തിരക്ക് നിറഞ്ഞ നമ്മുടെ നിത്യജീവിതത്തിൽ ഒഴിവാക്കാനാവാത്തതാണ് Mental Stress . രാവിലേ ഒൻപത് മുതൽ അഞ്ച് വരെയുള്ള നീണ്ട നേരത്തെ ജോലി സമയവും, ബിസിനസ്സിൽ നിത്യേനയുണ്ടാകുന്ന ചെറുതും വലുതുമായ പ്രശ്നങ്ങൾ പോലും വേണ്ടതിലധികം മാനസിക സമ്മർദ്ദം ഒരാൾക്ക് സമ്മാനിക്കുന്നുണ്ട്. വാസ്തവത്തിൽ കൗമാരക്കാരിൽ തുടങ്ങി പ്രായമുള്ള ആളുകൾ വരെയുള്ള എല്ലാവരും തന്നെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ സമ്മർദ്ദ ലക്ഷണങ്ങളെ നേരിടുന്നവരാണ് എന്ന് കണക്കാക്കിയിരിക്കുന്നു. സമ്മർദ്ദം ഉണ്ടാകുമ്പോൾ ശരീരത്തിൽ അനാരോഗ്യകരമായ പല മാറ്റങ്ങളും കൂടെ വരുന്നു. മാനസികാരോഗ്യം ഉറപ്പാക്കാൻ നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.
ഒഴിവാക്കാൻ ആവശ്യമായ കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നീണ്ടുനിൽക്കുന്ന സമ്മർദ്ദം നിങ്ങളുടെ ആരോഗ്യത്തെ തന്നെ സാരമായി ബാധിച്ചേക്കും. ശരീരഭാര വർദ്ധനവ്, മുടി കൊഴിച്ചിൽ, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയവയെല്ലാം സമ്മർദ്ധം വരുത്തി വയ്ക്കുന്ന സാധാരണ അനാരോഗ്യ ലക്ഷണങ്ങളാണ്. ഏതൊരു വ്യക്തിയുടെ കാര്യത്തിലും ആരോഗ്യകരമായി തുടരാനും നല്ല ജീവിതം നയിക്കാനുമെല്ലാം സമ്മർദ്ദ നില നിയന്ത്രിതമാക്കി നിർത്തേണ്ടത് അനിവാര്യമാണ്.
ദിവസം മുഴുവൻ ഒരു ലാപ്ടോപ്പിന് മുന്നിൽ ഒരേ ഇരിപ്പ് ഇരിക്കുന്നത് നിങ്ങളുടെ ശരീരത്തിനും മനസ്സിനും വരുത്തി വയ്ക്കുന്ന അസ്വസ്ഥതകൾ ഒട്ടും ചെറുതായിരിക്കില്ല. ഇതിൻ്റെ കാഠിന്യം കുറയ്ക്കാൻ ഇടയ്ക്കിടെ സ്ട്രെച്ചിങ്ങ് വ്യായാമങ്ങൾ ചെയ്യുന്നത് ഒരു പരിധി വരെ സഹായിക്കും. ലഘുവായി വെറും അരമണിക്കൂർ മാത്രം എടുത്ത് ചെയ്യാൻ കഴിയുന്ന നെക്ക് റോൾ, സ്പൈൻ ട്വിസ്റ്റ്, ബാക്ക് ട്വിസ്റ്റുകൾ തുടങ്ങിയവ പിരിമുറുക്കത്തിൽ നിന്നും വേദനയിൽ നിന്നുമെല്ലാം ആശ്വാസം നൽകി നിങ്ങളുടെ മനസ്സിനെ ശാന്തമാക്കാൻ വഴിയൊരുക്കുന്നു.
ആധുനിക തൊഴിൽ സംസ്കാരത്തിൽ മാനേജ്മെന്റ് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് ജീവനക്കാർ നേരിടുന്ന മാനസിക സമ്മർദ്ദവും അതുകൊണ്ടുള്ള പ്രശ്നങ്ങളും. നിസ്സാരമായി കരുതേണ്ട കാര്യമല്ലിത്. അമേരിക്കയിലെ മാത്രം കണക്കെടുത്താൽ ഏകദേശം 300 ബില്യൺ ഡോളറാണ് ഇത്തരത്തിലുള്ള സ്ട്രെസ്സ് മൂലം ഒരു വർഷം നഷ്ടപ്പെടുന്നത്. ഇതിൽ നിന്നും ജീവനക്കാരുടെ മനസ്സ് എത്രമാത്രം വേണ്ടപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ നമുക്ക് സാധിക്കും.
