ഇന്നുവരെ കണ്ടിട്ടില്ലാത്ത മഹാമാരിയും അതിൻറെ അനന്തരഫലങ്ങളും മനുഷ്യരാശിയെ തന്നെ അമ്പരപ്പിച്ചു കൊള്ളുന്നു. ഈ മഹാമാരിയിൽ നിന്നും ലോകം ഇന്ന് മുക്തമായിട്ടില്ല. ഇതിനോടകം തന്നെ നമ്മളിൽ പലർക്കും കോവിഡ് വന്നുപോയതിന്റെ ഫലമായി ഉണ്ടാകുന്ന പോസ്റ്റ് കോവിഡ് അഥവാ ലോങ് കോവിഡ് എന്നു പറയുന്ന അവസ്ഥ ഉണ്ടായിട്ടുണ്ട്.

 കോവിഡ് എന്ന് കേൾക്കുമ്പോൾ ശ്വാസകോശത്തെ ബാധിക്കുന്ന ഒരു രോഗം എന്നാണ് നമ്മളിൽ പലരും കരുതിയിരിക്കുന്നത്. എന്നാൽ കോവിഡ് നമ്മുടെ തലച്ചോർ, ഹൃദയം, കൂടൽ, രക്ത കുഴലുകൾ എന്നീ എല്ലാ അവയവങ്ങളെയും ബാധിക്കാം. അതിനാലാണ് കോവിഡ് വന്നുപോയ ആളുകൾ രക്തം കട്ടപിടിക്കുന്ന രോഗങ്ങൾ, ഹൃദയാഘാതം, പക്ഷാഘാതം, സന്ധി വീക്കം, വിവിധ ആന്തരിക അവയവങ്ങളെ ബാധിക്കുന്ന മൾട്ടി സിസ്റ്റം ഇൻഫ്ലുമേറ്ററി സിൻഡ്രോം എന്നിവ കൂടുതലായി കണ്ടുവരുന്നത്. ഇതിനുപുറമേ ശ്വാസകോശത്തെ ബാധിക്കുന്ന പോസ്റ്റ് കോവിഡ് ലംഗ് ചേഞ്ചസ് പ്രത്യേകം ശ്രദ്ധ അർഹിക്കുന്നു.

 കോവിഡ് വൈറസിന്റെ ഡെൽറ്റ വേരിയന്റ് ആണ് കൂടുതലും ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എന്നാൽ ഇപ്പോൾ നാം കാണുന്ന ഓമിക്രോൺ ശ്വാസകോശ പ്രശ്നങ്ങളേക്കാൾ ഉപരി തൊണ്ട, മൂക്ക് എന്നിവ യെയാണ് കൂടുതൽ ബാധിക്കുന്നത് .

What happened to us after the covid?

ശ്വാസകോശത്തെ ബാധിക്കുന്ന പോസ്റ്റ് കോവിഡ് ചേഞ്ചസിൽ പ്രധാനപ്പെട്ടത് ലംങ് ഫൈബ്രോസിസ് ആണ് . കോവിഡ് ശ്വാസകോശത്തെ ബാധിക്കുന്ന ആളുകളിൽ രോഗം തുടങ്ങി ഒരാഴ്ചക്കുള്ളിൽ ഓക്സിജന്റെ അളവ് കുറയുകയും, വിട്ട് മാറാത്ത പനി ,ചുമ, ശ്വാസ തടസ്സം അനുഭവിക്കുകയും ചെയ്യും. ഇതിനാലാണ് കോവിഡ് വന്ന രോഗികളോട് ഓക്സിജൻ സാറ്റ്യൂറേഷൻ നോക്കുവാനും ആറു മിനിറ്റ്  walk test ചെയ്യുവാനും നിർദ്ദേശിക്കുന്നത്. ആറു മിനിട്ട് വാക്ക് ടെസ്റ്റ് ചെയ്യുമ്പോൾ ഓക്സിജന്റെ അളവ് ആദ്യത്തേതിനേക്കാൾ 4-5% കുറയുകയാണെങ്കിൽ അത് ശ്വാസകോശ രോഗത്തെ സൂചിപ്പിക്കുന്നു.

 ഇങ്ങനെയുള്ള രോഗികൾക്ക് ഹൈ റസല്യൂഷൻ CT SCAN എടുത്തുനോക്കി ശ്വാസകോശത്തെ എത്രത്തോളം രോഗം ബാധിച്ചിട്ടുണ്ടെന്ന് അറിയുന്ന CT Severity Score ചെയ്തു നോക്കേണ്ടത് അത്യാവശ്യമാണ്. കടുത്ത ശ്വാസകോശരോഗം ഉണ്ടാകുന്ന രോഗികൾക്ക് ഓക്സിജൻ ,നോൺ- ഇൻവേസീവ് വെന്റിലേഷൻ , ഇൻവേസീവ് വെന്റിലേഷൻ തുടങ്ങിയവ ആവശ്യമായി വരാം .എന്നാൽ തക്ക സമയത്ത് വിദഗ്ധ ചികിത്സ നൽകിയാൽ നമുക്ക് ഒരു പരിധി വരെ ശ്വാസകോശത്തെ കോവിഡാനന്തര രോഗത്തിൽ നിന്നും രക്ഷിക്കുവാൻ സാധിക്കും.

