STROKE

ആഗോളതലത്തില്‍, മസ്തിഷ്‌കാഘാതം അഥവാ STROKE മരണകാരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ്. പ്രതിവര്‍ഷം ഏകദേശം 1.8 ദശലക്ഷം ആളുകള്‍ക്ക് സ്‌ട്രോക്ക് സംഭവിക്കുന്നു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്ട്രോക്ക് കേസുകളില്‍ 100 ശതമാനം വര്‍ധനയുണ്ടായി.

ഇന്ത്യയിൽ, ശരാശരി സ്ട്രോക്ക് സംഭവങ്ങളുടെ നിരക്ക് 100,000 ജനസംഖ്യയിൽ 145 ആണ്. ഓരോ മിനിറ്റിലും മൂന്ന് ഇന്ത്യക്കാർക്ക് സ്ട്രോക്ക് ഉണ്ടാകുന്നുവെന്ന് ഗവേഷകർ കണക്കാക്കുന്നു.

മസ്തിഷ്കാഘാതം കൂടുതലായി പ്രായമായവരുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ, ഏതു പ്രായത്തിലുമുള്ള വ്യക്തികളെയും അവ ബാധിക്കാം. അപകടസാധ്യത ഘടകങ്ങളും ലക്ഷണങ്ങളും തിരിച്ചറിയുന്നത് സ്ട്രോക്ക് തടയുന്നതിന് നിർണ്ണായകമാണ്. നേരത്തെയുള്ള രോഗനിർണ്ണയവും ചികിത്സയും സ്ട്രോക്കിനു ശേഷം ആരോഗ്യം പൂർണ്ണമായി വീണ്ടെടുക്കാനുള്ള സാധ്യതകളെ ഗണ്യമായി മെച്ചപ്പെടുത്തുന്നു.

മരണകാരണം എന്നതിലുപരി സ്ട്രോക്ക് അതിജീവിക്കുന്നവരിൽ അതുണ്ടാക്കുന്ന ശാരീരികവും മാനസികവും സാമ്പത്തികവുമായ വിഷമതകൾ വളരെ വലുതാണ്. ഒരു ജീവിതശൈലീ രോഗമായ സ്ട്രോക്ക് പ്രതിരോധ്യമായ ഒരു അവസ്ഥയാണ്. സ്ട്രോക്ക് എന്താണെന്നും അത് എങ്ങനെ തിരിച്ചറിയാം, എന്തൊക്കെ ചികിത്സകൾ ലഭ്യമാണ്, എങ്ങനെ വരാതെ നോക്കാം എന്നതിനെക്കുറിച്ചുമെല്ലാം പൊതുജനങ്ങളിൽ അവബോധം ഉണ്ടാകേണ്ടതുണ്ട്.

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതാണ് പലപ്പോഴും ചികിത്സ വൈകിപ്പിക്കുന്നത്. നാം പാഴാക്കുന്ന ഓരോ മിനിറ്റിലും തലച്ചോറിലെ ഒരു ദശലക്ഷം കോശങ്ങളാണ് നശിച്ചു കൊണ്ടിരിക്കുന്നത്.

എന്താണ് സ്ട്രോക്ക്?

തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറുമൂലം തലച്ചോറിന്റെ പ്രവർത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. സ്ട്രോക്ക് പൊതുവെ രണ്ടുതരത്തിൽ കാണുന്നു.

ഇഷിമിക് (ischemic) സ്ട്രോക്ക് അഥവാ രക്തധമനികളിൽ രക്തം കട്ട പിടിച്ചു ഉണ്ടാകുന്ന സ്ട്രോക്ക്. സ്ട്രോക്കുകളിൽ ഏറിയ പങ്കും ഇഷിമിക് സ്ട്രോക്ക് ആണ്.

