പ്രമേഹം(Diabetes) എന്നാൽ ,രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്ന ഹോർമോണാണ് ഇൻസുലിൻ. പാൻക്രിയാസ് ഗ്രന്ഥിയാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത്. ഈ ഗ്രന്ഥി ശരീരത്തിനാവശ്യമായ ഇൻസുലിൻ ഉത്പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കിൽ ഉത്പാദിപ്പിക്കുന്ന ഇൻസുലിൻ ശരീരത്തിന് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയാതെ വരികയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
ഇന്ന് പ്രമേഹത്തെ (Diabetes)ഒരു സാധാരണ രോഗമായാണ് കണക്കാക്കുന്നത്. എന്നാൽ ഒരു രോഗാവസ്ഥയിലുപരി പ്രമേഹം വളരെയധികം വെല്ലുവിളികൾ ഉണ്ടാക്കുന്ന ഒരു രോഗാവസ്ഥയാണ്. പലപ്പോഴും മരണത്തിന് വരെ ഇത് കാരണമായേക്കാം. പ്രായം പ്രമേഹത്തിന് ഒരു പ്രശ്നമല്ല, കൊച്ചുകുട്ടികൾ മുതൽ പ്രായമായവരിൽ വരെ ഈ രോഗാവസ്ഥ ഉണ്ടാകാറുണ്ട്. എന്നാൽ കൂടുതലും പ്രായമായവരിലാണ് പ്രമേഹം കണ്ടുവരുന്നത്.
പ്രമേഹം(Diabetes) സത്യത്തിൽ ഒരു മാരകരോഗമാണോ? അത്രയേറെ ഭയക്കേണ്ടതുണ്ടോ?
പ്രമേഹം ക്രമേണ സംഭവിക്കുന്ന ഒരു അവസ്‌ഥയാണ്. അതുകൊണ്ടു തന്നെ എപ്പോഴാണു രോഗം ആരംഭിച്ചതെന്നു ക്യത്യമായി മനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഒരിക്കൽ രോഗം വന്നു കഴിഞ്ഞാൽ സാധാരണഗതിയിൽ നിശേഷം മാറാറില്ല. എന്നാൽ കൃത്യമായ ചികിത്സ കൊണ്ടു രോഗിക്കു പൂർണ ആരോഗ്യവാനായി തന്നെ ദീർഘകാലം ജീവിക്കാൻ സാധിക്കുന്നു. ദീർഘകാലം നിലനിൽക്കുന്ന ഈ രോഗത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ പല സങ്കീർണതകളും ഉണ്ടാകാൻ സാധ്യതയുണ്ട്. പ്രമേഹത്തിൻ്റെ വിവിധ ഘട്ടങ്ങളിൽ അതിൻ്റെ സങ്കീർണതകൾ നിർണയിച്ച് ചികിത്സ തേടിയാൽ പ്രമേഹം മാരകരോഗാമാകാതെ സൂക്ഷിക്കാം. വേണ്ടവിധം ചികിത്സിക്കാതിരുന്നാൽ, ഇതു ശരീരത്തിലെ എല്ലാ അവയവങ്ങളേയും ബാധിക്കുകയും ജീവഹാനിവരെ വരുത്തുകയും ചെയ്യും. അതുകൊണ്ടു ചികിത്സിക്കാതിരുന്നാൽ പ്രമേഹം മാരകരോഗമാണ്. എന്നാൽ നന്നായി ചികിത്സിച്ചാൽ ഭയം വേണ്ട.
മധുരം കൂടുതൽ കഴിച്ചാൽ പ്രമേഹരോഗം ഉണ്ടാകുമോ?
ഒരാൾ മധുരം കുടുതൽ കഴിച്ചതുകൊണ്ടു മാത്രം പ്രമേഹം(Diabetes) ഉണ്ടാകില്ല. അയാൾക്കു പ്രമേഹം വരാനുള്ള മറ്റുകാരണങ്ങൾ കുടി വേണം. ഉദാഹരണമായി പാരമ്പര്യമായി പ്രമേഹം വരാൻ സാധ്യതയുള്ള വ്യക്‌തി, മധുരം അധികം കഴിച്ച് അമിതവണ്ണം വയ്ക്കുകയും ചെയ്താൽ അദ്ദേഹത്തിനു പ്രമേഹം വരാൻ സാധ്യതയുണ്ട്.
