെപ്പറ്റി അറിയുന്നതിന് മുമ്പ് വൃക്കകളുടെ അടിസ്ഥാനപരമായ ജോലികൾ എന്തെല്ലാമാണെന്ന് അറിയാം.

i)ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യം പുറന്തള്ളുന്നത് വഴിയുള്ള രക്തശുദ്ധീകരണം.

ii) ശരീരത്തിലെ ജലത്തിൻറെ സന്തുലിതാവസ്ഥ നിലനിർത്തുക.

iii) ധാതുലവണങ്ങളുടെ (Na+,IC+,CaR+,Mg+) നിയന്ത്രണം

 iv) രക്തസമ്മർദ്ദത്തിന്റെ നിയന്ത്രണം

 v) ഹോർമോണുകളുടെ ഉൽപാദനം (EPO,VitD)

വൃക്കസ്തംഭനം

വൃക്കകളുടെ പ്രവർത്തനത്തിന്റെ ഭാഗികമോപൂർണ്ണമായോ ഉള്ള നിശ്ചലവസ്ഥയാണ് വൃക്കസ്തംഭനം. വൃക്ക രോഗങ്ങളുടെ സ്വഭാവം അനുസരിച്ച് ഇതിന് രണ്ടായി തരം തിരിക്കാം.

 i)താൽക്കാലിക വൃക്ക സ്തംഭനം

ii) സ്ഥായിയായ വൃക്ക സ്തംഭനം

താൽക്കാലി വൃക്കകളുടെ പ്രവർത്തനം വേഗത്തിൽ, ദിവസങ്ങളോ ,ആഴ്ചകളോ കൊണ്ട് കുറയുന്ന സാഹചര്യം ആണ് താൽക്കാലിക വൃക്ക സ്തംഭനം.

പ്രധാന കാരണങ്ങൾ

തുടർച്ചയായ ഛർദ്ദിൽ

 അതിസാരം

 അമിത രക്തസ്രാവം

 എലിപനി, ചെള്ള്പനി, മലമ്പനി, ഡെങ്കിപ്പനി

 ഗുരുതരമായ അണുബാധ

 ഗുരുതരമായ പൊള്ളൽ

 പാമ്പുകടി

ഇത്തരം സന്ദർഭങ്ങളിൽ കൃത്യസമയത്തുള്ള രോഗം നിർണയവും ചികിത്സയും കൊണ്ട് വൃക്കയുടെ പ്രവർത്തനം പൂർവ്വ രൂപത്തിൽ ആക്കുന്നതാണ് .ചില അവസരങ്ങളിൽ താൽക്കാലികമായി ഡയാലിസിസ് ചികിത്സ ആവശ്യമായി വന്നേക്കാം ചുരുക്കം ചില ആളുകളിൽ ഇത് സ്ഥായിയായ റിക്വസ്റ്റ് സ്ഥാപനത്തിലേക്ക് നയിച്ചേക്കാം.

kidney disease

സ്ഥായിയായ വൃക്ക സ്തംഭനം

വൃക്കകളുടെ പ്രവർത്തനം മാസങ്ങളോ വർഷങ്ങളോ കൊണ്ട് ക്രമേണ നിലക്കുന്ന രോഗാവസ്ഥയാണ് സ്ഥായിയായ വൃക്ക സ്തംഭനം.

കാരണങ്ങൾ പ്രമേഹം 30-40% വരെ വൃക്ക രോഗങ്ങൾക്ക് കാരണം അനിയന്ത്രിതമായ പ്രമേഹമാണ്.

  1. ഉയർന്ന രക്തസമ്മർദ്ദം
  2. ഗ്ലോമറിലോ നെഫ്രൈറ്റിസ്
  3. മൂത്രാശയ കല്ലുകൾ
  4. മരുന്നുകളുടെ അശാസ്ത്രീയ ഉപയോഗം

ലക്ഷണങ്ങൾ

വൃക്ക രോഗങ്ങളെ സംബന്ധിച്ച് ദൗർഭാഗ്യകരമായ ഒരു വസ്തുത പ്രാരംഭ ദശയിലുള്ള ലക്ഷണങ്ങളുടെ അഭാവമാണ്.