ഹെമൊറാജിക് (haemorrhagic) സ്ട്രോക്ക് അഥവാ രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന സ്ട്രോക്ക്. ഇഷിമിക് സ്ട്രോക്കിനെക്കാൾ മാരകമാണ് ഹെമൊറാജിക് സ്ട്രോക്ക്.

സ്ട്രോക്ക് വരാനുള്ള സാധ്യതകൾ

സ്ട്രോക്ക് ഒരു ജീവിതശൈലീ രോഗമാണ്. പുകവലി, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം, അമിത മദ്യപാനം എന്നിവ സ്ട്രോക്ക് വരാനുള്ള പ്രധാന കാരണങ്ങളാണ്. അമിത രക്തസമ്മർദ്ദം ഉള്ളവരിൽ സ്ട്രോക്ക് വരാനുള്ള സാധ്യത വളരെ അധികമാണ്. അതുപോലെ പ്രമേഹം, ഉയർന്ന കൊളസ്ട്രോളിൻ്റെ അളവ് എന്നിവ ഉള്ളവരിലും സ്ട്രോക്ക് ഉണ്ടാകാം. ഹാർട്ട് അറ്റാക്ക് വന്നവരിൽ, ഹൃദയ വാൽവ് സംബന്ധമായ തകരാറുകൾ ഉള്ളവരിൽ, ഹൃദയമിടിപ്പ് ക്രമം അല്ലാത്തവർ, ഇവരിലൊക്കെ സ്ട്രോക്കിനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇതിന്റെ ഒരു പ്രധാന കാരണം ജീവിതശൈലിയിൽ ഉണ്ടായിട്ടുള്ള വ്യതിയാനമാണ്. പുകവലിയാണ് ഇതിൽ ഏറ്റവും പ്രധാനം. കൂടാതെ അമിത വണ്ണം, രക്തസമ്മർദ്ദം, മാനസികസമ്മർദ്ദം എന്നിവയും ചെറുപ്പക്കാരിൽ സ്ട്രോക്ക് ഉണ്ടാകാനുള്ള പ്രധാന കാരണങ്ങളാണ്. ഗർഭനിരോധന ഗുളികകൾ സ്ഥിരമായി ഉപയോഗിക്കുന്ന സ്ത്രീകളിലും സ്ട്രോക്കിനുള്ള സാധ്യത കൂടുതലാണ്. ഇതുകൂടാതെ കുടുംബപരമായി സ്ട്രോക്ക് വരുന്നവരിലും രക്തംകട്ട പിടിക്കുന്നതിൽ അപാകത ഉണ്ടാകുന്ന രോഗങ്ങൾ ഉള്ളവരിലും സ്ട്രോക്ക് ചെറുപ്പകാലത്തെ ഉണ്ടാകാം.

സ്ട്രോക്ക് എങ്ങനെ തിരിച്ചറിയാം?

ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുണ്ടാകുന്ന ബലക്ഷയം, മുഖത്ത് കോട്ടം, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്‌ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ അതും സ്ട്രോക്കിന്റെ ലക്ഷണങ്ങളാണ്. സ്‌കൂൾ തലത്തിൽ തന്നെ സ്ട്രോക്കിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാൻ കുട്ടികളെ പ്രാപ്‌തരാക്കുക എന്നതും ഈ സ്ട്രോക് ദിനത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്നാണ്.

സ്ട്രോക്ക് എങ്ങനെ ചികിത്സിക്കാം?

