SMOKE

Smoking ആരോഗ്യത്തിന് വളരെയധികം ഹാനികരമായൊരു ശീലമാണ് . എല്ലാ വർഷവും മെയ് 31നാണ് ലോക പുകയില വിരുദ്ധ ദിനം. പുകവലിയും പുകയില ഉപയോഗവും ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന ദോഷങ്ങളെ കുറിച്ച് ബോധവത്കരണം സൃഷ്ടിക്കാനാണ് ഈ ദിനം ആചരിക്കുന്നത്. ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ സെൻ്ററുകളുടെ (സിഡിസി) കണക്ക് പ്രകാരം ഓരോ ദിവസവും ഏകദേശം 1,600 യുവാക്കളാണ്ൾ ആദ്യമായി പുകവലി ആരംഭിക്കുന്നത്. പലർക്കും പുകവലിയുടെ ദോഷ വശങ്ങൾ അറിയാമെങ്കിലും ഈ ശീലം മാറ്റാൻ പലരും അത് ചെയ്യാറില്ല. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 70 ലക്ഷത്തിലധികം പേരാണ് പുകയില മൂലം മരിക്കുന്നത്. പുകവലി മാത്രമല്ല, പാസീവ് സ്മോക്കിങ്ങും ആരോഗ്യത്തിന് ഹാനികരമാണ്. പുകവലി മൂലം മനുഷ്യ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും തകരാർ സംഭവിക്കാം. 

ഹൃദ്രോഗം

ലോകത്തിൽ നടക്കുന്ന മരണങ്ങളുടെ കണക്കിൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കുന്നതിന് കാരണമാകുന്ന രോ​ഗത്തിൽ ഒന്നാമതാണ് ഹൃദ്രോ​ഗം. മാറികൊണ്ടിരിക്കുന്ന ജീവിതശൈലി മുതൽ മോശം ശീലങ്ങൾ വരെ ഹൃദ്രോ​ഗത്തിന് കാരണമാകാം. മരിക്കുന്നവരിൽ ഭൂരിഭാ​ഗം ആളുകൾക്കും പുകവലിയ്ക്കുന്ന സ്വഭാവമുണ്ടായിരുന്നു. സി​ഗരറ്റിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിൻ രക്തസമ്മർ​ദ്ദം വർധിക്കാൻ കാരണമാകുന്നു. ഇത് ഹൃദ്രോ​ഗത്തിൻ്റെ പ്രധാന കാരണമാണ്. ഹൃദയത്തിൻ്റെ പ്രവർത്തനം നിലച്ചാൽ അത് പല തരത്തിലുള്ള പ്രശ്നങ്ങൾക്ക് കാരണമാകും.

ഗർഭിണികൾക്കും കുട്ടികൾക്കും

പുകവലിക്കുന്നില്ലെങ്കിലും ​ഗർഭിണികളെയും കുട്ടികളെയും പുകവലി ബാധിക്കാറുണ്ട്. ​ഗർഭിണികൾ പുകവലിച്ചാൽ അത് ​ഗർഭം അലസാൻ പോലും കാരണമാകും. ഗർഭം അലസൽ, മാസം തികയാതെയുള്ള ജനനം, കുറഞ്ഞ ജനന ഭാരം എന്നിവയ്ക്കും ഇത് കാരണമാകും. ഇത് കുഞ്ഞിന്റെ ദീർഘകാല ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും.
പുകവലിക്കുന്ന കുട്ടികൾക്ക് കൂടുതൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ, ചെവി അണുബാധകൾ, ആസ്ത്മ പ്രശ്നങ്ങൾ എന്നിവയുണ്ട്. ഇത് അവരുടെ ശ്വാസകോശത്തിന്റെ വളർച്ചയെ ബാധിക്കുകയും ദീർഘകാല ശ്വസന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കുട്ടികളുടെ പെരുമാറ്റത്തിലും അതുപോലെ പഠനത്തിലും വൈകല്യങ്ങളുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പുകവലിക്കുന്നവർ വീട്ടിലുണ്ടെങ്കിൽ അത് കുഞ്ഞുങ്ങളെയാണ് അമിതമായി ബാധിക്കുന്നത്. കുട്ടികൾ കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കാനും വളരെയധികം ബുദ്ധിമുട്ടുകളുണ്ടാകും. അവർക്ക് ADHD പോലെയുള്ള പെരുമാറ്റ പ്രശ്നങ്ങളും ഉണ്ടാകാം.‌