പ്രധാനമായും ജോലി ഭാരത്തോടൊപ്പം വ്യക്തിപരമായ പ്രശ്നങ്ങളും കൂടി ചേരുന്നതോടെയാണ് ജോബ് സാറ്റിസ്ഫാക്ഷൻ ലെവൽ താഴേക്ക് ഇറങ്ങാൻ തുടങ്ങുന്നത്. ഇത് കടുത്ത മാനസിക സമ്മർദ്ദമായി അവരിൽ പ്രതിഫലിച്ചു തുടങ്ങുന്നതോടെ കമ്പനിയുടെ മൊത്തം പ്രവർത്തനങ്ങളിലും ഇത് സ്വാധീനം ചെലുത്താൻ തുടങ്ങും. ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ട് അനുസരിച്ച് സ്ട്രെസ്സ് എന്നു പറയുന്നത് ഒരു പകർച്ച വ്യാധി പോലെ അപകടകരമായ ഒരു അവസ്ഥാ വിശേഷം തന്നെയാണ്. ഇതിൽ വ്യക്തിപരമായ പ്രശ്നങ്ങളുടെ കാര്യത്തിൽ കമ്പനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. പക്ഷേ, കമ്പനിയിലെ കാര്യങ്ങളിൽ പലതും ചെയ്യാനാകും.
അതുകൊണ്ട് ഓരോ കമ്പനിയും അല്ലെങ്കിൽ മാനേജരും ജീവനക്കാരുടെ സ്ട്രെസ് കുറയ്ക്കാനായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യാറുണ്ട്. എന്നാൽ ഇതുവരെയുള്ള അനുഭവം വെച്ച് 100% വർക്ക് ഔട്ടായ ഒരു പ്ലാനും നിലവിലില്ല. എന്നുവെച്ചാൽ ആധുനിക തൊഴിൽ കൾച്ചറിന്റെ ഭാഗമായി സ്ട്രെസ്സ് ഫീൽ ചെയ്യുന്ന, അസംതൃപ്തരായ ഒരു വിഭാഗം എപ്പോഴും ടീമിനുള്ളിലുണ്ടാകും. അത് സ്വാഭാവികം മാത്രമാണെന്ന് ചുരുക്കം. അവരെയും പതുക്കെ മോട്ടിവേറ്റ് ചെയ്ത് പരിപൂർണതയിലേക്ക് കൊണ്ടു വരാനായിരിക്കും ഓരോ മാനേജരും ശ്രമിച്ചു കൊണ്ടിരിക്കുക. കാരണം ആ നെഗറ്റീവ് എനർജി വ്യാപിക്കുന്നത് തടയാൻ അയാൾ ശ്രമിച്ചു കൊണ്ടേയിരിക്കണം.
ജോലി ചെയ്യുന്ന ഇടം സ്ട്രെസ്സ് മാനേജ്മെന്റിൽ നിർണായകമാണ്. അതുകൊണ്ട് തന്നെ മികച്ചൊരു തൊഴിൽ അന്തരീക്ഷം നൽകാനാണ് ഒട്ടുമിക്ക കോർപ്പറേറ്റ് കമ്പനികളും ശ്രമിക്കുക. അവർ ആ അന്തരീക്ഷത്തിൽ മാച്ചായി കഴിഞ്ഞാൽ ഒരു പരിധിവരെ മാനസിക സമ്മർദ്ദം കുറയ്ക്കാൻ സാധിക്കും. ഇതുകൊണ്ട് തന്നെയാണ് പല കമ്പനികളും ചില ആക്ടിവിറ്റികൾ ഇടക്കിടെ പ്ലാൻ ചെയ്യുന്നത്. ഇത്തരം ആക്ടിവിറ്റികൾ മാനേജരും ജീവനക്കാരും ജീവനക്കാർക്കിടയിലും നല്ലൊരു റിലേഷൻ വളർന്നു വരാൻ സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല.