മധുരസാധനങ്ങളിൽ ഊർജം കൂടുതലും നാരിന്റെ അംശം കുറവുമാണ്. അവ വണ്ണം വയ്ക്കാനുള്ള സാധ്യത കൂട്ടുന്നു. വണ്ണം കൂടുതൽ ഉള്ളവർ വ്യായാമവും കുറയ്ക്കും. ഈ രണ്ടു കാരണങ്ങൾ മൂലവും മധുരം അധികം കഴിക്കുന്നതു നല്ലതല്ല.
പ്രമേഹരോഗി മധുരം കുറയ്‌ക്കേണ്ടതിന്റെ ആവശ്യമെന്ത്?
നാം കഴിക്കുന്ന ആഹാരത്തിലെ അന്നജം (കാർബോഹൈഡ്രേറ്റ്) അവസാനം ഗ്ലൂക്കോസായി ദഹിച്ചതിനു ശേഷമാണു രക്തത്തിലേക്കു കടക്കുന്നത്. മധുരപദാർഥങ്ങളിൽ സുക്രോസും ലാക്ടോസും ഗ്ലൂക്കോസുമാണു പ്രധാനമായ അന്നജങ്ങൾ. ഇവയിൽ ഗ്ലൂക്കോസ് നേരിട്ടു രക്തത്തിലേക്ക് ആഗീരണം ചെയ്യും. സൂക്രോസും ലാക്ടോസും വളരെ പെട്ടെന്നു ദഹിച്ചു ഗ്ലൂക്കോസ് പോലെയുള്ള ഘടകമായി മാറി ഉടനെതന്നെ രക്‌തത്തിലേക്ക് കടക്കുകയും ചെയ്യും. അതിനാലാണ് മധുരം കഴിച്ച ഉടൻ രക്‌തത്തിലെ ഷുഗർ അളവു കൂടുന്നത്. പ്രമേഹരോഗികൾക്ക് ഇൻസുലിന്റെ അളവും പ്രവർത്തനവും കുറവായതുകൊണ്ടു പെട്ടെന്ന് ഉണ്ടാകുന്ന രക്തത്തിലെ ഷുഗർ നിയന്ത്രിക്കാനാകാതെ വരുകയും പ്രമേഹം നിയന്ത്രണമില്ലാതാവുകയും ചെയ്യുന്നു.
ഗോതമ്പുൽപന്നങ്ങൾ പ്രമേഹരോഗിക്കു കഴിക്കാം. ശരിയാണോ?
മധുരമില്ലാത്ത ആഹാരപദാർഥങ്ങളായ ദോശയും ഗോതമ്പിലുണ്ടാക്കുന്ന ചപ്പാത്തിയും പുട്ടും കഞ്ഞിയുമെല്ലാം കഴിച്ചാൽ അതിലുള്ള അന്നജങ്ങൾ ദഹിച്ചു ഗ്ലൂക്കോസായി മാറാൻ ഏറെ സമയമെടുക്കും. അങ്ങനെ കുറേശെ ഗ്ലൂക്കോസായി മാറിക്കൊണ്ടിരിക്കുകയും രക്തത്തിലെ ഷുഗർ സാവധാനം ഉയരുകയും ചെയ്യുമ്പോൾ, ഇൻസുലിന് ഈ ഷുഗർ അളവിനെ നിയന്ത്രിക്കാൻ സാധിക്കുകയും പ്രമേഹം ഏറെ നിയന്ത്രണവിധേയമായിരിക്കുകയും ചെയ്യും. അതുകൊണ്ടാണു പ്രമേഹരോഗികൾ കഴിക്കുന്ന ആഹാരത്തിലെ അന്നജം എളുപ്പം വിഘടിക്കാത്തവയും (കോംപ്ലക്സ് കാർബോഹൈഡ്രേറ്റ്) നാരുകൾ കൂടുതൽ ഉള്ളതുമാകണമെന്ന് ഉപദേശിക്കുന്നത്.
