മൂന്ന് വർഷത്തിനുള്ളിൽ മാറിയും മറിഞ്ഞും കോവിഡ് മാനവരാശിയെ കഷ്ടപ്പെടുത്തി കഴിഞ്ഞു.
ഓരോ തവണയും ഇനി ഒന്നും ഉണ്ടാവാൻ പോകുന്നില്ല എന്ന് പല വിധത്തിലും പറയുന്നത് നാം കേട്ടു, മാസങ്ങൾക്കുള്ളിൽ പറഞ്ഞ കാര്യങ്ങൾക്ക് വിപരീതമായി പലഘട്ടത്തിലും കോവിഡ് ശാസ്ത്രജ്ഞരെ മുട്ടുകുത്തിച്ചു. പല അവകാശവാദങ്ങളും പൊളിയുന്നതും നാം കണ്ടു.
ഇനിയെന്ത് എന്ന് ചിന്തിക്കേണ്ട ഒരു ഘട്ടത്തിലാണ് നാമിപ്പോൾ .എന്നാൽ അമിതമായ ആത്മവിശ്വാസം നല്ലതല്ല എന്ന് മനസ്സിലാക്കാനുള്ള ഒരു അവസരവും കൂടിയാണിത്. തുടക്കത്തിൽ പലരും പറഞ്ഞു, ഒരിക്കൽ വന്നു പോവുകയോ അല്ലെങ്കിൽ വാക്സിൻ എടുക്കുകയും ചെയ്താൽ പിന്നെ കോവിഡ് പഴങ്കഥയായി എന്നും, ഒരു നിശ്ചിത ശതമാനത്തിനുമേൽ പേരെ വാക്സിനേറ്റ് ചെയ്താൽ പിന്നെ ആ രാജ്യത്തുനിന്നും ഈ വൈറസിനെ തുടച്ചുമാറ്റാൻ ആവും എന്നും മറ്റും പാശ്ചാത്യ രാജ്യങ്ങളിലെ പല കടുത്ത നയങ്ങളും ഇപ്പറഞ്ഞ വാദങ്ങളെ ആസ്പദമാക്കിയുള്ളതായിരുന്നു.
എന്നാൽ നമ്മുടെ രാജ്യത്ത് ഇത്തരം നിർബന്ധിത വാക്സിനേഷനും ഒന്നും ഞാൻ നടത്തിയില്ല എന്നുള്ളത് ശ്രദ്ധേയമാണ്. അതുകൂടാതെ തന്നെ സത്യസന്ധമായ ബോധവൽക്കരണത്തിന്റെയും ആരോഗ്യ വിദഗ്ധരിലുള്ള വിശ്വാസത്തിലും നമ്മുടെ ജനങ്ങൾ പരമാവധി മാനദണ്ഡങ്ങൾ പാലിക്കുകയും അതോടൊപ്പം 90- 100% വരെ പ്രായപൂർത്തി ആയവരിൽ വാക്സിൻ എടുക്കുകയും ചെയ്തു ,പ്രത്യേകിച്ചും കേരളത്തിൽ .നിരവധി മരണങ്ങൾ തടുക്കാൻ ഇതുമൂലം നമുക്ക് സാധിക്കുകയും ചെയ്തു .
ഇന്ന് ആ നയങ്ങൾ ശരിയെന്ന് ലോകം അറിയുന്നു.
2023 ഡിസംബർ മാസമാണിപ്പോൾ. മൂന്ന് വർഷം മുൻപുള്ള പ്രശ്നങ്ങളെല്ലാ ഇന്നുള്ളത്. വാക്സിൻ എടുത്തവരിൽ മരണനിരക്ക് കുറഞ്ഞു എന്നുള്ളത് സത്യമാണ്. എങ്കിലും മാറിവരുന്ന വകഭേദങ്ങൾ വീണ്ടും വീണ്ടും അണുബാധ ഉണ്ടാക്കുന്നു എന്നുള്ള പ്രശ്നമാണ് ഇന്ന് ലോകമെമ്പാടും ചർച്ച ചെയ്യപ്പെടുന്നത് .പ്രത്യക്ഷത്തിൽ മിക്ക അണുബാധയും ഗുരുതരരോഗം ഉണ്ടാകുന്നില്ല എന്നുള്ളത് ശരിയാണെങ്കി ലും കൂടുതലാളുകളിൽ വൈറസ് കണ്ടുവരുന്നുണ്ട്. അത് വാക്സിൻ എടുത്തവരിലും,എടുക്കാത്തവരിലും ബൂസ്റ്റർ എടുത്തവരിലും (പാശ്ചാത്യ രാജ്യങ്ങളിൽ രണ്ട് ഡോസ് ബൂസ്റ്റർ എടുത്തവരിൽ പോലും) ഈ പ്രശ്നം കണ്ടുവരുന്നു.
ലക്ഷക്കണക്കിന് ആൾക്കാരിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്
1)ആവർത്തിച്ചു കോവിഡ് വന്നവരിൽ പൊതുവേ അല്പം കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ കണ്ടു വന്നു. ഈക്കൂട്ടരിൽ തന്നെ വാക്സിൻ എടുത്തിട്ടുള്ളവരിൽ ആവർത്തിച്ചു വന്നപ്പോൾ അല്പം തീവ്രത കുറഞ്ഞിരുന്നു എന്നുമാത്രം.