മൂത്രാശയ ലക്ഷണങ്ങൾ

i)മൂത്രത്തിൽ അമിതമായി പത കാണുക

ii)മൂത്രത്തിന്റെ അളവ് കുറയുക

iii) മൂത്രത്തിൽ രക്തത്തിൻറെ അംശം

iv)മൂത്രം പോകാനുള്ള തടസ്സം

മറ്റു ലക്ഷണങ്ങൾ

i)കണങ്കാലിലും മുഖത്തും നീര് വയ്ക്കുക

 ii)വിശപ്പില്ലായ്മ ,ഛർദ്ദി,തളർച്ച വിളർച്ച

iii)ശ്വാസ തടസ്സം

iv) അമിത രക്തസമ്മർദ്ദം തലവേദന

 മേൽപ്പറഞ്ഞ ലക്ഷണങ്ങൾ എല്ലാവർക്കും കാണപ്പെടുന്നു എന്നുമില്ല. സാധാരണ രക്ത പരിശോധന വേളയിൽ ആകും, ചിലപ്പോൾ വൃക്ക രോഗം നിർണയിക്കപ്പെടുന്നത്.

രോഗനിർണയം

കൃത്യസമയത്തുള്ള രോഗനിർണയവും ചികിത്സയുടെ സ്ഥായിയായ വൃക്ക സംതഭനത്തിലേക്ക് നയിക്കുന്നതിന് ഒരു പരിധിവരെ തടയുന്നു.

 പരിശോധന-ആർക്കെല്ലാം

i) പ്രമേഹരോഗികൾ

 ii)അമിത രക്തസമ്മർദ്ദം ഉള്ളവർ

iii)പാരമ്പര്യമായി വൃക്ക രോഗമുള്ളവർ

 iv)പുകവലി മദ്യപാനം അമിതവണ്ണം 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ

 v)ഒരു വൃക്ക മാത്രമുള്ളവർ

പരിശോധന എങ്ങനെ

പ്രധാനമായും നാല് തരത്തിലുമുള്ള പരിശോധനകളാണ് വൃക്ക രോഗം നിർണയിക്കാൻ സഹായിക്കുന്നത് .

i)മൂത്ര പരിശോധന

ii)രക്ത പരിശോധന

 iii)സ്കാനിങ്

 iv)ബയോപ്സി

മൂത്ര പരിശോധന

i) micro albuminuria -മൂത്രത്തിലെ പ്രോട്ടീനിന്റെ സാന്നിധ്യമാണ് വൃക്ക രോഗത്തിന്റെ ആദ്യ  ലക്ഷണങ്ങളിലൊന്ന്. micro albumma test വഴി മൂത്രത്തിലെ വളരെ ചെറിയ അളവിൽ ഉള്ള പ്രോട്ടീന്റെ സാന്നിധ്യം കണ്ടുപിടിക്കാൻ സാധിക്കും.

i)Urine Albumin

ii) Urine rouitine

രക്തപരിശോധന

യൂറിയ , ക്രിയാറ്റിനിൻ

ഇവ രണ്ടും ശരീരത്തിൽ തന്നെ ഉൽപാദിപ്പിക്കപ്പെടുന്ന രണ്ടു പദാർത്ഥങ്ങളാണ്. ഇവയെ പുറന്തള്ളുന്നത് വൃക്കയുടെ ജോലിയാണ് ..അതിനാൽ രക്തത്തിൽ ഇവയുടെ അളവ് കൂടിയാൽ അത് വൃക്കയുടെ തകരാറുമൂലം ആണെന്ന് കണക്കാക്കാവുന്നതാണ്

.ക്രിയാറ്റിന്റെ അളവ് 0.9 – 1.2 mg ഇടയിലാണ് നോർമലായി കണക്കാക്കുന്നത് .എന്നാൽ ശരീരഭാരവും വയസ്സും അനുസരിച്ച്  ഇതിന്റെ അളവിൽ വ്യതിയാനം വരാം

സ്കാനിങ്

               വൃക്കകളുടെയും സാന്നിധ്യം, സ്ഥാനം ,വലിപ്പം ,മൂത്രനാളിയിൽ ഉള്ള തടസ്സം, കല്ലുകളുടെ സാന്നിധ്യം ഇവയെല്ലാം   USG-യിലൂടെ മനസ്സിലാക്കാം. സ്ഥായിയായ വൃക്കസ്തംഭനം ഉള്ള  ചില ആളുകളിൽ വൃക്ക ചുരുങ്ങിയതായി കാണപ്പെടും .