സ്ട്രോക്ക്

സ്ട്രോക്ക് അഥവ പക്ഷാഘാതത്തിനും പുകവലി കാരണമാകാറുണ്ട്. നിസാരമെന്ന് തോന്നുമെങ്കിലും പുകവലി ഇത്തരത്തിലുള്ള വലിയോ രോഗങ്ങൾക്കാണ് കാരണമാകുന്നത്. തലച്ചോറിലേക്കുള്ള രക്തധമിനകൾക്ക് ഉണ്ടാകുന്ന തകരാറിൻ്റെ ഫലമായാണ് സ്ട്രോക്ക് ഉണ്ടാകുന്നത്. തലച്ചോറിലേക്കുള്ള രക്തക്കുഴൽ പൊട്ടുന്നതാണ് പ്രധാന പ്രശ്നം. പുകവലിക്കുന്നവരെക്കാൾ കൂടുതലായി പാസീവ് സ്മോക്കിങ്ങ് ആളുകളെയാണ് കൂടുതലായി ബാധിക്കുന്നത്. ഒരാൾ വലിക്കുന്ന സിഗരറ്റിൻ്റെ പുകയിൽ നിന്നും അത് ശ്വസിക്കുന്നയാൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാവാം. 4000 ത്തോളം കെമിക്കലുകളും കാര്‍ബണ്‍ മോണോക്സൈഡ് അടക്കം 150 ലധികം മാരകവിഷങ്ങളുമാണ് പുകവലിക്കാര്‍ സമൂഹത്തിന് സംഭാവന ചെയ്യുന്നത്. രണ്ടു മാസത്തിനും അഞ്ചു വയസ്സിനും ഇടയിലുള്ള 38 ശതമാനം കുഞ്ഞുങ്ങള്‍ വീടുകളിലെ പാസീവ് സ്മോക്കിംഗിന്റെ ഇരകളാണെന്നാണ് പഠന റിപ്പോർട്ടുകൾ പറയുന്നുണ്ട്.

സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം (SIDS)

സെക്കൻഡ് ഹാൻഡ് പുക ശ്വസിക്കുന്ന കുഞ്ഞുങ്ങൾക്ക് SIDS വരാനുള്ള സാധ്യത കൂടുതലാണ്, ഇത് ഒരു കുഞ്ഞ് പെട്ടെന്നും ഒരു കാരണവുമില്ലാതെ മരിക്കാനിടയാക്കുന്നു. ഈ പ്രശ്‌നങ്ങളിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുന്നതിന്, വീടുകളിലും പൊതുസ്ഥലങ്ങളിലും പുകവലി രഹിത പ്രദേശങ്ങൾ ഉണ്ടായിരിക്കേണ്ടത്
വളരെ പ്രധാനമാണ്. പൊതു ഇടങ്ങളിലെ പുകവലിക്കെതിരെയുള്ള നിയമങ്ങൾ, പുകവലി രഹിത വീടുകൾ പ്രോത്സാഹിപ്പിക്കുക, പുകവലി ഉപേക്ഷിക്കാൻ ആളുകളെ സഹായിക്കുക എന്നിവയെല്ലാം എക്സ്പോഷർ കുറയ്ക്കുന്നതിലും എല്ലാവരെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിലും വലിയ മാറ്റമുണ്ടാക്കും.

ആസ്തമ

ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു രോഗമാണ് ആസ്തമ. ശ്വാസം എടുക്കാനും അതുപോലെ ശ്വസിക്കാനും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രോഗവസ്ഥയാണിത്. ദി സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ റിപ്പോർട്ട് ചെയ്യുന്നത് പുകയില പുകയ്ക്ക് ഒരു സാധാരണ ട്രിഗറാണ് ആസ്ത്മ. പുകവലി ഉൾപ്പെടെയുള്ള പുകയില പുക എല്ലാവർക്കും അനാരോഗ്യകരമാണ് പ്രത്യേകിച്ച് ആസ്തമയുള്ളവർക്ക്. വാതകങ്ങളുടെയും സൂക്ഷ്മകണങ്ങളുടെയും മിശ്രിതമാണ് ഈ പുകയിലുള്ളത്. സിഗരറ്റ്, ചുരുട്ട് അല്ലെങ്കിൽ പൈപ്പുകൾ പോലുള്ള പുകയില ഉൽപ്പന്നങ്ങൾ കത്തിക്കുന്നതിലൂടെ ഇത്തരം പുകയാണ് പുറത്തേക്ക് വരുന്നത്.