സ്ട്രോക്കിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയരാകേണ്ടതാണ്. രക്തം കട്ടപിടിച്ചുണ്ടാകുന്ന സ്ട്രോക്കുകളിൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങി നാലര മണിക്കൂറിനുള്ളിൽ തന്നെ രക്തം കട്ട പിടിച്ചത് മാറ്റാനുള്ള മരുന്ന് നൽകേണ്ടതാണ്. ഇതിനു ത്രോംബോളൈറ്റിക് (thrombolytic) തെറാപ്പി എന്നാണ് പറയുന്നത്. ഈ ചികിത്സയാൽ സ്ട്രോക്ക് മൂലം ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ഗണ്യമായ കുറവുണ്ടാകും. അതിനാൽ എത്രയും പെട്ടന്ന് രോഗിയെ അടുത്തുള്ള സ്ട്രോക്ക് യൂണിറ്റിൽ എത്തിക്കേണ്ടതാണ്. 24 മണിക്കൂറും ന്യൂറോളജിസ്റ്റ്, ന്യൂറോസർജൻ, സിടി (CT) / എം ആർ ഐ (MRI) എടുക്കാനുള്ള സൗകര്യം, ഐ സി യു സൗകര്യം എന്നിവയാണ് സ്ട്രോക്ക് യൂണിറ്റുകൾക്ക് ഉണ്ടായിരിക്കേണ്ട കുറഞ്ഞ യോഗ്യതകൾ.

രോഗിയെ ആദ്യം അടുത്തുള്ള ഒരു ക്ലിനിക്കിൽ എത്തിക്കുകയും പിന്നെ സി.ടി സ്കാനിംഗിനായി വേറൊരു സ്ഥലത്തേക്ക് പറഞ്ഞു വിടുകയുമാണ് സാധാരണ ചെയ്യാറുള്ളത്. എന്നാൽ പെട്ടെന്ന് എത്തിപ്പെടാവുന്ന സ്ട്രോക്ക് യൂണിറ്റുകൾ ഉള്ള ഹോസ്പിറ്റലുകൾ ഏതൊക്കെ എന്നും അവരുടെ സ്ട്രോക്ക് ഹെൽപ് നമ്പറുകൾ ഏതാണെന്നും അറിഞ്ഞു വച്ചിരിക്കുന്നത് ആദ്യമുണ്ടാകുന്ന ഈ സമയനഷ്ട‌ം കുറയ്ക്കാൻ സഹായിക്കും.

തലച്ചോറിലേക്കുള്ള പ്രധാന രക്തധമനികളിലാണ് ക്ലോട്ട് എങ്കിലോ, അല്ലെങ്കിൽ മറ്റു ചില കാരണങ്ങളാൽ ത്രോബോലിസിസ് ചെയ്യാൻ പറ്റാത്ത രോഗികളിൽ, രക്തധമനി വഴി ഒരു കത്തീറ്റർ കടത്തി രക്തക്കട്ട നീക്കം ചെയ്യാനുള്ള എൻഡോവാസ്ക്‌കുലർ റിവാസ്ക്കുലറൈസേഷൻ (endovascular revascularization) തെറാപ്പിയും ഇപ്പോൾ ലഭ്യമാണ്. എന്നാൽ ഇതു ചില സ്ട്രോക്ക് യൂണിറ്റുകളിൽ മാത്രമേ ഇപ്പോൾ ലഭ്യമായിട്ടുള്ളു. ചികിത്സ വൈകുവാനുള്ള മറ്റൊരു കാരണം തുടക്കത്തിൽ രോഗലക്ഷണങ്ങൾ വളരെ കുറവായിരിക്കും. സിടി സ്കാനിൽ സ്ട്രോക്കിൻ്റെ വ്യതിയാനങ്ങൾ വരാൻ ചിലപ്പോൾ ആറു തൊട്ടു ഇരുപതിനാലു മണിക്കൂർ വരെ എടുക്കാം. സിടി സ്‌കാൻ വിശദമായി പരിശോധിക്കുകയോ ഇല്ലെങ്കിൽ എം ആർ ഐ സ്‌കാനിൽ മാത്രമേ ആദ്യ മണിക്കൂറുകളിൽ സ്ട്രോക്കിൻ്റെ വ്യതിയാനങ്ങളും മനസ്സിലാക്കുവാൻ സാധിക്കുകയുള്ളു. കാര്യമായ രോഗലക്ഷണങ്ങൾ ഇല്ലാത്തതിനാലും സി.ടി സ്കാൻ നോർമൽ ആയതിനാലും ചിലപ്പോൾ ചികിത്സ വൈകാറുണ്ട്. ഇത്തരക്കാരിൽ ചിലപ്പോൾ 2 – 3 മണിക്കൂർ കഴിയുമ്പോൾ പൂർണ്ണമായ സ്‌ട്രോക്ക് വരുകയും ത്രോമ്പോലിസിസ് ചികിത്സയ്ക്കുള്ള സമയപരിധി കഴിഞ്ഞു പോകുകയും ചെയ്യാറുണ്ട്.

