കഴിഞ്ഞ രണ്ടുവർഷമായി കോവിഡ് കാലത്ത് നമ്മുടെ ഗതി എന്തായിരുന്നു എന്ന് നമുക്കറിയാം. ഇനിയിപ്പോ കോവിഡിന്റെ ഗതി എന്താണെന്നാണ് നമുക്ക് അറിയാനുള്ളത്. കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നുണ്ട്. ഇതൊരു നാലാം തരംഗത്തിന്റെ തുടക്കമാണോ എന്ന് നമ്മൾ ഉറ്റുനോക്കുകയാണ് .മഹാമാരി എന്ന നിലവിട്ട് രോഗം ഒരു പ്രാദേശിക സ്വഭാവം സ്വീകരിക്കുകയാണോ എന്നും ചില സംശയങ്ങൾ ഉണ്ട് .
കോവിഡ് കാലത്ത് ഉണ്ടായ ഒരു വ്യത്യാസം രോഗ ചികിത്സകരായ ഡോക്ടർമാർ അല്ല മറിച്ച് വൈദ്യശാസ്ത്ര മേഖലയുടെ പ്രാന്തങ്ങളിൽ പ്രവർത്തിക്കുന്ന മറ്റു ചില വിദഗ്ദന്മാർ, അതായത് പൊതുജനങ്ങൾക്ക് പൊതുവേ അജ്ഞാതരായിരുന്നവർ ജനമധ്യത്തിലേക്ക് എത്തി എന്നുള്ളതാണ് .
ഉദാഹരണത്തിന് ക്ലിനിക്കൽ എപ്പിഡെമിയോളജസ്റ്റുകൾ ശാസ്ത്ര ഗവേഷകർ, വൈറോളജിസ്റ്റുകൾ ,ലബോറട്ടറി വിദഗ്ദ്ധർ അങ്ങനെ. ഒരു തരത്തിൽ അത് നന്നായി . കാരണം ഈ വിദഗ്ദ്ധന്മാരുടെ ഏകോപനമാണ് കോവിഡിനെ ശക്തമായി നേരിടാൻ നമ്മെ പ്രാപ്തരാക്കിയത് എന്ന സത്യം മറന്നുകൂടാ .
രോഗവ്യാപനത്തെ കുറിച്ച് വ്യക്തമായ ധാരണ നമ്മുക്ക് നൽകുന്നവരാണ് എപ്പിഡമിയോളജിസ്റ്റുകൾ. അവരുടെ അഭിപ്രായത്തിൽ ഈ രോഗം പ്രാദേശിക സ്വഭാവം(Endemic) സ്വീകരിച്ചുവരുന്നു എന്നാണ്. രോഗികളുടെ എണ്ണം കൂടുന്നുണ്ട് എങ്കിലും, വ്യാപന തോത് കുറവാണ്. മാത്രമല്ല ലോക തീവ്രതയും, ആശുപത്രി പ്രവേശനവും കുറവാണ്. നിർവചനം അനുസരിച്ച് രോഗം ഒരു പ്രദേശത്ത് ചുരുങ്ങി കൂടണം, വ്യാപന തോത് കുറഞ്ഞും ഇരിക്കണം. പക്ഷേ ഇവിടെ രോഗം ലോകത്തിന്റെ പല ഭാഗങ്ങളിലും നിലനിൽക്കുന്നുണ്ട് .
എന്നാൽ തീവ്രത കുറവുമാണ്. അതിനാൽ ഒരു നാലാം തരംഗത്തിനുള്ള സാധ്യത വിരളമാണ് എന്നാണ് അവർ സൂചിപ്പിക്കുന്നത്. മൂന്നാം തരംഗത്തിന് കാരണമായ ഒമിക്രോൺ BA 2 തന്നെയാണ് ഇപ്പോഴും ഇന്ത്യയിൽ പ്രാബല്യമായിട്ടുള്ളത്. BA 4,BA 5 വകഭേദങ്ങൾ ഇന്ത്യയിലും, ലോകമെമ്പാടും ഉണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ല എന്നാണ് സൂചനകൾ. പക്ഷേ കോവിഡിനോടുള്ള നമ്മുടെ സമീപനത്തിൽ ചില മാറ്റങ്ങൾ വരുത്തേണ്ടി വരും. പ്രത്യേകിച്ചും, കോവിഡിനോടൊപ്പം ജീവിക്കുക എന്ന സന്ദേശം ലോകരോഗ്യ സംഘടന തന്നെ നൽകുന്ന ഈ വേളയിൽ ഇപ്പോൾ ന്യായമായും ഉയർന്നു വരാവുന്ന ചോദ്യം ആശക്കപ്പെടേണ്ട വകഭേദങ്ങൾ ഇപ്പോൾ ഇല്ല എങ്കിൽ എന്തുകൊണ്ടാണ് പിന്നെ ഇത്രയധികം കേസുകൾ കൂടുന്നത്? അതിനുള്ള ഉത്തരം എപ്പിഡോമിയോളജിയിലെ എന്തുകൊണ്ട് ? എങ്ങനെ? എന്ന ചോദ്യത്തിനുള്ള ഉത്തരമാണ്. രോഗവ്യാപന ശാസ്ത്രത്തിലെ ഒരു പരികല്പനയാണ് Epidemiological triad അഥവാ രോഗ വ്യാപനത്തിന്റെ ത്രിത്വം.