ശ്വാസകോശ അർബുദം

പുകവലിക്കുന്നവരെ ഏറ്റവും പ്രധാനമായി ബാധിക്കുന്ന രോഗമാണ് ശ്വാസകോശ അർബുദം. ശ്വാസകോശ അർബുദത്തിനുള്ള അപകട ഘടകമാണ് സിഗരറ്റ് വലിക്കുന്നതെന്ന് സിഡിസി പറയുന്നു. ‌‌ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകൾ മരിക്കാൻ ഇടയുള്ള അവസ്ഥയാണ് ശ്വാസകോശ അർബുദം എന്ന് പറയുന്നത്. പുരുഷന്മാരിലാണ് കൂടുതലായി ഇത് കണ്ടുവരുന്നത്. നിശബ്ദ കൊലയാളി എന്നാണ് ഇതിനെ വിളിക്കുന്നത്. രോഗ ലക്ഷണങ്ങൾ തിരിച്ചറിയപ്പെടാതെയോ അല്ലെങ്കിൽ ശ്രദ്ധിക്കാതെയോ പോകുമ്പോഴാണ് രോഗം മൂർച്ഛിക്കുന്നത്. പുക ശ്വസിക്കുന്ന സ്ത്രീകൾക്കും ശ്വാസകോശ അർബുദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രധാനപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ

  • ഇന്ത്യയിൽ ഏറ്റവും കൂടുതലായി കാണുന്ന അർബുദം
  • സ്തനാർബുദം കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം പേരിൽ കാണപ്പെടുന്ന കാൻസർ
  • കാൻസർ മൂലം മരണപ്പെടുന്നവരിൽ നാലിലൊരാൾ ശ്വാസകോശ അർബുദം ബാധിച്ച് മരിക്കുന്നവരാണ്
  • 80-90% ശ്വാസകോശ അർബുദവും പുകവലിയുടെ ഫലമാണ്. പുകവലിക്കാരിൽ 20% പേരും ശ്വാസകോശ അർബുദ രോഗികളായി മാറുന്നുവെന്നതാണ് വസ്തുത.

എപ്പോൾ വൈദ്യസഹായം തേടണം

  • ഏറ്റവും സാധാരണമായ ലക്ഷണം ചുമയാണ് (3 ആഴ്ചയോ അതിൽ കൂടുതലോ നീണ്ടുനിൽക്കുന്ന ചുമ)
  • ശരീരഭാരം കുറയുക, വിശപ്പില്ലായ്മ എന്നിവ സാധാരണം
  • നെഞ്ചുവേദന, കഫത്തിൽ രക്തം, ശ്വാസം മുട്ടൽ എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ
  • ചുമയോ, കഫത്തിൽ രക്തമോ കണ്ടാൽ അവർക്ക് ശ്വാസകോശ അർബുദം ഉണ്ടാകണമെന്നില്ല, അതിനാൽ സംശയമുണ്ടെങ്കിൽ വൈദ്യസഹായം തേടാൻ ഭയപ്പെടേണ്ടതില്ല