ചില രോഗികളിൽ സ്ട്രോക്കിൻ്റെ ലക്ഷണങ്ങൾ വന്ന് ഒരു മണിക്കൂറിനുള്ളിൽ തന്നെ അത് പൂർണ്ണമായി മാറുകയും ചെയ്യും. ഇതിനെ ടി ഐ എ (TIA) അഥവാ ട്രാൻസിയന്റ് ഇഷിമിക് അറ്റാക്ക് (Transient ischemic Attack) എന്ന് പറയുന്നു. പൂർണ്ണമായി ഭേദമായതിനാൽ രോഗി ചികിസ ചിലപ്പോൾ തേടാറില്ല. എന്നാൽ ഇത്തരത്തിൽ വരുന്ന ടി ഐ എ ഭാവിയിൽ സ്ട്രോക്ക് വരുന്നതിനുള്ള ഒരു അപായ സൂചന ആണ്. അതിനാൽ ലക്ഷണങ്ങൾ ഭേദമായാലും ഉടനെ തന്നെ ഒരു ന്യൂറോളജിസ്റ്റിനെ കണ്ട് വേണ്ട ചികിത്സ തേടേണ്ടതാണ്.

സ്ട്രോക്കിനുശേഷമുള്ള ജീവിതം

ശാരീരിക വിഷമതകൾക്കു പുറമെ സ്ട്രോക്ക് രോഗിയുടെ മാത്രമല്ല കുടുംബത്തിലും ഉണ്ടാക്കുന്ന മാനസികവും സാമ്പത്തികവുമായ ആഘാതം വളരെ വലുതാണ്. അതിനാൽ സ്ട്രോക്ക് ചികിത്സയിൽ ഏറ്റവും പ്രധാനമാണ് അവരുടെ പുനരധിവാസം (rehabilitation). ചലന ശേഷി വീണ്ടെടുക്കാനായി മുടങ്ങാതെ ഫിസിയോതെറാപ്പി ചെയ്യണം. ഫിസിയോതെറാപ്പിയുടെ ആദ്യ ലക്ഷ്യം ദൈനംദിന കാര്യങ്ങൾ ചെയ്യാൻ രോഗിയെ പ്രാപ്‌തമാക്കുക എന്നതാണ്. അത് നേടിയാൽ അടുത്ത ലക്ഷ്യം ജോലി ചെയ്യാൻ പ്രാപ്‌തമാക്കാനുള്ള ഒക്യുപേഷണൽ ഫിസിയോതെറാപ്പിയാണ്. കിടപ്പിലായ രോഗികളിൽ ബെഡ് സോർ വരാതെ നോക്കാനായി ഓരോ രണ്ടു മണിക്കൂറിലും രോഗിയെ തിരിച്ചു കിടത്തേണ്ടതാണ്.