മാനസിക സമ്മർദ്ദം മാനേജ് ചെയ്യാൻ ഏറ്റവും നല്ല മാർഗ്ഗം വ്യായാമമാണ്. അതുകൊണ്ട് സമ്മർദ്ദം നേരിടുന്ന ജീവനക്കാർക്ക് അല്ലെങ്കിൽ പൊതുവെ ചില ആക്ടിവിറ്റികൾ എല്ലാദിവസവും ഉണ്ടാകുമെന്ന് ഉറപ്പാക്കുന്നത് ഗുണം ചെയ്യും. അവരെ ജിമ്മിൽ പോകുന്നതിനും ഓഫീസിലെത്തിയാൽ ചടച്ചിരിക്കുന്നതിനു പകരം ചെറിയ നടത്തത്തിനും പ്രോത്സാഹിപ്പിക്കുക. അവർക്ക് അവരുടെ ഫ്രീക്വൻസി ലെവലിൽ ഫ്രീയായി ഇടപെടാനുള്ള ഷോർട്ട് ബ്രെയ്ക്കുകൾ സമ്മാനിക്കുക.
ജോലി ചെയ്യുന്ന അന്തരീക്ഷവും നെഗറ്റീവ് എനർജി നൽകാം. അതുകൊണ്ട് ഇടക്കിടെ ജീവനക്കാരുടെ സീറ്റിങ് അറേഞ്ച്മെന്റ്സ് മാറ്റുന്നത് വളരെ നല്ലതാണ്. ചുറ്റുപ്പാടിൽ വരുത്തുന്ന എന്ത് മാറ്റങ്ങളും മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നവർക്ക് ആശ്വാസമാകുമെന്ന കാര്യത്തിൽ സംശയമില്ല. എന്തിനേറെ ഒരു പുതിയ ക്ലോക്ക് ഓഫീസിൽ വെയ്ക്കുന്നതുപോലും ഇത്തരക്കാരെ സന്തോഷിപ്പിക്കും.
ഓരോ കമ്പനിക്കും ഓരോ സ്വഭാവമാണ് ഉണ്ടാവുക. അതേ സമയം ചില കമ്പനികൾക്ക് സമയത്തിന്റെ കാര്യത്തിലും ഓഫീസിന്റെ കാര്യത്തിലും വിട്ടുവീഴ്ചകൾ ചെയ്യാൻ പറ്റും. നമുക്ക് ജീവനക്കാരുടെ കഴിവിന്റെ കാര്യത്തിൽ ആത്മവിശ്വാസം ഉണ്ടായിരിക്കുകയും എന്നാൽ സ്ട്രെസ്സ് മൂലം അവരുടെ പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്ന ലെവലിൽ എത്തുന്നില്ലെങ്കിൽ പരീക്ഷിക്കാവുന്ന ഒരു സംഗതിയാണ് ഫ്ളെക്സിബിലിറ്റിയും വർക്ക് ഫ്രം ഹോമും. പഞ്ചിങ് ടൈമിന് അപ്പുറം ജോലിയുടെ കൃത്യതയും ക്വാളിറ്റിയും ലക്ഷ്യം വെയ്ക്കേണ്ട ജോലികൾക്ക് മാത്രമേ ഈ ഉദാരത പറ്റൂവെന്നതാണ് സത്യം. സെൻട്രലൈസ്ഡ് രീതിയിൽ ജോലി ചെയ്യേണ്ട സ്ഥാപനങ്ങളിൽ ഇഷ്ടമുള്ള സമയത്ത് വരാനും പോകാനും വർക്ക് ഫ്രം ഹോം അനുവദിക്കാനും സാധിക്കില്ല. അത് വിചാരിച്ചതിനേക്കാളും തിരിച്ചടിയാണുണ്ടാക്കുക. കാര്യങ്ങളെ ഒരു കുത്തഴിഞ്ഞ അവസ്ഥയിലേക്ക് നയിക്കാൻ വർക്ക് ഫ്രം ഹോം ഇടയാക്കും.