ഇതിൻറെ ചികിത്സയിൽ പ്രധാനമായും വരുന്ന മരുന്ന് സ്റ്റിറോയ്ഡ് അടങ്ങിയതാണ്. എന്നാൽ സ്റ്റിറോയ്ഡ് എടുക്കുമ്പോൾ രക്തത്തിലെ പഞ്ചസാര അളവ് കൂടുവാൻ സാധ്യത ഉണ്ട്. അതിനാൽ പ്രമേഹം നല്ല രീതിയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം കൺട്രോൾ ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. ലംങ് ഫൈബ്രാസിസ് ഉണ്ടാകുന്ന രോഗികൾക്ക് ആന്റി ഫൈബ്രോട്ടിക് ഏജന്റസ് അടങ്ങിയ മരുന്നുകളാണ് നൽകുന്നത് .ഈ മരുന്ന് കഴിക്കുന്ന രോഗികൾ ലിവർ ഫംഗ്ഷൻ ടെസ്റ്റ് ഇടയ്ക്കിടെ ചെയ്യേണ്ടത് അത്യാവശ്യമാണ് .

പോസ്റ്റ് കോവിഡ് ലംഗ് ചെയ്ഞ്ചസ് ഉണ്ടാകുന്ന രോഗികൾക്ക് കൃത്യമായ കാലയളവിൽ നെഞ്ചിന്റെ X-ray,CT scan, പൾമണറി ഫംഗ്ഷൻ ടെസ്റ്റ്(PFT TEST) എന്നിവ എടുത്തുനോക്കി രോഗത്തിന്റെ തോത് മനസ്സിലാക്കി വിദഗ്ധ ചികിത്സ ക്രമീകരിക്കണം. അതുപോലെതന്നെ ശ്വാസകോശ അണുബാധ തടയുവാൻ ഉള്ള ന്യൂ കോക്കൽ വാക്സിനേഷൻ, ഫ്ലൂ വാക്സിനേഷൻ എന്നിവ എടുക്കേണ്ടതും പ്രധാനമാണ്.

What happened to us after the covid?

മറ്റൊരു പ്രതിഭാസം കോവിഡ് രോഗം നിസാരം ആയിട്ടാണ് വന്നതെങ്കിലും നേരത്തെ ശ്വാസംമുട്ട് ,അലർജി, ആസ്മ എന്നിവ ഉള്ളവരാണെങ്കിൽ കോവിഡിന് ശേഷം ഈ അസുഖങ്ങൾ കടുക്കുന്നതായിട്ട് കണ്ടുവരുന്നുണ്ട്. അതിനാൽ നേരത്തെ ഇത്തരം അസുഖങ്ങൾ ഉള്ള ആളുകൾ കൃത്യമായി ചികിത്സ ഇൻഹേലർ,നേസൽ സ്പ്രേ എന്നിവ മുടക്കം വരാതെ എടുക്കേണ്ടത് വളരെ അത്യാവശ്യമാണ്.

 ലോങ്ങ് കോവിഡിൽ കാണുന്ന മറ്റു പ്രശ്നങ്ങൾ തലവേദന, ഉറക്കമില്ലായ്മ, ഓർമ്മക്കുറവ്, ഡിപ്രഷൻ, ആൻസൈറ്റി, മുഡ് ഡിസോഡേഴ്സ് , ത്വക്ക് രോഗങ്ങൾ, മുടികൊഴിച്ചിൽ, അമിത വിയർപ്പ്, നെഞ്ചിടിപ്പ്, ഹൃദയമിടിപ്പ് വേഗത്തിലാകുക, ഹാർട്ട് അറ്റാക്, സ്ട്രോക്ക് തുടങ്ങിയവയാണ്.
കോവിഡ് എന്ന രോഗത്തെ  പ്രതിരോധിക്കാനായി വാക്സിനേഷൻ എടുക്കേണ്ടതും സോഷ്യൽ വാക്സിൻ എന്ന എസ്.എം.എസ്- സോഷ്യൽ ഡിസ്റ്റൻസിംങ്, മാസ്ക്, സോപ്പ് ആൻഡ് സാനിറ്റൈസർ- തുടർന്നും പാലിക്കേണ്ടതും വളരെ പ്രധാനമാണ്. ഇത് സ്വയരക്ഷ മാത്രമല്ല, നമ്മുടെ പ്രിയപ്പെട്ടവരുടെയും ചുറ്റും ഉള്ളവരുടെയും രക്ഷയ്ക്കും വഴിയൊരുക്കും.