നമ്മുടെ ചുറ്റുപാടിൽ ശരീരത്തിൻ്റെ ഏകോപനവും സ്ഥിരതയും കൂടിച്ചേരുന്നതാണ് സന്തുലിതാവസ്ഥ. ഇത് സഞ്ചാരം, സാധനങ്ങൾ കയ്യെത്തി പിടിക്കുക പോലുള്ള ദൈനംദിന പ്രവൃത്തികളിൽ സഹായിക്കുന്നു. എന്നാൽ സ്ട്രോക്കിൽ ഈ സന്തുലനാവസ്ഥ നഷ്‌ടപ്പെടുന്നു. അതിനാൽ വീഴ്‌ചകൾക്കുള്ള സാധ്യത വളരെ കൂടുതലാണ്. രോഗികൾ കിടക്കുന്ന മുറിയും അവരുപയോഗിക്കുന്ന കുളിമുറിയും ഒരേ നിരപ്പിൽ അയിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ രാത്രി ആവശ്യമായ പ്രകാശവും ബാത്റൂമിൽ വേണം. തട്ടിവീഴാൻ കാരണമാകാവുന്ന സാധനങ്ങൾ തറയിൽ നിന്നു മാറ്റേണ്ടതാണ്. തിരിയുമ്പോഴും കട്ടിൽ നിന്ന് എഴുന്നേൽക്കുമ്പോഴുമൊക്കെ ചലനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രികരിക്കുക. ശരിക്കും പാകമുള്ളതും കാനം കുറഞ്ഞ സോളോട് കൂടിയതും ഗ്രിപ്പുള്ളതുമായ പാദരക്ഷകൾ ആണ് ഉപയോഗിക്കേണ്ടത്.

സ്ട്രോക്ക് കാരണം ആശയവിനിമയത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം. ഇതിനു നല്ല രീതിയിൽ ഉള്ള സ്‌പീച്ച് തെറാപ്പി ആവശ്യമാണ്. ആശയവിനിമയം നടത്താൻ നിരന്തരമായി അഭ്യസിക്കുക, ഉച്ചത്തിൽ വായിക്കുക, പേരുകൾ ഗാനങ്ങൾ തുടങ്ങിയവ പലതവണ ആവർത്തിക്കുക, കാർഡുകൾ അല്ലെങ്കിൽ ആധുനിക സാങ്കേതികവിദ്യകൾ ആശയവിനിമയത്തിന് ഉപയോഗിക്കുക തുടങ്ങിയവ ചെയ്യാവുന്നതാണ്.

ഇത് ആഹാരം ശ്വാസനാളത്തിലേക്കു പോകുവാനും തന്മൂലം ആസ്‌പിരേഷൻ ന്യുമോണിയ വരുന്നതിനും സാധ്യതയുണ്ട്. ഇത് കുറയ്ക്കുന്നതിനായി ഭക്ഷണം ചെറിയ കഷണങ്ങളായി മുറിച്ചു കഴിക്കേണ്ടതും പാനീയങ്ങൾ കുറച്ചു കുറച്ച് മൊത്തിക്കുടിക്കേണ്ടതും ആകുന്നു. ഭക്ഷണം കഴിക്കുമ്പോൾ സംസാരം ഒഴിവാക്കുകയും മറ്റു കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതു ഒഴിവാക്കേണ്ടതുമാണ്. കിടന്നു കൊണ്ട് ഭക്ഷണം കഴിക്കാൻ പാടുള്ളതല്ല.

സ്ട്രോക്ക് മൂലം ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കുറവ്, ഓർമ്മക്കുറവ് എന്നിവ വരാനും സാധ്യതയുണ്ട്. കാര്യങ്ങൾ ചെയ്യാൻ കൂടുതൽ സമയം എടുക്കുക, ഒരു സമയം ഒരു കാര്യം മാത്രം ചെയ്യുക, ചെയ്യേണ്ട കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുക, ആവശ്യമെങ്കിൽ മറ്റുള്ളവരുടെ സഹായം തേടുക എന്നിവ ഒക്കെ ചെയ്യണ്ടതാണ്. ശാന്തമായി വിശ്രമിക്കുക, ചെറിയ നടത്തത്തിനു പോവുക, സംഗീതം ആസ്വദിക്കുക തുടങ്ങിയ ചെറിയ കാര്യങ്ങൾ ഏകാഗ്രത വീണ്ടെടുക്കാൻ സഹായിക്കും.