പുകയിലയും, ശ്വാസകോശ അർബുദവും

  • ശ്വാസകോശ അർബുദത്തിനുളള ഏറ്റവും പ്രധാന കാരണം പുകയിലയുടെ ഉപയോഗമാണ്
  • ശ്വാസകോശ അർബുദത്തിൽ പുകയിലയുടെ സ്വാധീനം പല പഠനങ്ങളിലും സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുളളതാണ്
  • പുകവലിക്കുന്നവരിൽ ശ്വാസകോശ അർബുദം വരാനുള്ള സാധ്യത പുകവലിക്കാത്തവരേക്കാൾ 30 മടങ്ങ് അധികമാണ്
  • യുവതലമുറ പുകവലിയെ നിസാരമായി കാണുന്നു; പ്രായപൂർത്തിയായ ശേഷവും പലരും ഈ ശീലം തുടരുകയാണ്
  • രോഗനിർണ്ണയത്തിനു ശേഷവും പുകവലി തുടരുന്ന രോഗികൾക്ക് പലപ്പോഴും അർബുദ ചികിത്സ ഫലിക്കാതെ പോകുന്നു
  • വർദ്ധിച്ചുവരുന്ന പുകവലിയുടെ ഉപയോഗമാണ് ശ്വാസകോശ അർബുദ രോഗികളുടെ എണ്ണം വർദ്ധിക്കാൻ ഇടയാക്കുന്നത്.

ചികിത്സ

  • രോഗത്തിൻ്റെ തീവ്രതയെ അടിസ്ഥാനമാക്കിയാണ് ചികിത്സ നടത്തുന്നത്. ബയോപ്സിയിൽ കാണപ്പെടുന്ന ട്യൂമറിൻ്റെ തരമനുസരിച്ചും, ജനിതക പരിശോധനയുടെ ഫലങ്ങൾ അടിസ്ഥാനമാക്കിയുമാണ് ചികിത്സ
  • സർജറി, കീമോ തെറാപ്പി, റേഡിയേഷൻ തെറാപ്പി, ടാർഗെറ്റെഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി പോലുള്ള ചികിത്സാ രീതികളാണ് വ്യാപകമായി നടത്തുന്നത്
  • പ്രാരംഭ ഘട്ടത്തിൽ രോഗനിർണയം നടത്തിയാൽ 70%-ത്തിലധികം രോഗവും സുഖപ്പെടുത്താൻ കഴിയും

ആധുനിക വൈദ്യശാസ്ത്ര രംഗത്ത് ശ്വാസകോശ അർബുദത്തെ ഫലപ്രദമായി ചികിത്സിക്കാൻ കഴിയുന്ന നൂതനമായ മരുന്നുകൾ നമുക്ക് ലഭ്യമാണ്. പരമ്പരാഗത കീമോതെറാപ്പിയിൽ നിന്ന് വ്യത്യസ്തമായി, ഇമ്മ്യൂണോതെറാപ്പി നേരിട്ട് കാൻസർ ബാധിച്ച കോശങ്ങളെ കൊല്ലുന്നില്ല പകരം കാൻസർ കോശങ്ങളെ കൊല്ലാൻ നമ്മുടെ രോഗപ്രതിരോധ സംവിധാനത്തെ കൂടുതൽ സജീവമാക്കുന്നു, അതിനാൽ പാർശ്വഫലങ്ങൾ വളരെ കുറവാണ്. മരുന്നിൻ്റെ ചിലവാണ് രോഗികൾ നേരിടുന്ന പ്രതിസന്ധി.

കാൻസർ കോശങ്ങളെ സാധാരണ കോശങ്ങളിൽ നിന്നും വേർതിരിക്കുന്ന സവിശേഷ സ്വഭാവങ്ങളെ കണ്ടെത്തി അതുവഴി കാൻസർ കോശങ്ങളുടെ വർദ്ധനവ് തടയുകയാണ് ടാർഗെറ്റെഡ് തെറാപ്പിയിൽ ചെയ്യുന്നത്. കീമോതെറാപ്പിയെ അപേക്ഷിച്ച് ടാർഗെറ്റെഡ് തെറാപ്പിയിൽ മരുന്നുകൾ കൂടുതലായും കാൻസർ കോശങ്ങളെ മാത്രമേ നശിപ്പിക്കുന്നുള്ളു. ടാർഗെറ്റെഡ് തെറാപ്പിയിൽ ഉപയോഗിക്കുന്ന മരുന്നുകൾക്ക് തുടക്കത്തിൽ വലിയ വില നൽകേണ്ടിയിരുന്നു. എന്നാൽ ഇന്നിപ്പോൾ മിക്ക രോഗികൾക്കും താങ്ങാവുന്ന നിലയിലേക്ക് മരുന്നിൻ്റെ വില എത്തിയത് ആശ്വാസകരമാണ്.