ടൈപ്പ് 1 പ്രമേഹം എന്നാൽ എന്താണ്? ഇത് ആരംഭിക്കുന്നത് എപ്പോഴാണ്?
നമ്മൾ സാധാരണ കാണാറുള്ള പ്രമേഹം ടൈപ്പ് 2 പ്രമേഹമാണ്. എന്നാൽ ശരീരത്തിലെ പാൻക്രിയാസിൽ നിന്നുള്ള ഇൻസുലിൻ ഉൽപാദനം നിലച്ചുപോകുന്നതുമൂലം കുട്ടിക്കാലത്തു തന്നെ ഉണ്ടാകുന്ന പ്രമേഹമാണ് ടൈപ് 1 പ്രമേഹം. ഒരു വയസിനു ശേഷം 20 വയസിനുള്ളിലാണു ഈ പ്രമേഹം സാധാരണ ആരംഭിക്കുന്നത്. നമ്മുടെ നാട്ടിൽ കാണുന്ന പ്രമേഹരോഗങ്ങളിൽ രണ്ടു തൊട്ടു നാലുശതമാനം വരെ ടൈപ് 1 പ്രമേഹമാണ്. ഇതിനു പാരമ്പര്യ സ്വഭാവമില്ല, അമിതമായ വണ്ണവും കാണില്ല. ഇവർക്കു ജീവിതകാലം മുഴുവൻ ഇൻസുലിൻ കുത്തിവയ്‌പ് അത്യാവശ്യമാണ്. ശരീരത്തിൽ ആവശ്യത്തിന് ഇൻസുലിൻ കിട്ടിയില്ലെങ്കിൽ ഈ രോഗികൾ ഡയബെറ്റിക് കീറ്റോ അസിഡോസിസ് എന്ന മാരകാവസ്‌ഥയിലേക്കു പോകാം. ടൈപ് 1 പ്രമേഹരോഗികൾക്കു ദിവസവും രണ്ടു മുതൽ നാലു തവണവരെ ഇൻസുലിൻ കുത്തിവക്കേണ്ടിവരും.
മൂത്രം വീണ സ്‌ഥലത്ത് ഉറുമ്പരിക്കുന്നത് പ്രമേഹം പിടിപെട്ടു എന്നതിൻ്റെ സൂചനയാണോ?
രക്തത്തിലെ പഞ്ചസാര ഒരു പരിധിയിൽ കൂടുമ്പോൾ, കൃത്യമായി പറഞ്ഞാൽ 180 മി ഗ്രാമിനു മുകളിലായാൽ മൂത്രത്തിൽ പഞ്ചസാര കണ്ടു തുടങ്ങും. ആ ഘട്ടത്തിലുള്ള പ്രമേഹരോഗിയുടെ മൂത്രം വീണ സ്ഥലത്ത് ഉറുമ്പുവരാൻ സാധ്യതയുണ്ട്. ചിലപ്പോൾ പ്രമേഹം (Diabetes)ഉണ്ടെന്ന് ആദ്യമായി അറിയുന്നത് ഇതിലൂടെ ആയെന്നും വരാം. പക്ഷേ, അതു പ്രമേഹനിർണയത്തിനുള്ള ഒരു അളവു കോലായി ഉപയോഗിക്കാനാവില്ല. മാത്രവുമല്ല ചില വ്യക്കരോഗങ്ങളിലും പ്രമേഹമില്ലാതെ തന്നെ മുത്രത്തിൽ പഞ്ചസാര കാണാം. പ്രമേഹരോഗം കണ്ടുപിടിക്കുന്നതിനും സ്‌ഥിരീകരിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ പരിശോധനയാണു വേണ്ടത്.
ജീവിതശൈലീമാറ്റത്തിലൂടെ പ്രമേഹം നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ?