Lonely, traumatised, frustrated, ill woman holding head in hands, feeling vulnerable, desperate having bipolar problems, needs psychological help, major heartbroken experiencing loneliness crisis

സ്ട്രോക്ക് വരുമ്പോൾ പലർക്കും പണ്ടുണ്ടായിരുന്ന ജീവിതം നഷ്ട‌മായി എന്ന തോന്നൽ ഉണ്ടാകാറുണ്ട്. നിരാകരണം, ക്ഷോഭം, സങ്കടം, കുറ്റബോധം, വിഷാദരോഗം തുടങ്ങിയവ വരിക സാധാരണമാണ്. ഇത് ഒഴിവാക്കുന്നതിന് കുടുംബങ്ങൾക്ക് കാര്യമായ പങ്കുണ്ട്. സ്വയം സമാധാനപ്പെടുക, എപ്പോഴും മുന്നോട്ടു പോകുകയും, മറ്റുള്ളവരുമായി സമ്പർക്കത്തിലിരിക്കുകയും ചെയ്യുക. മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികൾ തേടുക, കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക, വിഷാദരോഗം മാറ്റുനതിനു വൈദ്യസഹായം മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള വഴികൾ തേടുക, കഴിയുന്നത്ര ഉത്സാഹത്തോടെ ഇരിക്കുക, വിഷാദരോഗം മാറ്റുനതിനു വൈദ്യസഹായം തേടാൻ മടി കാണിക്കാതിരിക്കുക, മനസ്സിലാക്കുന്നവരോട് അനുഭവങ്ങൾ പങ്കു വയ്ക്കുക എന്നിവയൊക്കെ ഈ വിഷാദം മാറ്റാൻ സഹായിക്കും.

സ്ട്രോക്ക് വരാതെ നോക്കുക

എപ്പോഴും രോഗം വന്നു ചികിതസിക്കുന്നതിനേക്കാൾ നല്ലതാണ് അത് വരാതെ നോക്കുന്നത്. ഉയർന്ന രക്തസമ്മർദവും, പ്രമേഹവും, ഉയർന്ന കൊളസ്ട്രോളും കൃത്യമായി മരുന്ന് കഴിച്ചു നിയന്ത്രിക്കേണ്ടതാണ്. കൂടാതെ രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകൾ കൃത്യമായി ഡോക്ട‌റുടെ നിർദ്ദേശപ്രകരം മുടങ്ങാതെ കഴിക്കുന്നതിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാവും.

ശരീരഭാരം കൂടാതെ നോക്കുകയും, കൃത്യ സമയത്തു തന്നെ സമീകൃതമായ ആഹാരം കഴിക്കുകയും അതിൽ കൂടുതലും പഴങ്ങളും, പച്ചക്കറികളും ഉൾപെടുത്താൻ ശ്രമിക്കേണ്ടതുമാണ്. പുകവലി പൂർണ്ണമായി ഒഴിവാക്കുകയും, മദ്യപാനം നിയന്ത്രിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. ഒരിക്കൽ ടി ഐ എ വന്ന രോഗികൾ ന്യൂറോളജിസ്റ്റിനെ കാണുകയും, ഭാവിയിൽ സ്ട്രോക്ക് വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കേണ്ടതുമാണ്. തലച്ചോറിലേക്കുള്ള രക്തധമനികളുടെ ഡോപ്ലര്‍ സ്‌കാന്‍ (Neck Vessel Doppler scan) ചെയ്യുന്നതിലൂടെ അതില്‍ അടവുകള്‍ ഉണ്ടോ എന്ന് പരിശോധിക്കാവുന്നതാണ്. അപ്രകാരം അടവുകള്‍ ഉണ്ടെങ്കില്‍ അത് നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയ കരോട്ടിഡ് ഇണ്ടാര്‍ട്രക്ടമി (Carotid endartrectomy) ചെയ്യണ്ടതാണ്.