മൂന്നു കാര്യങ്ങളാണ് രോഗവ്യാപനത്തെ നിയന്ത്രിക്കുന്നത്. Agent- രോഗാണു, Host-രോഗി, പിന്നെ ഇവർ രണ്ടു കൂട്ടരും ജീവിക്കുന്ന ചുറ്റുപാടുകൾ. ഇവിടെ രോഗാണു പഴയതുതന്നെ പക്ഷേ ചില പുതിയ വകഭേദങ്ങൾ ഉണ്ടെന്ന് മാത്രം. രോഗികളുടെ കാര്യമെടുത്താൽ പല ഘടകങ്ങളാലും രോഗപ്രതിരോധശക്തി ആർജിച്ചവരാണ്. കുറഞ്ഞോ കൂടിയോ തോതിൽ ഇപ്പോഴും രോഗത്തിനെതിരെ ഇമ്മ്യൂണിറ്റി നിലവിലുണ്ട്. അപ്പോൾ പ്രകടമായ മാറ്റങ്ങൾ കൂടുതലും ചുറ്റുപാടുകളിലും, സാമൂഹിക സ്വഭാവങ്ങളിലുമാണെന്നും കാണാം.
കോവിഡിന്റെ ഭീതി ഒന്നു കുറയുകയും, രീതി മാറുകയും ചെയ്തപ്പോൾ യാത്രകൾ കൂടി, ഒത്തുചേരലുകൾ കൂടി, സിനിമാശാലകളും, ഓഡിറ്റോറിയങ്ങളും തുറന്നുമാസ്ക് ധാരണത്തിൽ അയവ് വന്നു. മൊത്തത്തിൽ സ്വാതന്ത്ര്യം കിട്ടിയപ്പോൾ നിയന്ത്രണങ്ങൾ സ്വാഭാവികമായും അഴിഞ്ഞുപോയി. അത് രോഗത്തിന്റെ ഈ ഉയർന്ന നിരക്കിന് കാരണമായിട്ടുണ്ട്. കൊറോണ വൈറസ് കുടുംബത്തിലെ മൂന്നു വൈറസുകൾ ഇപ്പോൾ തന്നെ സാധാരണ ജലദോഷത്തിന് കാരണക്കാരാണ് എന്ന് നമുക്കറിയാം. 2002ൽ വന്ന SARS Covi 1 നെ നമ്മൾ മറന്നു .പിന്നെ 2012ലെ MERS ഇപ്പോഴും അവയെ നാം പിന്തുടരാറുണ്ട്. ഇപ്പോഴത്തെ സ്ഥിതിക്ക് കോവിഡ് വൈറസിന് (SARS Covi 2) മൂന്ന് മാർഗങ്ങളുണ്ട്. ഒന്നുകിൽ Covi 1 നെപ്പോലെ അപ്രത്യക്ഷമാകാം, അല്ലെങ്കിൽ MERS നെ പോലെ പിടിച്ചുനിൽക്കാം അതുമല്ലെങ്കിൽ ഒരു സാധാ ജലദോഷ വൈറസ് ആയി തരം- താഴാം.ഏതെന്ന് കാലമാണ് തെളിയിക്കേണ്ടത്. ഏതായാലും കോവിഡ് വൈറസ് ഇവിടെ തന്നെ കാണും.
1918ലെ ഇൻഫ്ലുവൻസ മഹാമാരിയുടെ വൈറസ് ഇപ്പോഴും നിലവിലുണ്ട്. 100 വർഷത്തിനിടയ്ക്ക് അതിനെ ജനിതക മാറ്റങ്ങൾ സംഭവിക്കുകയും, വകഭേദങ്ങൾ ഉണ്ടാവുകയും, സീസണലാവുകയും ചെയ്തു. മാത്രമല്ല ഇടയ്ക്ക് 1958ലും,68ലും എപ്പിഡെമിക് ആയി പടർന്നു പിടിക്കുകയും ചെയ്തു. പിന്നെ പലപ്പോഴും സീസണൽ ഫ്ലുവായി ഇപ്പോഴും തുടരുന്നുണ്ട്. ഒരുപക്ഷേ കോവിഡ് വൈറസും ഇതേ പാത തുടരുവാനുള്ള സാധ്യതകളും തള്ളിക്കളയാൻ ആവില്ല.
ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോവിഡ് രോഗം ഒരു പൊതുജന രോഗപ്രശ്നം എന്നതിൽ നിന്നും മാറി വ്യക്തികത പ്രശ്നമായി കൊണ്ടിരിക്കുകയാണ് എന്ന് എപ്പിഡെമിയോളജസ്റ്റുകൾ അഭിപ്രായപ്പെടുന്നു.
കാരണം കഴിഞ്ഞ രണ്ടു വർഷത്തിനിടയ്ക്ക് നല്ലൊരു ശതമാനം ആളുകൾക്ക് രോഗം വന്നിട്ടായാലും,വാക്സിനേഷൻ മൂലമായാലും ഇമ്മ്യൂണിറ്റി ഉണ്ടായിട്ടുണ്ട്. പ്രായപൂർത്തി ആയവരിൽ 97% പേരും കുറഞ്ഞത് ഒരു ഡോസ് എങ്കിലും വാക്സിൻ എടുത്തിട്ടുണ്ട്. 88% ആൾക്കാർ ഡബിൾ ഡോസും . രോഗത്തെക്കുറിച്ച് കൂടുതൽ അറിവ് നേടിയത് കൊണ്ട് രോഗം വരാനുള്ള സാധ്യത ആർക്കാണ് കൂടുതൽ എന്നും ഇപ്പോൾ വ്യക്തമാണ് .
60 വയസ്സ് കഴിഞ്ഞവരും ,മറ്റ് അനുബന്ധ രോഗങ്ങൾ ഉള്ളവരുമാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. രോഗ ചികിത്സയെക്കുറിച്ചും, പരിചരണത്തെക്കുറിച്ച് മറ്റും 2020 നേക്കാൾ നാം ഏറെ മുന്നോട്ടു പോയിട്ടുണ്ട്.
ഇനിയിപ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന രോഗികളെയും, ആശുപത്രി അഡ്മിഷനുകളെയും ആണ്. കേസുകൾ കൂടുതലുണ്ടാകുന്ന സ്ഥലങ്ങളിൽ ജനിതക പഠനങ്ങളുടെ സഹായത്തോടെ പുതിയ വകഭേദങ്ങളെ പിന്തുടരാം. നാട്ടിലായാലും, ലോകത്തിൽ മൊത്തത്തിൽ ആയാലും കോവിഡ് ബാധ സീറോ ലെവലിലെത്തുന്ന സ്ഥിതി വിദൂരമാണ്. അതുകൊണ്ട് സാമൂഹിക സാമ്പത്തിക രംഗങ്ങളിലെ ഇടപാടുകൾ, സ്കൂളിംഗ് ഇതൊക്കെ സാധാരണഗതിയിലേക്ക് വരുന്നതാവും നല്ലത് . മാസ്ക്കുകളുടെ ഉപയോഗം നിർബന്ധിതമെന്നതിൽ നിന്നും നിയന്ത്രിതം വയോജനങ്ങൾ, അനുബന്ധ രോഗമുള്ളവർ എന്നിവരിലേക്കും വ്യക്തിഗതം എന്ന നിലയിലേക്കും കൊണ്ടുവരാം. മൊത്തത്തിൽ ഇതുവരെ പിന്തുടർന്ന നടപടികളിൽ നിന്നും വ്യത്യസ്തമായ സമീപനമാണ് കോവിഡിനോട് സ്വീകരിക്കേണ്ടത് എന്നാണ്. വിദഗ്ധ മതം. അപകടസാധ്യത കൂടുതലുള്ളവരിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇച്ഛാനുസരണമുള്ള മാസ്ക് ധാരണം, രോഗനിരീക്ഷണങ്ങളുടെ തുടർച്ച ,ജിനോമിക് പഠനങ്ങൾ, പ്രാദേശിക ഡാറ്റകൾ ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കുക. പൊതുജനാരോഗ്യരംഗത്ത് മുൻകാലങ്ങളിൽ പകർച്ചവ്യാധികൾ ക്ക് പ്രത്യേക വാർഡുകളും എന്തിന് പ്രത്യേക ആശുപത്രി സംവിധാനങ്ങളും നിലവിലുണ്ടായിരുന്നു. അതിലേക്ക് ഒരു തിരിച്ചു പോക്കും വേണ്ടിവന്നേക്കും .ഇതിലൂടെയൊക്കെ നമുക്ക് കോവിഡിനൊപ്പം ജീവിക്കാൻ പഠിക്കാം.