വേനല്‍ കാലത്ത് അന്തരീക്ഷത്തിന്റെ ചൂട് ദിവസം തോറും വര്‍ധിച്ച് വരികയാണ്. അതുകൊണ്ട് തന്നെ കാലാവസ്ഥയ്ക്ക് അനുസരിച്ച് ആരോഗ്യം പരിപാലിക്കപ്പെടേണ്ടത് അത്യാവശ്യമാണ്. വേനല്‍ക്കാലത്ത് പലതരത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ ഉണ്ടാകാം.
കൂടുതല്‍ നേരം വെയില് കൊള്ളുമ്പോള്‍ തൊലിപ്പുറം ചുവക്കുക, ചൊറിച്ചില്‍, വരള്‍ച്ച എന്നീ ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. തൊലി കൂടുതല്‍ പൊള്ളുമ്പോള്‍ കുമിളകള്‍ വരുകയും തൊലി അടര്‍ന്നുമാറുകയും ചെയ്യാം. പനി, ഛര്‍ദ്ദില്‍ എന്നീ ലക്ഷണങ്ങളും കാണാറുണ്ട്. കൂടുതല്‍ വിയര്‍ക്കുന്നതുകൊണ്ട് ചൂടുകുരുവും വരാം. വേല്‍ക്കാലത്ത് എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് അറിയേണ്ടേ..
ഈ വേനല്‍ കഴിയുന്നതും വെയില് കൊള്ളാതെ സൂക്ഷിക്കുക, സണ്‍ സ്ക്രീന്‍ ലോഷന്‍, പൗഡറുകള്‍ എന്നിവ ഉപയോഗിക്കുക, ധാരാളം വെള്ളം കുടിക്കുക, കുട ഉപയോഗിക്കുക, ദിവസവും രണ്ടുതവണ കുളിക്കുക, അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക എന്നീ പ്രതിരോധമാര്‍ഗങ്ങള്‍ ഉപയോഗിക്കാം.
സൂര്യാഘാതം ഏറെനേരം തീവ്രതയേറിയ വെയില് കൊള്ളുമ്പോള്‍ ശരീരത്തില്‍ പൊള്ളലുകള്‍, ഛര്‍ദ്ദില്‍, ക്ഷീണം, ബോധക്ഷയം, നെഞ്ചിടിപ്പ് കൂടുക എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അത് സൂര്യാഘാതം മൂലമാകാം. ഈ ലക്ഷണങ്ങള്‍ കാണുന്നുണ്ടെങ്കില്‍ ഉടന്‍ ഡോക്ടറിനെ കാണുക.
വേനല്‍ക്കാലത്ത് വെള്ളം ധാരാളം കുടിക്കാനാണ് പ്രധാനമായി ശ്രദ്ധിക്കേണ്ടത്. സാധാരണ കുടിക്കുന്നതിനേക്കാള്‍ ഇരട്ടി വെള്ളം ദിവസവും കുടിക്കുക. വെള്ളം കുടിക്കാത്ത പക്ഷം നിങ്ങള്‍ക്ക് നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് അത് നയിക്കും.
പാകം ചെയ്ത ഭക്ഷണം അധിക സമയം കഴിയും മുന്‍പ് ഭക്ഷിക്കുക, ഹോട്ടല്‍ ഭക്ഷണം ഒഴിവാക്കുക. വയറിളക്കം പിടിപെട്ടാല്‍ ധാരാളം വെള്ളം കുടിക്കുക, ഉപ്പിട്ട് കഞ്ഞിവെള്ളം, കരിക്കിന്
വേനല്‍ക്കാലത്ത് ചൂടുകൊണ്ടുണ്ടാകുന്ന നേത്രരോഗങ്ങളും ഉണ്ടാകാം. കണ്ണിന് അലര്‍ജി, ബാക്ടീരിയ, വൈറസ് എന്നിവ വഴി പകരുന്ന ചെങ്കണ്ണ്, കണ്‍കുരു, കണ്ണിനുണ്ടാകുന്ന വരള്‍ച്ച എന്നിവയാണ് പ്രധാനമായും പിടിപെടുക. ഇതില്‍ വൈറസ് ബാധയാലുള്ള ചെങ്കണ്ണ് പിടിപെട്ടാല്‍ അത് രണ്ടാഴ്ച വരെ നീണ്ടുനില്‍ക്കും.
സംസ്ഥാനത്ത് വേനല്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇത് പ്രകാരം പകല്‍ സമയത്ത് പൊതുജനങ്ങള്‍ വെയില് കൊള്ളുന്നത് ഒഴിവാക്കണം. പകല്‍ 11 നും മൂന്ന് മണിക്കും ഇടയില്‍ വെയില് കൊള്ളുന്നത് സൂര്യാഘാതമേല്‍ക്കാന്‍ കാരണമായേക്കും എന്നതിനാലാണിത്.
നിര്‍ദ്ദേശങ്ങള്‍ ഇവ
- പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
- നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.
- അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
- പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
- മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ- നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.
- ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്.
- വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
- വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.
- വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.
- അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.
- കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.
- ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.
- മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥര ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക.
- യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.
- നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ എന്നിവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
- ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.
- കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്തത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.
- ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിർജലീകരണം തടയാൻ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയിൽ കരുതുക.
- അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
- കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.