ജീവനക്കാർക്കിടയിൽ സൗഹൃദം വളർത്താനുള്ള ശ്രമങ്ങളും ബോധപൂർവം ഉണ്ടാക്കേണ്ടതുണ്ട്. ഇത്തരം സൗഹൃദങ്ങൾ സ്ട്രെസ്സ് മാനേജ് ചെയ്യുന്നതിൽ ഏറെ സഹായിക്കും. എന്നാൽ ഇത് നെഗറ്റീവ് എനർജിയുടെ ഒഴുക്കാകാതെ നോക്കേണ്ടത് മാനേജരുടെ ചുമതലയാണ്. ജോലി സ്ഥലത്ത് സമ്മർദ്ദം നമുക്ക് ഒഴിവാക്കാനാകില്ല. അതേ സമയം ഒരു പരിധിവരെ അതിന്റെ വ്യാപനം തടയാൻ നല്ലൊരു മാനേജർക്ക് സാധിക്കണം. ആവശ്യമെങ്കിൽ കൗൺസലിങ് നൽകാനും മുൻകൈ എടുക്കേണ്ടി വരും. സ്ട്രെസ് നമുക്ക് ഒഴിവാക്കാനാകില്ല, എങ്ങനെ സ്ട്രെസ് മാനേജ് ചെയ്യണമെന്ന് നമുക്ക് അവരെ പറഞ്ഞു പഠിപ്പിക്കേണ്ടി വരും. എന്തൊക്കെ സമ്മർദ്ദങ്ങളാണ് അവരുടെ മുന്നിൽ വരാൻ സാധ്യത, അതിനെ എങ്ങനെ മറികടക്കാം? ഈ സമ്മർദ്ദത്തിനുള്ള കാരണം? എന്നിവ അവരെ ബോധ്യപ്പെടുത്താൻ സാധിച്ചാൽ കുറെ സമാധാനം കിട്ടും.
ജീവനക്കാരെ അഭിനന്ദിക്കാൻ മറക്കരുത്. ആളുകൾ പലതരത്തിലായിരിക്കും. ചിലർക്ക് നെഗറ്റീവ് കമന്റുകൾ ബുദ്ധിമുട്ടുണ്ടാക്കില്ല. പക്ഷേ, മറ്റു ചിലർ അങ്ങനെ അല്ല, അവർ എപ്പോഴും പോസിറ്റീവായ സംഗതികൾ കേൾക്കാൻ ഇഷ്ടപ്പെടും. എവിടെയൊക്കെ എനിക്ക് അംഗീകാരം കിട്ടുമെന്നാണ് അത്തരക്കാർ ചിന്തിക്കുക. കാരണം അത് അവരുടെ നെഗറ്റീവ് മനസ്സിനെ പോസിറ്റീവ് ലെവലിലേക്ക് ഉയർത്തും. ഇത്തരക്കാരെ സ്പെഷ്യലായി തന്നെ ട്രീറ്റ് ചെയ്യാൻ ഒരു മാനേജർ ശ്രദ്ധിക്കണം. ഇതിൽ തന്നെ രണ്ടു ടൈപ്പ് ആളുകളാണ് ഉള്ളത്.
എനിക്ക് കിട്ടുന്ന ഒരോ അഭിനന്ദനങ്ങളും എല്ലാവരും അറിയണം എന്ന് ആഗ്രഹിക്കുന്നവരും അങ്ങനെ അല്ലാത്തവരും. ഈ അങ്ങനെ അല്ലാത്തവരെ ഹാൻഡിൽ ചെയ്യാൻ വളരെ എളുപ്പമാണ്. നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ ഒരു കൺഗ്രാറ്റ്സ് മെസ്സേജിലൂടെയും ചെറിയ സർപ്രൈസ് ഗിഫ്റ്റുകളിലൂടെയും കാര്യം തീർക്കാം. എന്നാൽ പൊതുമധ്യത്തിൽ എനിക്ക് അംഗീകാരം കിട്ടണമെന്ന് ആഗ്രഹിക്കുന്നവരെ ഹാൻഡിൽ ചെയ്യുന്നത് ഒരു മാനേജർക്ക് പ്രായോഗികമായ ഒട്ടേറെ ബുദ്ധിമുട്ടുകളുണ്ടാക്കും. അയാൾ സ്ട്രെസ്സിലാണെന്നതുകൊണ്ട് അയാളെ പ്രത്യേകം പരിഗണിക്കുന്നത് ടീമിൽ തെറ്റായ സന്ദേശം നൽകും.
