Kidney-Disease

നിശ്ശബ്ദനായ കൊലയാളിയെ പോലെയാണ് വൃക്ക രോഗം(Kidney Disease). ദീർഘനാളായി വൃക്കകൾ പണിമുടക്കിയവർ പോലും രോഗം സങ്കീർണമായി കഴിഞ്ഞതിന് ശേഷമാകും ഇത് തിരിച്ചറിയുക. അപ്പോഴേക്കും വല്ലാതെ വൈകിയിട്ടുണ്ടാകും.

തുടക്കത്തിൽതന്നെ കണ്ടെത്തിയാൽ ചില ജീവിതശൈലി മാറ്റങ്ങൾ വഴി വൃക്ക രോഗത്തെ(Kidney Disease) നിയന്ത്രിക്കാനാകും. അതിനു ശ്രദ്ധ ചെലുത്തേണ്ടത് വൃക്കരോഗവുമായി ബന്ധപ്പെട്ട് ശരീരം പ്രകടിപ്പിക്കുന്ന ചില ലക്ഷണങ്ങളിലാണ്. വൃക്ക രോഗികളിൽ കണ്ടു വരുന്ന ചില രോഗലക്ഷണങ്ങൾ ഇനി പറയുന്നവയാണ്.

വൃക്കകൾ ശരീരത്തെ രക്തം ശുദ്ധീകരിക്കാനും അധിക വെള്ളം ഫിൽട്ടർ ചെയ്യാനും രക്തസമ്മർദ്ദം നിലനിർത്താനും ചുവന്ന രക്താണുക്കളുടെ ഉൽപാദനത്തിനും സഹായിക്കുന്നു. വൃക്കയിലെ രോഗങ്ങൾ ഈ പ്രവർത്തനങ്ങളെ ബാധിക്കും, ശരിയായ ചികിത്സ കൂടാതെ, വൃക്കകൾ ഒടുവിൽ പ്രവർത്തനം നിർത്തിയേക്കാം. മാലിന്യങ്ങളും ദ്രാവകങ്ങളും ശരീരത്തിൽ അടിഞ്ഞുകൂടും, ഇത് ജീവൻ അപകടകരമായ അവസ്ഥയിലേക്ക് മാറും. അതിനാൽ, വൃക്കരോഗങ്ങളെ(Kidney Disease) സൂചിപ്പിക്കുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ, നിങ്ങൾ ഉടൻ ഒരു നെഫ്രോളജിസ്റ്റുമായി ബന്ധപ്പെടേണ്ടതുണ്ട് .

മൂത്രമൊഴിക്കുന്നതിലെ മാറ്റം(Kidney Disease)

നിങ്ങൾ ഒഴിക്കുന്ന മൂത്രത്തിന്റെ അളവിലും ഇടവേളകളിലും ഉണ്ടാകുന്ന മാറ്റമാണ് വൃക്ക രോഗത്തിന്റെ ആദ്യ ലക്ഷണം. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ മുട്ടുന്നതും മൂത്രമൊഴിക്കാൻ ബുദ്ധിമുട്ട് തോന്നുന്നതും വൃക്ക തകരാറിലായതിന്റെ സൂചനയാണ്. ഇരുണ്ട നിറത്തിലുള്ള മൂത്രം, പത നിറഞ്ഞ മൂത്രം, മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും വേദനയും എല്ലാം വൃക്ക രോഗത്തിന്റെ ലക്ഷണങ്ങളാണ്.

ശരീരത്തിൽ നീര് വയ്ക്കൽ

വൃക്കയുടെ പ്രവർത്തനം മന്ദീഭവിക്കുന്നതോടെ അമിതമായ ഫ്ളൂയിഡ് ശരീരത്തിൽ പല ഇടങ്ങളിലായി അടിയാൻ തുടങ്ങും. കൈകൾ, കാലുകൾ, സന്ധികൾ, മുഖം, കണ്ണിന് താഴെ എന്നിങ്ങനെ പലയിടത്തായി ശരീരം നീരു വയ്ക്കാൻ ആരംഭിക്കും. നീര് വച്ചയിടത്ത് അമർത്തുമ്പോൾ അവിടം കുറച്ച് നേരത്തേക്ക് കുഴിഞ്ഞിരിക്കും.

ക്ഷീണം, തളർച്ച

വൃക്ക പൂർണതോതിൽ പ്രവർത്തിക്കാതെ ആകുമ്പോൾ ക്ഷീണവും തളർച്ചയും ഒരു ഊർജ്ജമില്ലാത്ത അവസ്‌ഥയുമൊക്കെ ഉണ്ടാകും. രക്തതത്തിലെ മാലിന്യം പുറന്തള്ളാൻ വൃക്കയ്ക്ക് കഴിയാതെ വന്ന് അവ ശരീരത്തിൽ അടിയുന്നതാണ് ഇതിന് കാരണം. ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം കുറയുന്നതും ക്ഷീണത്തിന് കാരണമാണ്.

പുറം വേദന

പുറത്തും അടിവയറിന് വശങ്ങളിലുമുള്ള വേദനയാണ് മറ്റൊരു ലക്ഷണം. അടിവയറിൽ നിന്നും നാഭിയിലേക്ക് പടരുന്ന വേദന മൂത്രത്തിൽ കല്ലുകൾ രൂപപ്പെടുന്നതിന്റെയും ലക്ഷണമാകാം.

ശ്വാസത്തിന് അമോണിയ ഗന്ധം

ശ്വാസത്തിന് അമോണിയ ഗന്ധമുണ്ടാകുന്നതും വായിൽ ലോഹത്തിന്റേതിന് സമാനമായ രുചിയുണ്ടാകുന്നതും വൃക്കതകരാർ മൂലമാകാം. വൃക്ക പ്രവർത്തനം നിർത്തുന്നതോടെ രക്ത‌ത്തിൽ യൂറിയയുടെ തോത് ഉയരും. യൂറിയ ഉമിനീരിൽ അമോണിയയായി മാറുന്നതിനാൽ മൂത്രത്തിന് സമാനമായ ഗന്ധം വായിൽ നിന്നുയരും.

എപ്പോഴും തണുപ്പ് തോന്നുക

വൃക്കതകരാർ കൊണ്ടുണ്ടാകുന്ന അനീമിയ ചൂട് പരിതസ്‌ഥിതിയിൽ പോലും നിങ്ങൾക്ക് തണുപ്പ് തോന്നിപ്പിക്കും. എപ്പോഴും തണുപ്പ് തോന്നുകയും ഒപ്പം തലചുറ്റലും തളർച്ചയും തോന്നിയാൽ ഉടനെ ഡോക്ടറെ കാണണം.