
തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയോ രക്തധമനികൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്ന ഈ അവസ്ഥ പുരുഷന്മാരെക്കാൾ പലപ്പോഴും സ്ത്രീകളിൽ വേറിട്ട രീതിയിലാണ് പ്രത്യക്ഷപ്പെടാറുള്ളത്.(Stroke Symptoms in Women)
പെട്ടെന്നുണ്ടാകുന്ന തളർച്ചയോ വായ കോടിപ്പോകലോ മാത്രമല്ല സ്ട്രോക്ക് (പക്ഷാഘാതം). തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലയ്ക്കുകയോ രക്തധമനികൾക്ക് കേടുപാടുകൾ സംഭവിക്കുകയോ ചെയ്യുന്ന ഈ അവസ്ഥ പുരുഷന്മാരെക്കാൾ പലപ്പോഴും സ്ത്രീകളിൽ വേറിട്ട രീതിയിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. സ്ത്രീശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും പ്രത്യേക ശാരീരിക സാഹചര്യങ്ങളും കാരണം, പലപ്പോഴും അപകടകരമായ ഈ രോഗാവസ്ഥയുടെ ആദ്യസൂചനകൾ തെറ്റിദ്ധരിക്കപ്പെടുകയോ നിസ്സാരമാക്കപ്പെടുകയോ ചെയ്യുന്നു.
സ്ത്രീകളിൽ സ്ട്രോക്ക് സാധ്യത കൂട്ടുന്ന പ്രധാന ഘടകങ്ങൾ(Stroke Symptoms in Women)
രക്തസമ്മർദ്ദം, പ്രമേഹം, അമിത വണ്ണം, പുകവലി തുടങ്ങിയ കാരണങ്ങൾക്കപ്പുറം സ്ത്രീകളെ മാത്രം ബാധിക്കുന്ന ചില പ്രത്യേക ആരോഗ്യപ്രശ്നങ്ങൾ സ്ട്രോക്കിലേക്ക് നയിക്കാം:
1. ഗർഭകാല സങ്കീർണ്ണതകൾ: ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന രക്തസമ്മർദ്ദ വ്യതിയാനങ്ങളും രക്തം കട്ടപിടിക്കാനുള്ള സാധ്യതയും ഭീഷണി ഉയർത്തുന്നു. പ്രത്യേകിച്ച് പ്രീ-ക്ലാംസിയ അനുഭവപ്പെട്ടവർക്ക് പിൽക്കാലത്ത് സ്ട്രോക്ക് വരാനുള്ള സാധ്യത ഇരട്ടിയാണ്.
2. ഹോർമോൺ ഗുളികകളുടെ തുടർച്ചയായ ഉപയോഗം: ഈസ്ട്രജൻ അടങ്ങിയ ഗർഭനിരോധന മരുന്നുകൾ കഴിക്കുന്നവർക്ക്, പ്രത്യേകിച്ച് ഉയർന്ന ബി.പിയോ പുകവലി ശീലമോ ഉണ്ടെങ്കിൽ, രക്തധമനികളിൽ കട്ടകൾ രൂപപ്പെടാനുള്ള സാധ്യത കൂടുതലാണ്.
3. ആർത്തവവിരാമവും ഈസ്ട്രജൻ കുറവും: ആർത്തവവിരാമത്തിന് ശേഷം സ്ത്രീശരീരത്തിൽ ഈസ്ട്രജന്റെ അളവ് താഴുന്നത് രക്തധമനികളുടെ വഴക്കം കുറയ്ക്കുന്നു. ആർത്തവവിരാമത്തോടനുബന്ധിച്ച് നൽകുന്ന ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പിയും സ്ട്രോക്ക് സാധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്
4.ശക്തമായ മൈഗ്രെയ്ൻ (Migraine with aura): ശക്തമായ തലവേദനയ്ക്ക് തൊട്ടുമുമ്പ് കാഴ്ചയിൽ വെളിച്ചം മിന്നുക, കറുത്ത പാടുകൾ, അല്ലെങ്കിൽ ശരീരത്തിൽ ചെറിയ മരവിപ്പോ സൂചി കുത്തുന്ന പോലുള്ള അനുഭവങ്ങളോ ഉണ്ടാകുക.
5. ഹൃദയമിടിപ്പിലെ താളപ്പിഴകൾ : മുതിർന്ന സ്ത്രീകളിൽ കണ്ടുവരുന്ന ഏട്രിയൽ ഫിബ്രിലേഷൻ ഹൃദയത്തിനുള്ളിൽ രക്തക്കട്ടകൾ ഉണ്ടാക്കാനും, അത് തലച്ചോറിലെത്തി നാഡിപ്രവാഹം തടസ്സപ്പെടുത്താനും ഇടയാക്കും.
നിസ്സാരമെന്ന് കരുതി തള്ളിക്കളയരുതാത്ത അസാധാരണ ലക്ഷണങ്ങൾ(Stroke Symptoms in Women)
ശരീരത്തിന്റെ ഒരുവശം തളരുകയോ സംസാരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുകയോ ചെയ്യുന്നതാണ് സ്ട്രോക്കിന്റെ സാധാരണ ലക്ഷണമെങ്കിൽ സ്ത്രീകളിൽ താഴെ പറയുന്നവയും കണ്ടുവരാറുണ്ട്.
പെട്ടെന്നുണ്ടാകുന്ന ലക്ഷണങ്ങൾ(Stroke Symptoms in Women)