ജീവിതശൈലിയിലെ മാറ്റങ്ങൾ മാത്രം കൊണ്ട് എല്ലാ ടൈപ് 2 പ്രമേഹവും നിയന്ത്രിക്കാൻ സാധിക്കുകയില്ല. ഇവർക്ക് ഇൻസുലിൻ്റെ പ്രവർത്തനം കുട്ടുന്ന മെറ്റ്ഫോമിൻ, ഗ്ലിറ്റാസോൺ (Metformin, Glitazone) മുതലായ മരുന്നുകളും ആവശ്യമാണ്. ഇൻസുലിന്റെ ഉൽപാദനം കുറഞ്ഞുവരുമ്പോൾ ഇൻസുലിൻ ഉൽപാദനം കൂട്ടുന്ന ഗ്ലൈബെൻക്ലമൈഡ് (ഡയോനിൽ). ഗ്ലിമിസൈഡ് (അമാരിൽ) മുതലായ മരുന്നുകളും ആവശ്യമെങ്കിൽ ഇൻസുലിൻ കുത്തിവയ്പും വേണ്ടിവരും. ബിപി, കൊളസ്ട്രോൾ മുതലായ അസുഖങ്ങളും നല്ലവണ്ണം ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്.
Please Read: Health problems caused by Junk foods|ജങ്ക് ഫുഡുകള്‍ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍
പ്രമേഹം(Diabetes) തിരിച്ചറിയാനും ചികിത്സിക്കുന്നതിനും ഷുഗർ ടെസ്റ്റ്?
ഒരു വ്യക്തിക്കു പ്രമേഹം (Diabetes)ഉണ്ടോ എന്നറിയുന്നതിനും പ്രമേഹരോഗിയുടെ ചികിത്സ ശരിയായ വിധം നടക്കുന്നോ എന്നറിയുന്നതിനും രക്തത്തിലെ ഷുഗർഅളവ് അറിയേണ്ടതുണ്ട്. ഒരു വ്യക്തിയുടെ രക്തത്തിലെ ഫാസ്‌റ്റിങ് ഷുഗർ (വെറും വയറ്റിൽ) 126-നു മുകളിൽ ആയിരിക്കുകയും അഥവാ ആഹാരം കഴിച്ചശേഷം അല്ലെങ്കിൽ 75 ഗ്രാം ഗ്ലൂക്കോസ് കുടിച്ച് രണ്ടു മണിക്കൂറിനുശേഷം ഉള്ള ഷുഗർ 200-നു മുകളിൽ ആയിരിക്കുകയും ചെയ്‌താൽ പ്രമേഹരോഗം പിടിപെട്ടു എന്നു നിശ്ചയിക്കാം. കുറേക്കൂടി കൃത്യതയുള്ള അളവ് Hb Alcയുടേതാണ്. മൂന്നു മാസത്തെ ഷുഗർ നിലയുടെ ശരാശരിയാണ് ഇതിലൂടെ അറിയാൻ കഴിയുക. Hb Alc അളവ് 6.5 നു മുകളിലാണെങ്കിൽ പ്രമേഹമായി കണക്കാക്കും.
ഇതുപോലെ ഒരാളുടെ പ്രമേഹരോഗം നല്ലവണ്ണം ചികിത്സയിലാണ് എന്നു പറയണമെങ്കിൽ ഫാസ്റ്റിങ് ബ്ലഡ്ഷുഗർ 110നു താഴെയും ആഹാരം കഴിച്ചു രണ്ടു മണിക്കുറിനുശേഷം ഉള്ള ഷുഗർ 160 നു താഴെയും ആയിരിക്കണം. കുടാതെ മൂന്നു മാസത്തെ ശരാശരി രക്തത്തിലെ പഞ്ചസാരയുടെ അളവായ Hb Alc 6.5 ശതമാനത്തിനു താഴെ ആയിരിക്കണം.
പ്രീഡയബെറ്റിസ് എങ്ങനെ തിരിച്ചറിയാം?