2) അണുബാധ വന്നു മാറിയവരിൽ അണുബാധ ഉണ്ടാക്കാത്ത വരെ അപേക്ഷിച്ച് അടുത്ത ആറുമാസം വരെയെങ്കിലും മരണസാധ്യത കൂടുതലാണെന്നു കണ്ടെത്തി.
3) അണുബാധ വരാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ ,മരണ സാധ്യതയ്ക്ക് അപ്പുറം ഒരു വർഷം വരെയെങ്കിലും ഹൃദ്യോഗം സ്ട്രോക്ക് മുതലായ പ്രശ്നങ്ങളും ഇക്കൂട്ടരിൽ കൂടുതലാണ് എന്നും കണ്ടെത്തി.
4) മാസങ്ങളോളം വിട്ടുമാറാത്ത ക്ഷീണം,തളർച്ച,ശ്വാസംമുട്ട്, ശരീരവേദന മുതലായ പ്രശ്നങ്ങളും ഇവരിൽ ഏറെക്കാലം കാണപ്പെട്ടു.
ഇനിയങ്ങോട്ട് മാസ്ക് ഇല്ലാതെയും മുൻകരുതലുകൾ കാറ്റിൽ പറത്തിയും മനുഷ്യൻ മുന്നോട്ടു പോകുമ്പോൾ തീർച്ചയായും അനവധി പേർക്ക് ആവർത്തിച്ച് ആവർത്തിച്ചുള്ള അണുബാധയുണ്ടാകും. അതിൻറെ അനന്തരഫലം എന്താണെന്ന് ഇപ്പോൾ വ്യക്തമല്ല .എങ്കിലും ജലദോഷം, ഫ്ലൂ പോലെയുള്ള വൈറസുകൾക്കില്ലാത്ത പല കഴിവുകളും കോവിഡിലുണ്ട് എന്നും മറന്നുകൂടാ.
കോളറ പോലെയുള്ള ജലജന്യ രോഗങ്ങളെ വരുതിയിലാക്കാൻ നമുക്ക് സാധിച്ചത് ആന്റിബയോട്ടിക്കുകൾ വിതരണം ചെയ്തിട്ടല്ല ,
മറിച്ച് ശുദ്ധജലവിതരണം ശീലമാക്കിയത് കൊണ്ടാണ്. വായുവിൽ കൂടി അതിവേഗം പകരുന്ന ഈ വൈറസിനെ കീഴ്പ്പെടുത്താൻ എയർഹൈജീൻ അഥവാ വായുവിലെ അണുബാധ തടയുന്ന ഇടപെടൽ കൂടിയേ തീരൂ എന്നുള്ളത് ആർക്കും ഉൾക്കൊള്ളാവുന്നതേയുള്ളൂ. അതിൽ പെട്ട ചിലതാണ് മാസ്കും വായു സഞ്ചാരം മെച്ചപ്പെടുത്തലും .
കെട്ടിടങ്ങളിൽ,മുറികളിൽ, പൊതുസ്ഥലങ്ങളിൽ വായു സഞ്ചാരം മെച്ചപ്പെടുത്തൽ ഒരു പ്രമേയമായി ലോകം ഏറ്റെടുത്ത് തീരൂ എന്ന് ശാസ്ത്രജ്ഞന്മാർ പറയാൻ തുടങ്ങിയിട്ട് വർഷം മൂന്ന് കഴിഞ്ഞു. ഒരു കുത്തിവെപ്പ് പോലെ എളുപ്പമല്ലാത്തതു കൊണ്ടായിരിക്കാം ഏതായാലും ആ വഴിക്ക് കാര്യമായ പുരോഗതി കൈവരിക്കാൻ ആയില്ല .ഈ കാര്യങ്ങൾ ഏറെക്കുറെ നന്നായി ചെയ്ത ജപ്പാൻ ഇന്ന് ലോകത്തിന് ഒരു മാതൃകയാണ്.
ഒരുപക്ഷേ ആവർത്തിച്ചുള്ള വൈറസ് ബാധ ദീർഘകാല അടിസ്ഥാനത്തിൽ സമൂഹത്തിന് മൊത്തമായി ദോഷം ചെയ്യും എന്നുള്ള അറിവ് കൊണ്ടാവണം ശാസ്ത്ര സാങ്കേതികവിദ്യയിലും വൈറസ് ഗവേഷണത്തിലും ഏറ്റവും മുന്നിലുള്ള ചൈന എന്നും അതീവ ജാഗ്രത വെച്ചുപുലർത്തുന്നത്.
അമിതമായ ആശ്വാസം പകരുന്ന സന്ദേശങ്ങൾ പലതും കൊള്ളയായിരുന്നു എന്ന് ഇന്നും ലോകം വൈകിയെങ്കിലും മനസ്സിലാക്കി വരുന്നു. ഒരു ഗുളിക കൊണ്ടോ ഇഞ്ചക്ഷൻ കൊണ്ടോ തുടച്ചു മാറ്റാവുന്നതല്ല ഈ വൈറസ് എന്നും, അത് ഏറെക്കാലം ഇവിടെ ഉണ്ടാകും എന്നുള്ളതും ഇന്ന് ലോകം അംഗീകരിക്കുന്നു.
തുടരുന്ന ഗവേഷണങ്ങൾ പ്രതിരോധത്തിലും ചികിത്സയിലും ഒരു വഴിത്തിരിവ് ഉണ്ടാക്കിത്തരും എന്നുള്ള പ്രത്യാശ കൈവെടിയാതിരിക്കുക.