- കാഴ്ചയിലെ പെട്ടെന്നുണ്ടാകുന്ന തകരാറുകൾ.
- പെട്ടെന്നുണ്ടാകുന്ന കഠിനമായ തലവേദന: വ്യക്തമായ കാരണങ്ങളൊന്നുമില്ലാതെ പെട്ടെന്നുണ്ടാകുന്ന തീവ്രമായ തലവേദന.
- ശരീരത്തിന്റെ നിയന്ത്രണവും ബാലൻസും നഷ്ടപ്പെടൽ: നടക്കുമ്പോൾ പെട്ടെന്ന് വേഗത കുറയുക, ബാലൻസ് നഷ്ടപ്പെടുക, വീഴാൻ പോവുക തുടങ്ങിയ അവസ്ഥകൾ.
- പെട്ടെന്നുണ്ടാകുന്ന തീവ്രമായ ക്ഷീണം: പ്രത്യേകിച്ചൊരു കാരണവുമില്ലാതെ ശരീരം പെട്ടെന്ന് കഠിനമായി തളരുക.
- മാനസികാവസ്ഥയിലും ഓർമ്മയിലുമുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റങ്ങൾ: കാര്യങ്ങൾ ഗ്രഹിക്കാൻ പെട്ടെന്ന് പ്രയാസം തോന്നുക, കടുത്ത ആശയക്കുഴപ്പം, ഓർമ്മക്കുറവ്.
മറ്റ് ലക്ഷണങ്ങൾ

- കാരണമില്ലാത്ത തലകറക്കവും ഛർദ്ദിയും: ദഹനപ്രശ്നങ്ങളോ ഗ്യാസ്ട്രൈറ്റിസോ ഇല്ലാതെ വിട്ടുമാറാതെ നിൽക്കുന്ന തലകറക്കവും ഛർദ്ദിലും.
- തുടർച്ചയായ എക്കിളും ഭക്ഷണം വിഴുങ്ങാനുള്ള പ്രയാസവും: തലച്ചോറിലെ നാഡീവ്യൂഹങ്ങളെ ബാധിക്കുന്നത് മൂലം നിൽക്കാതെയുണ്ടാകുന്ന എക്കിളും ഭക്ഷണം ഇറക്കാൻ നേരിടുന്ന ബുദ്ധിമുട്ടും.
- ഓർക്കുക: ഇത്തരം സൂചനകൾ പലപ്പോഴും അസിഡിറ്റിയോ മാനസികസമ്മർദ്ദമോ വെറും ക്ഷീണമോ ആണെന്ന് കരുതി അവഗണിക്കുന്നത് ജീവന് തന്നെ ഭീഷണിയായേക്കാംലക്ഷണങ്ങൾ കണ്ട് ആദ്യത്തെ 4.5 മണിക്കൂർ വരെ ഉള്ള സമയമാണ് സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രധാനം. ഈ സമയത്തിനുള്ളിൽ വിദഗ്ദ്ധ സൗകര്യങ്ങളുള്ള ആശുപത്രിയിൽ രോഗിയെ എത്തിക്കാനായാൽ രക്തക്കട്ട അലിയിക്കാനുള്ള ചികിസകൾ നൽകി തലച്ചോറിനുണ്ടാകുന്ന വലിയ ആഘാതവും സ്ഥിരമായ വൈകല്യങ്ങളും ഒഴിവാക്കാൻ കഴിയും.
പ്രതിരോധിക്കാൻ മുന്നൊരുക്കങ്ങൾ

- ക്രമമായി ബി.പിയും പ്രമേഹവും പരിശോധിക്കുകയും കൃത്യമായി മരുന്നുകൾ കഴിക്കുകയും ചെയ്യുക.
- ഭക്ഷണത്തിൽ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, നാരുകൾ എന്നിവ ധാരാളം ഉൾപ്പെടുത്തുക.
- ഉപ്പ്, മധുരം, എണ്ണമയമുള്ള ആഹാരങ്ങൾ എന്നിവ പരിമിതപ്പെടുത്തുക.
- ദിവസവും പതിവായി വ്യായാമം ശീലമാക്കുക.
- ഹോർമോൺ ഗുളികകളോ തെറാപ്പികളോ ആരംഭിക്കുന്നതിന് മുൻപ് കൃത്യമായ ഡോക്ടറുടെ ഉപദേശം തേടുക.
- പുകവലിയും മദ്യപാനവും പൂർണ്ണമായും ഒഴിവാക്കുക.
സ്ത്രീകളിലെ പക്ഷാഘാതം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന ലക്ഷണങ്ങളിലൂടെ കടന്നുവരാമെന്നതിനാൽ ശരീരത്തിലുണ്ടാകുന്ന ചെറിയ വ്യതിയാനങ്ങൾ പോലും അവഗണിക്കരുത്. കൃത്യസമയത്തുള്ള ഇടപെടൽ ജീവൻ രക്ഷിക്കുക മാത്രമല്ല, ഭാവിയിലെ വലിയൊരു വൈകല്യത്തിൽ നിന്ന് വ്യക്തിയെ സംരക്ഷിക്കുകയും ചെയ്യും.