മാനേജർ സ്ട്രെസ്സ് മാറ്റാനാണ് വാസ്തവത്തിൽ ശ്രമിക്കുന്നത്. പക്ഷേ, അയാളെ ‘മാനേജരുടെ പെറ്റ്’ ആക്കി മാറ്റാനായിരിക്കും മറ്റു ചിലരും മനസ്സ് ശ്രമിക്കുക. തീർച്ചയായും ആത്മവിശ്വാസമുള്ള ഒരു മാനേജരും ഓഫിസിനുള്ളിൽ സ്വന്തമായ ഒരു ഗ്യാങിനെ ഉണ്ടാക്കാനോ അല്ലെങ്കിൽ ഒരു ഗ്രൂപ്പിനോട് പ്രോക്സിമിറ്റി ഉണ്ടാക്കാനോ ശ്രമിക്കില്ല. കാരണം നിഷ്പക്ഷതയിലും പൊതു സ്വീകാര്യതയിലുമാണ് ഒരു മാനേജരുടെ വിജയം കിടക്കുന്നത്. അതുകൊണ്ട് തന്നെ സ്ട്രെസ്സ് ഉള്ളവർക്ക് വ്യക്തിപരമായി കൂടുതൽ അറ്റൻഷൻ നൽകുന്നതിന് പല മാനേജർമാരും വിമുഖത കാണിയ്ക്കുന്നതും സ്വാഭാവികമാണ്. അതേ സമയം ഒരു മാൻപവറിന്റെ വാല്യു അനുസരിച്ച് നിലപാടുകളിൽ മാറ്റവും വരുത്തും.
അത് മറ്റു ജീവനക്കാരുടെ മനസ്സിന് മുറിവേൽപ്പിക്കാതെ എങ്ങനെ സാധ്യമാകുമെന്നതിലാണ് ഒരു മാനേജറുടെ വിജയം കിടക്കുന്നത്. അതേ സമയം ഒരാൾക്ക് അമിത പരിഗണന മാനേജർ നൽകുന്നുവെന്ന് തോന്നിയാൽ അത് മറ്റുള്ളവരുടെ മനസ്സിനെ ബാധിക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ചും ഒരു പൊതുനിലപാടെടുത്ത് മുന്നേറുന്ന സമയങ്ങളിൽ മാനേജർ ധർമ സങ്കടത്തിലാകും. സ്ട്രെസ്സിന് കാരണം മാനേജർക്ക് അറിയുമെങ്കിൽ അതിന് മുറിപ്പെടുത്തുന്ന രീതിയിലുള്ള ആക്ടിവിറ്റികൾ മാനേജരിൽ നിന്നുണ്ടാകാതിരിക്കുന്നതാണ് ഏറ്റവും എളുപ്പമുള്ള മാർഗ്ഗം. മറുവശം കൂടി ചിന്തിക്കണം. ഒരാൾക്കു വേണ്ടി ഒരു കോർപ്പറേറ്റ് പ്രഷർമാനേജ്മെന്റ് തന്ത്രത്തിൽ വെള്ളം ചേർക്കുക സാധ്യമല്ല. അത് മാനേജർ എന്ന രീതിയിൽ അയാളെ പരാജയപ്പെടുത്തുക തന്നെ ചെയ്യും. എല്ലാം വാല്യൂസിനെ അല്ലെങ്കിൽ നമ്പറുകളെ അടിസ്ഥാനമാക്കിയാണല്ലോ?
ഒരു വ്യക്തിയ്ക്ക് താത്പര്യമില്ലെന്നതിന്റെ പേരിൽ കമ്പനിക്ക് അല്ലെങ്കിൽ അതിനെ നിയന്ത്രിക്കുന്നവർക്ക് പോളിസി മാറ്റുകയോ വ്യക്തിപരമായ നിലപാടുകളെ തിരുത്തുകയോ സാധ്യമല്ല. അതുകൊണ്ട് ഒരു മാനേജർ ആദ്യം തിരിച്ചറിയേണ്ടത് ജീവനക്കാരുടെ അല്ലെങ്കിൽ ജീവനക്കാരുടെ സ്ട്രെസ്സിന്റെ ലെവലാണ്. സ്ഥാപനത്തെ കുറിച്ച് ആ മാൻപവർ എത്രമാത്രം നിർണായകമാണെന്നാണ്. കമ്പനിയുടെ അസെറ്റ് കാറ്റഗറിയിൽ പെട്ട മാൻപവറുകളാണെങ്കിൽ ബുദ്ധിപരമായ ട്രീറ്റ്മെന്റുകളിലൂടെ നിലനിർത്താൻ ശ്രമിക്കുക തന്നെ വേണം. സ്ട്രെസ്സ് എന്നത് ഒരു വ്യക്തിയുടെയോ മാനേജരുടെയോ കമ്പനിയുടെയോ പ്രശ്നമല്ല. അത് മൊത്തം സംവിധാനത്തിന്റെ ഉത്പന്നമാണ്. ആ യാഥാർത്ഥ്യം നമ്മൾ അംഗീകരിച്ചേ പറ്റൂ.