രക്തത്തിലെ പഞ്ചസാര സാധാരണയിൽ കൂടുതലാകുകയും എന്നാൽ പ്രമേഹരോഗാവസ്‌ഥയുടെ അളവിൽ എത്താതിരിക്കുകയും ചെയ്യുന്ന അവസ്‌ഥയാണ് പ്രീഡയബെറ്റിസ്. ഫാസ്‌റ്റിങ് ഷുഗർ 111 മി ഗ്രാം മുതൽ 125 മി ഗ്രാം വരെയും 75 ഗ്രാം ഗ്ലൂക്കോസ് കഴിച്ചു രണ്ടു മണിക്കൂർ കഴിഞ്ഞുള്ള ഷുഗർ 141 മി ഗ്രാം മുതൽ 199 മി ഗ്രാം വരെയും ഉള്ള അവസ്‌ഥയെ പ്രീഡയബെറ്റിസ് എന്നു പറയും. ഇതു രണ്ടു വിധത്തിലുണ്ട്. ഫാസ്‌റ്റിങ് ഷുഗർ 111 മി ഗ്രാം മുതൽ 125 മി ഗ്രാം വരെയുള്ള കാലഘട്ടത്തെ Impaired Fasting Glucose (IFG)എന്നു പറയും. അതുപോലെ ഗ്ലൂക്കോസ് 75 മി ഗ്രാം കഴിച്ചു രണ്ടു മണിക്കുറിനു ശേഷം 141 മി ഗ്രാം മുതൽ 199 മി ഗ്രാം വരെയുള്ള അവസ്‌ഥയെ Impaired Glucose Tolerence (IGT) എന്നു പറയും. ചുരുക്കിപറഞ്ഞാൽ പ്രീഡയബെറ്റിസ് എന്ന ഘട്ടം IFG യോ, IGTയോ, അതോ രണ്ടും കൂടിയുള്ള അവസ്‌ഥയോ ആയിരിക്കാം.
പ്രീഡയബെറ്റിക് ഘട്ടം ഏതെങ്കിലും വിധത്തിൽ അപകടകാരിയാണോ?
പ്രീ ഡയബെറ്റിസ്(Diabetes) രോഗകാലത്തു വലിയ രക്‌തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ സാധ്യത ഏറെയാണ്. അത് ഹൃദ്രോഗസാധ്യത കുട്ടും. അതിനാൽ ആ രോഗസാധ്യത പ്രതിരോധിക്കാൻ വേണ്ടി ബ്ലഡ്ഷുഗറും കൊളസ്ട്രോളും നല്ലവണ്ണം നിയന്ത്രിക്കണം. കുടാതെ രക്തസമ്മർദവും നിയന്ത്രിച്ചു നിർത്തണം.
നടപടിയൊന്നും എടുത്തില്ലെങ്കിൽ, പ്രീഡയബെറ്റിസ് എന്ന അവസ്‌ഥ ഉള്ളവരിൽ മൂന്നിലൊന്നുപേർ ഡയബറ്റിസ് രോഗികളാകുകയും മൂന്നിലൊന്നുപേർ പ്രീഡയബെറ്റിസ് എന്ന ഘട്ടത്തിൽ നിൽക്കുകയും ബാക്കിയുള്ളവർ നോർമൽ ആകുകയും ചെയ്യും. എന്നാൽ പ്രീഡയബെറ്റിസ് നല്ലവണ്ണം ചികിത്സിച്ചാൽ, 70 മുതൽ 80 ശതമാനം ആൾക്കാരെ പ്രമേഹരോഗികൾ ആകാതെ, സാധാരണ ബ്ലഡ്‌ഷുഗർ ഉള്ളവരായി മാറ്റാൻ സാധിക്കും.
പ്രമേഹരോഗി ഗർഭിണിയാകുന്നതിൽ അപകടസാധ്യതയുണ്ടോ?
പ്രമേഹരോഗിയായ സ്ത്രീയ്ക്ക് ഗർഭിണിയാകുന്നതിൽ തടസമില്ല. അവർ നല്ലവണ്ണം ബ്ലഡ് ഗ്ലൂക്കോസ് നിയന്ത്രിച്ചശേഷം ഗർഭം ധരിച്ചാൽ അവർക്ക് ആരോഗ്യമുള്ള ഒരു കുട്ടിയെ കിട്ടും. ടൈപ് 1 പ്രമേഹമുള്ളവർക്കും ഇതു ബാധകമാണ്. ഗർഭധാരണത്തിനു മുമ്പു തന്നെ പ്രമേഹത്തിൽ കൃത്യമായ നിയന്ത്രണം പ്രമേഹരോഗി പാലിക്കണം. ഇതിനു വേണ്ടി വിദേശങ്ങളിൽ പ്രീ പ്രഗ്നൻസി ക്ലീനിക്കുകൾ പോലും നിലവിലുണ്ട്.