 മറ്റ് സ്കാനിങ്ങുകൾ -VCU , NU, CTS  SCAN

ബയോപ്സി

    മൂത്ര പരിശോധന കൊണ്ടും രക്തപരിശോധന കൊണ്ടും രോഗം നിർണയിക്കാൻ കഴിയാതെ വരുന്ന ഘട്ടങ്ങളിലാണ് പ്രധാനമായും ബയോപ്സി എന്ന രോഗം നിർണയ രീതിയുടെ സഹായം തേടുന്നത്.

 ഒരു ചെറിയ സൂചി ഉപയോഗിച്ച് വൃക്കയുടെ കോശങ്ങൾ എടുത്ത് മൈക്രോസ്കോപ്പിലൂടെ പരിശോദിക്കുന്ന രീതിയാണ് ബയോപ്സി.

ചികിത്സ എങ്ങനെ വൃക്ക രോഗങ്ങളിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പ്രധാനമായും ചികിത്സ തീരുമാനിക്കുന്നത് .

പ്രധാനമായും നാലുതരം ചികിത്സാരീതികൾ ആണുള്ളത്.

  1. ഭക്ഷണക്രമം
  2. മരുന്ന്
  3. ഡയാലിസിസ്
  4. വൃക്ക മാറ്റിവെക്കൽ

ഡയാലിസിസ്

വൃക്കയുടെ പ്രവർത്തനം ഏകദേശം പൂർണമായി സ്തംഭിക്കുന്ന അവസ്ഥയിലാണ് ഡയാലിസിസ് എന്ന ചികിത്സ രീതിയിലേക്ക് കടക്കുന്നത്. വൃക്കകൾക്ക് തകരാർ സംഭവിക്കുന്ന അവസ്ഥയിൽ യന്ത്രത്തിന്റെ സഹായത്തോടുകൂടി രക്തത്തിലെ മാലിന്യങ്ങളും, ലവണങ്ങളും ,അമിത ജലവും നീക്കം ചെയ്യുന്ന പ്രക്രിയയാണ് ഡയാലിസിസ് .

ആഴ്ചയിൽ രണ്ടു മുതൽ മൂന്നു തവണ വരെ ഡയാലിസിസ് ചെയ്യണം. ഓരോ തവണയും നാലു മണിക്കൂർ വീതം.  ഡയാലിസിസ് ചെയ്യുന്നതിനായി എന്ന ഒരു ചെറിയ ശസ്ത്രക്രിയ കയ്യിൽ ചെയ്യേണ്ടതായി ഉണ്ട്. അല്ലെങ്കിൽ കൃത്രിമമായ ഒരു ചെറിയ ട്യൂബ് രക്തക്കുഴലിൽ ഘടിപ്പിച്ച് ഡയാലിസിസ് ചെയ്യാവുന്നതാണ്. ഫിസ്റ്റുലയെ അപേക്ഷിച്ച് ട്യൂബിൽ രക്തം കട്ട പിടിക്കാനും അണുബാധ ഉണ്ടാകാനുള്ള സാധ്യത അധികമാണ്.

വൃക്ക മാറ്റിവെക്കൽ

സ്ഥായിയായ വൃക്ക സ്തംഭനം ഉള്ള രോഗികൾക്ക് ഏറ്റവും പ്രത്യാശ നൽകുന്ന ഒരു ചികിത്സയാണ് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ.

 ഇതിലൂടെ വൃക്ക രോഗികൾക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങി പോകാൻ സാധിക്കുന്നു .

രക്തബന്ധം ഉള്ളവരോ വൈകാരികമായി അടുപ്പമുള്ളവരോ മസ്തിഷ്ക മരണം സംഭവിച്ചവരുടെ വൃക്ക സ്വീകരിക്കാവുന്നതാണ്.

ദാതാവിന്റെയും സ്വീകർത്താവിന്റെയും വൃക്കകൾ തമ്മിൽ ചേർച്ചയുണ്ടോ എന്ന പരിശോധനയ്ക്ക് ശേഷമാണ് ശസ്ത്രക്രിയ ചെയ്യുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷവും സ്വീകർത്താവ് ജീവിതകാലം മരുന്ന് കഴിക്കേണ്ടതാണ്.