ഗർഭകാലത്തുണ്ടാകുന്ന പ്രമേഹം കുഞ്ഞിനെ ബാധിക്കാതിരിക്കാൻ?
ഗർഭകാലത്ത് ആദ്യമായി പ്രത്യക്ഷപ്പെടുന്ന പ്രമേഹം രണ്ടുതരത്തിലുണ്ട്. ഒന്ന് പാരമ്പര്യമായി വരുന്ന ടൈപ് 2 ഈ പ്രമേഹം ഗർഭകാലം കഴിഞ്ഞും കാണും. രണ്ടാമതായി ഗർഭകാലത്തു വരുന്ന Gestational Diabetes Mellitus (GDM) എന്ന പ്രമേഹം. ഇതു ഗർഭകാലത്ത് ആദ്യമായി വരുകയും പ്രസവം കഴിഞ്ഞ് ആറാഴ്‌ച കഴിയുമ്പോൾ മാറുകയും ചെയ്യും.
സ്ത്രീകളിലും പുരുഷന്മാരിലും കാണുന്ന പൊതുവായ പ്രമേഹ ലക്ഷണങ്ങൾ:
- അമിതമായ ദാഹവും വിശപ്പും
- ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
- ശരീരഭാരം കുറയ്ക്കൽ അല്ലെങ്കിൽ വർദ്ധനവ്
- ക്ഷീണം
- ദേഷ്യം
- മങ്ങിയ കാഴ്ച
- പതുക്കെ ഉണങ്ങുന്ന മുറിവുകൾ
- ഓക്കാനം
- ത്വക്ക് അണുബാധ
- ശരീരത്തിലെ ചുളിവുകളുടെ ഭാഗങ്ങളിൽ ചർമ്മം കറുപ്പാകുന്നു (അകാന്തോസിസ് നൈഗ്രിക്കൻസ്)
- മധുര ഗന്ധം അല്ലെങ്കിൽ അസെറ്റോണിന്റെ ഗന്ധം
- കൈകളിലോ കാലുകളിലോ അനുഭവപ്പെടുന്ന തരിപ്പ് അല്ലെങ്കിൽ മരവിപ്പ്
മരുന്നിനോടോപ്പം ആഹാരത്തിനും ഏറെ പ്രാധാന്യമുണ്ട്. രക്തത്തിൽ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടാത്ത രീതിയിലുള്ള ഭക്ഷണ രീതിയാണ് ഒരു പ്രമേഹരോഗി പിന്തുടരേണ്ടത്. ഇലക്കറികൾ, സാലഡുകൾ, കൊഴുപ്പു നീക്കിയതും വെള്ളം ചേർത്തതുമായ പാൽ, മോര്, സുഗന്ധവ്യഞ്ജനങ്ങൾ, മുളപ്പിച്ച പയർ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. മധുരപലഹാരങ്ങൾ, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ വിഭവങ്ങൾ, ധാരാളം കൊഴുപ്പും അന്നജവും അടങ്ങിയ ഭക്ഷണം, മധുരമടങ്ങിയ പഴച്ചാറുകൾ, അച്ചാറുകൾ എന്നിവ ഒഴിവാക്കണം. ഭക്ഷണം പാകം ചെയ്യുമ്പോൾ ഒന്നിൽ കൂടുതൽ ധാന്യങ്ങൾ ഉൾപ്പെടുത്തുന്നത് പോഷകഗുണം വർദ്ധിപ്പിക്കുന്നു. തവിടടങ്ങിയതും നാരടങ്ങിയതുമായ ഭക്ഷണം ശീലമാക്കുക. തേങ്ങയുടേയും ഉപ്പിൻ്റെയും എണ്ണയുടേയും ഉപയോഗം കുറയ്ക്കുക. കൃത്യമായ സമയത്ത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുക. ദിവസവും മൂന്നു നേരം വലിയ അളവിൽ ഭക്ഷണം കഴിക്കാതെ 5 മുതൽ 6 നേരമായി കുറച്ചു കുറച്ചായി കഴിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഉപേക്ഷിക്കുക.
Please Read thisDiabetes: What It Is, Causes, Symptoms, Treatment & Types:https://my.clevelandclinic.org/health/diseases/7104-diabetes